ഭോപ്പാൽ: കോൺഗ്രസിന്റെ മധ്യപ്രദേശിലെ പോസ്റ്ററുകളിൽ മുന്നറിയിപ്പുമായി ഫോൺപേ. ഭോപ്പാലിൽ ഉടനീളം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ സംബന്ധിച്ചാണ് പരാതി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അഴിമതിയെ കളിയാക്കിയാണ് കോൺഗ്രസ് പോസ്റ്ററുകൾ പതിച്ചത്.
ഫോൺപേ ലോഗോകൾ ഉപയോഗിച്ചാണ് കോൺഗ്രസിന്റെ പോസ്റ്ററുകൾ. മധ്യപ്രദേശിൽ ജോലികൾ നടക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന പറയുന്ന പോസ്റ്ററുകളിൽ ഫോൺപേ ലോഗോക്കൊപ്പം മുഖ്യമന്ത്രിയുടെ ചിത്രവും ക്യൂ ആർ കോഡും നൽകിയിരുന്നു. ഇതിലാണ് കടുത്ത നടപടിയുണ്ടാകുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയത്.
ഫോൺപേയുടെ ലോഗോ മൂന്നാമതൊരാൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. രാഷ്ട്രീയപാർട്ടികൾക്കും അല്ലാത്തവർക്കും ഞങ്ങൾ ലോഗോ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല. ഞങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയുടേയും കാമ്പയിനിന്റേയും ഭാഗമല്ല.
ഫോൺപേയുടെ ലോഗോ ഇത്തരത്തിൽ ഉപയോഗിക്കുന്നത് നിയമനടപടി ക്ഷണിച്ചുവരുത്തുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പിന് മുമ്പ് കർണാടകയിൽ കോൺഗ്രസ് പയറ്റിയ തന്ത്രമാണ് മധ്യപ്രദേശിലും പരീക്ഷിക്കുന്നത്. അവിടെ മുഖ്യമന്ത്രിയുടെ ചിത്രം പ്രിന്റ് ചെയ്ത പോസ്റ്ററുകളിൽ കർണാടകയിൽ 40 ശതമാനം കമീഷനാണെന്നും ആരോപിച്ചിരുന്നു.