ബെംഗളൂരു: ആസിഡ് ആക്രമണ അതിജീവിതയ്ക്ക് സെക്രട്ടറിയേറ്റില്‍ ജോലി നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ വസതിയില്‍ 'ജനതദര്‍ശന്‍' പരിപാടിയിലാണ് നടപടി. എംകോം ബിരുദധാരിയായ യുവതി മാതാപിതാക്കള്‍ക്കള്‍ക്കൊപ്പമാണ് സിദ്ധരാമയ്യയെ കാണാനെത്തിയത്.
യുവതിയുടെ പരാതി കിട്ടിയ ഉടന്‍ സെക്രട്ടറിയേറ്റില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ യുവതിക്ക് ജോലി നല്‍കാന്‍ സിദ്ധരാമയ്യ നിര്‍ദേശിക്കുകയായിരുന്നു. 2022 ഏപ്രില്‍ 28 നാണ് യുവതി ആസിഡ് ആക്രമണത്തിനിരയായത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള തുകയുടെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ്.
ആസിഡ് ആക്രമണിത്തില്‍ യുവതിയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി ശിക്ഷിക്കപ്പെട്ട് ബെംഗ്‌ളൂരു ജയിലില്‍ കഴിയുകയാണ്. സ്വാമിയുടെ വേഷത്തില്‍ തിരുവണ്ണാമലയിലെ ആശ്രമത്തില്‍ ഒളിവില്‍ കഴിയവെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.