മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെയും മാനേജർ ദിഷ സാലിയന്റെയും മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താക്കറെയുടെ അടുത്ത അനുയായി രാഹുൽ കനാൽ. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം.
‘‘സുശാന്ത് സിങ് രജ്പുത്ത്, ദിഷ സാലിയൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിലാണ് ഞാൻ നിങ്ങൾക്കൊപ്പം വന്നതെന്ന് നാളെ ആളുകൾ പറഞ്ഞേക്കാം. അതുകൊണ്ട് ഈ കേസുകൾ ഏറ്റവും കാര്യക്ഷമമായിത്തന്നെ അന്വേഷിക്കണമെന്ന് ഞാൻ നിങ്ങളോട് കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു’ – ഏക്നാഥ് ഷിൻഡെ, ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ, മറ്റ് എംഎൽഎമാർ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുമ്പോൾ രാഹുൽ പറഞ്ഞു.
‘‘ഈ കേസുകളിൽ എനിക്ക് എന്തെങ്കിലും പങ്കാളിത്തമുള്ളതായി തെളിഞ്ഞാൽ നിങ്ങൾക്കെന്നെ ചെരിപ്പൂരി അടിക്കാം. ഈ കേസുകളിൽ വിശദമായ അന്വേഷണം നടക്കണം. ഇതിനായി ഞാൻ എവിടെയും പോകാൻ തയാറാണ്. എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാനും ഞാൻ തയാർ’ – രാഹുൽ പറഞ്ഞു.
തനിക്ക് പാർട്ടിയിൽ നിന്ന് വലിയ ലാഭമുണ്ടായതായാണ് പലരും പറയുന്നതെന്ന് രാഹുൽ കനാൽ ചൂണ്ടിക്കാട്ടി. ‘ജനങ്ങൾ പറയുന്നത് നൂറു ശതമാനം ശരിയാണ്. പക്ഷേ, എനിക്കുണ്ടായ ലാഭത്തിന്റെ ആയിരം മടങ്ങ് ഞാൻ പാർട്ടിക്കു തിരികെ നൽകിയിട്ടുണ്ട്.’– കനാൽ പറഞ്ഞു.
അതേസമയം, സുശാന്ത് സിങ്ങിന്റെയും ദിഷയുടെയും മരണത്തിൽ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്ന് ഏക്നാഥ് ഷിൻഡേ പ്രതികരിച്ചു. ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോഴും മൊഴി രേഖപ്പെടുത്തുകയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നേരത്തെ പ്രതികരിച്ചിരുന്നു. സുശാന്ത് സിങ് മരിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം മുംബൈ മലാഡിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടിയാണ് ഇരുപത്തെട്ടുകാരിയായ സാലിയൻ ജീവനൊടുക്കിയത്.