കൊൽക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമം നടക്കുന്ന ബംഗാളിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ബൻകിം ഹൻസദയാണു കൊല്ലപ്പെട്ടത്.
പുരുലിയ ജില്ലയിലെ ബോഡോ പ്രദേശത്തുനിന്നുള്ള ബിജെപി നേതാവാണ് ബൻകിം ഹൻസദ. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കേസിൽ അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് മാൽഡ ജില്ലയിൽ ഒരു തൃണമൂൽ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ രൂക്ഷഭാഷയിൽ ഗവർണർ സി.വി. ആനന്ദബോസ് വിമർശിച്ചു. സംസ്ഥാനത്ത് അക്രമം നടന്ന വിവിധ സ്ഥലങ്ങൾ ഗവർണർ സന്ദർശിച്ചു. അക്രമങ്ങളെ രാഷ്ട്രീയ കൊലപാതകങ്ങളെന്നു വിശേഷിപ്പിക്കാമെന്നു ഗവർണർ പറഞ്ഞു. സംസ്ഥാനത്തു ജൂലൈ എട്ടിനു ഒറ്റഘട്ടമായാണു തിരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 11നാണു വോട്ടെണ്ണൽ.