മുംബൈ: എൻസിപി പിളർത്തി മഹാരാഷ്ട്രയിൽ ബിജെപി–ഷിൻഡെ സർക്കാരിന്റെ ഭാഗമായ അജിത് പവാറിനു മുന്നറിയിപ്പുമായി ശരദ് പവാർ. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്കൊപ്പം ചേർന്നവരുടെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ശരദ് പവാർ അജിത്തിനു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പഞ്ചാബിൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച അകാലി ദൾ, ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയു തുടങ്ങിയവരൊന്നും ഇപ്പോൾ അവർക്കൊപ്പമില്ലെന്ന് ശരദ് പവാർ ചൂണ്ടിക്കാട്ടി. നാഗാലാൻഡിൽ എൻസിപി എംഎൽമാർ ബിജെപിയെ പിന്തുണയ്‌ക്കുന്നതിന്റെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
‘‘ബിജെപിക്കൊപ്പം പോയവരുടെ ചരിത്രം ഒന്നു പരിശോധിക്കൂ. പഞ്ചാബിൽ അകാലി ദൾ അവർക്കൊപ്പം സർക്കാർ രൂപീകരിച്ചു. ഇപ്പോൾ അകാലി ദളിന് അധികാരമില്ല. തെലങ്കാനയിലും ആന്ധ്രപ്രദേശിലും സമാനമായ കാര്യങ്ങളാണ് നടന്നത്. ബിഹാറിൽ നിതീഷ് കുമാറിനും പുറത്തു പോകേണ്ടി വന്നു. സർക്കാർ രൂപീകരിക്കാൻ പിന്തുണയ്ക്കുന്ന പാർട്ടികളെ നശിപ്പിച്ച ചരിത്രമാണ് ബിജെപിക്കുള്ളത്’ – ശരദ് പവാർ പറഞ്ഞു.
ശിവസേനയ്‌ക്കൊപ്പം പോകാമെങ്കിൽ എന്തുകൊണ്ട് ബിജെപിയെ പിന്തുണച്ചുകൂടാ എന്ന വിമത നേതാക്കളുടെ ചോദ്യത്തോടും ശരദ് പവാർ പ്രതികരിച്ചു.
‘ശരിയാണ്. ശിവസേനയും ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണ്. പക്ഷേ, ബിജെപിയുമായി അവർക്കൊരു വ്യത്യാസമുണ്ട്. എല്ലാവരെയും ചേർത്തുപിടിക്കുന്ന പ്രത്യയശാസ്ത്രമാണ് ശിവസേനയുടേത്. ബിജെപിയുടെ ഹിന്ദുത്വവാദം വിഭജനത്തിന്റേതാണ്. അത് തികച്ചും വിഷലിപ്തവും അപകടകരവുമാണ്. ആളുകളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കുന്നവർക്ക് ഈ രാജ്യത്തെ സ്നേഹിക്കാനാകില്ല. അതുകൊണ്ടാണ് ബിജെപിയെ പിന്തുണയ്ക്കാൻ നിർവാഹമില്ലാത്തത്’ – ശരദ് പവാർ പറഞ്ഞു.
നാഗാലൻഡിൽ ബിജെപിയെ പിന്തുണയ്ക്കുന്നത് തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലാണെന്നും പവാർ ചൂണ്ടിക്കാട്ടി. ‘‘നാഗാലൻഡിൽ നമ്മുടെ ഏഴ് എംഎൽഎമാരും ബിജെപിക്കൊപ്പമാണ്. ചൈനയും പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയിൽ നാഗാലൻഡിൽ നമുക്ക് വ്യത്യസ്തമായ നിലപാടെടുക്കേണ്ടി വരും. രാജ്യത്തിന്റെ നൻമയ്ക്കു വേണ്ടിയാണ് അവിടെ നമ്മൾ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നത്. മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പം ചേർന്ന നേതാക്കളുടെ തീരുമാനം അംഗീകരിക്കാനാകില്ല’ – പവാർ പറഞ്ഞു.
എത്ര എംഎൽഎമാർ കൂടെയുണ്ടെന്നത് തനിക്ക് പ്രശ്നമല്ലെന്നും ശരദ് പവാർ വിശദീകരിച്ചു. ‘‘ഓരോരുത്തർക്കുമൊപ്പം എത്ര എംഎൽഎമാരുണ്ട് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. ഞാൻ അതിന് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല. മുൻപ് എനിക്കൊപ്പം 68 എംഎൽഎമാരുണ്ടായിരുന്നു. ഇടക്കാലത്ത് അതിൽ 62 പേരും എന്നെ വിട്ടുപോയി. അന്ന് ഒപ്പമുണ്ടായിരുന്നത് ആറു പേർ മാത്രം. പിന്നീട് തിരഞ്ഞെടുപ്പ് നടന്നപ്പോൾ വിട്ടുപോയവരിൽ ജയിച്ചുകയറിയത് നാലു പേർ മാത്രമാണ്. അന്ന് പുതിയ ആളുകളെ നിർത്തിയാണ് നമ്മൾ ജയിച്ചത്’ – ശരദ് പവാർ ചൂണ്ടിക്കാട്ടി.
‘എൻസിപിയുടെ ചിഹ്നം ആരെങ്കിലും കൊണ്ടുപോകുമെന്ന് ആശങ്ക വേണ്ട. പാർട്ടി ചിഹ്‍നം നമുക്കൊപ്പം തന്നെയുണ്ടാകും. അത് ഒരിടത്തും പോകില്ല. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന പ്രവർത്തകരുണ്ടെങ്കിൽ ഒരു ആശങ്കയും വേണ്ട. ഞാൻ പല ചിഹ്നങ്ങളിലും മത്സരിച്ച് ജയിച്ചിട്ടുണ്ട്’ – ശരദ് പവാർ പറഞ്ഞു.