ഡൽഹി : എഐസിസി തലപ്പത്ത് ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കാൻ കൂടിയാലോചനകൾ ശക്തം. ഇതുപ്രകാരം മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ എഐസിസി സെക്രട്ടറി ആയി നിയമിച്ചേക്കും. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കർണാടക ഊർജ മന്ത്രിയും മലയാളിയും മുതിർന്ന നേതാവുമായ കെ.ജെ ജോർജിനെ കൊണ്ടുവരാനും നീക്കമുണ്ട്.
പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താൻ ക്രൈസ്തവ വിഭാഗത്തിൽ നിന്നും മറ്റു മുതിർന്ന നേതാക്കൾ ഇല്ലാത്ത സാഹചര്യത്തിലാണ് കർണാടകയിൽ നിന്നും 75 കാരനായ ജോർജിനെ ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. നേരത്തെ കേരളത്തിൽ നിന്നുള്ള എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രവർത്തക സമിതി അംഗങ്ങളായിരുന്നു. ഇരുവരും പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സമിതിയിൽ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കുകയാണ് കോൺഗ്രസിന്റെ ലക്‌ഷ്യം. ഉമ്മൻ ചാണ്ടി ദേശീയ നേതൃത്വത്തിൽ നിന്നുള്ള ചുമതല ഒഴിയുമ്പോൾ പകരം ചാണ്ടി ഉമ്മനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന നിർദേശം മുന്നോട്ടു വച്ചതും എ ഗ്രൂപ്പിലെ ഒരു വിഭാഗമാണ്.
നിലവിൽ കേരളത്തിൽ നിന്നുള്ള യുവനേതാക്കളിൽ പി സി വിഷ്ണുനാഥും റോജി എം ജോണും എഐസി സി സെക്രട്ടറിമാരാണ്. റോജിയ്ക്ക് മുൻപ് എൻ.എസ്.യു അധ്യക്ഷനായ ഹൈബി ഈഡൻ ദേശീയ തലത്തിൽ പാർട്ടി ചുമതല ആഗ്രഹിച്ചിരുന്നെങ്കിലും ഹൈബിയെ ഇതുവരെ പരിഗണിച്ചിട്ടില്ല. അതിൽ ഹൈബിക്ക് അതൃപ്തിയുമുണ്ട്.
വർക്കിങ് കമ്മിറ്റിയിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കാൻ രാഹുൽ ഗാന്ധി നിർദേശിച്ചാൽ മുൻ എൻ.എസ്.യു അധ്യക്ഷൻ, എം.എൽ.എ, എംപി എന്നീ പദവികൾ വഹിച്ച യുവ നേതാവ് എന്ന നിലയിൽ ഹൈബിക്ക് സാധ്യത കല്പിക്കപ്പെടുന്നുണ്ട്. പക്ഷെ കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യം ആനുപാതികത്തിൽ അധികമാകും എന്നത് ഹൈബിക്ക് തിരിച്ചടിയായേക്കും.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയ കെ സി വേണുഗോപാൽ ഇതിനോടകം വർക്കിങ് കമ്മിറ്റിയിൽ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയെ മാറ്റി നിർത്താൻ കഴിയില്ല. കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിൽ മല്ലികാർജുന ഗാർഗെയോട് മികച്ച മത്സരം കാഴ്ചവച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അത് മറ്റു പ്രത്യാഘാദങ്ങൾ സൃഷ്ടിക്കും എന്നുറപ്പാണ്.
അങ്ങനെ വന്നാൽ കേരളത്തിന്റെ പ്രാതിനിധ്യം മുൻ തവണത്തെപോലെ തന്നെ മൂന്നാകും. അതിനൊപ്പം ഒരാളെ കൂടി കേരളത്തിൽ നിന്നും പരിഗണിക്കുക അസാധ്യമാണ്. അതിനാലാണ് ക്രൈസ്തവ - യുവ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുമെങ്കിലും ഹൈബി ഈഡനും ആന്റോ ആന്റണിക്കുമൊക്കെ വഴി അടയുന്നത്. ക്രൈസ്തവ പ്രാതിനിധ്യത്തിന്റെ പേരില്‍ ലിസ്റ്റില്‍ കേറിക്കൂടാന്‍ ആന്റോ ആന്റണി എംപി സജീവമായ നീക്കം നടത്തിയിരുന്നു.
ഇവർക്ക് പുറമെ കെ മുരളീധരനും പിന്നോക്ക പ്രാതിനിധ്യത്തിന്റെ പേരിൽ കൊടിക്കുന്നിൽ സുരേഷുമൊക്കെ പ്രവർത്തക സമിതിയിൽ പ്രതീക്ഷ അർപ്പിക്കുന്ന നേതാക്കളാണ്.