കര്‍ണാടകയില്‍ ഒന്‍പതു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേര്‍ അറസ്റ്റില്‍

New Update

publive-image

കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഒന്‍പതു വയസ്സുകാരിയെ ചോക്ലേറ്റ് നല്‍കാമെന്നു പറഞ്ഞ് കൂട്ടബലാത്സംഗം ചെയ്തു. കലബുര്‍ഗി മഹിള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത നാലുപേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിചേര്‍ക്കപ്പെട്ട അഞ്ചാമനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി.

Advertisment

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ അടുത്തുള്ള വീടിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂളില്‍നിന്ന് എത്തിയ കുട്ടി വീടിനു പുറത്തുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അവളെ ഭീഷണിപ്പെടുത്തി.

വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അമ്മ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി നാലു പ്രതികളെയും കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം നടന്ന ഉടന്‍ തന്നെ അവിടെ നിന്നും ഓടിരക്ഷപ്പെട്ട അഞ്ചാമനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാനിയമം 366A, 376(G), 506 എന്നീവകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ക്കെതിരെ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment