ഇംഫാൽ: മണിപ്പുർ കലാപം സ്റ്റേറ്റ് സ്പോൺസേർഡെന്ന് ആരോപിച്ച സിപിഐ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ആനി രാജയ്ക്കും മറ്റു രണ്ടുപേർക്കുമെതിരെ കേസെടുത്തു. എസ് ലിബൻ സിങ് എന്നയാളുടെ പരാതിയിൽ ഇംഫാൽ പൊലീസാണു കേസെടുത്തത്. ജൂലൈ എട്ടിനാണു കേസെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ച് സർക്കാരിനെ അട്ടിമറിക്കാനാണു ശ്രമമെന്നാണു പരാതിയിൽ പറയുന്നത്.
/sathyam/media/post_attachments/wO5q8ly28L0G7rhjD888.jpg)
ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമന്റെ വസ്തുതാന്വേഷണ സമിതി അംഗങ്ങളായ ആനി രാജ, നിഷ സിദ്ദു, ദീക്ഷ ദിവേദി എന്നിവർക്കെതിരെയാണു കേസ്. ജൂൺ 28 മുതൽ ജൂലൈ 1 വരെ വസ്തുതാന്വേഷണ സമിതി മണിപ്പുർ സന്ദർശിച്ചിരുന്നു. ജൂലൈ 2 നു നടന്ന പ്രസ് കോൺഫറൻസിൽ മണിപ്പുരിൽ നടക്കുന്നതു വർഗീയ കലാപമല്ലെന്നും മറിച്ചു സ്റ്റേറ്റ് സ്പോൺസേർഡ് ആണെന്നുമായിരുന്നു ഇവരുടെ ആരോപണം.
മണിപ്പുർ കലാപത്തിൽ ഇതുവരെ 142 പേർ കൊല്ലപ്പെട്ടതായാണു സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകളിലുള്ളത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ചുരാചന്ദ്പുർ ജില്ലകളിലാണു കൂടുതൽ മരണം റിപ്പോർട്ടു ചെയ്യപ്പെട്ടതെന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സുപ്രീംകോടതിയുടെ ജൂലൈ 3ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണിപ്പുർ ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് റിപ്പോർട്ട് നൽകിയത്.