‘ജോക്കർ ഫെലിക്സ്’: ബെംഗളൂരു നഗരത്തെ നടുക്കി മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടു പേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബെംഗളൂരു: നഗരത്തെ നടുക്കി മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടു പേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വാളുകൊണ്ടു വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു ചൊവ്വാഴ്ച വൈകിട്ട് മുൻ ജീവനക്കാരൻ ജെ.ഫെലിക്സ് വെട്ടിക്കൊന്നത്. ഫെലിക്സിനെയും മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Advertisment

publive-image

ടിക് ടോക് താരമായ ഫെലിക്സിനു ‘ജോക്കർ ഫെലിക്സ്’ എന്നാണു സമൂഹമാധ്യമങ്ങളിലെ വിശേഷണം. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽപ്പോയിരുന്നു. മുഖത്തു ടാറ്റൂ ചെയ്ത്, മുടിയിൽ ചായം പൂശി, കാതിൽ സ്വർണകമ്മലിട്ട്, മഞ്ഞക്കണ്ണട ധരിച്ചുള്ള ഫെലിക്സിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഇയാൾ എയറോണിക്സിലെ ജോലി അവസാനിപ്പിച്ചത്.

ദേഹമാകെ ചായം പൂശി, കണ്ണുകളിൽ കറുത്ത നിറവും വായയിൽ രക്തനിറവും വരച്ചുചേർത്ത് ‘ജോക്കർ’ ശൈലിയിലുള്ള ചിത്രം ഇയാൾ പങ്കുവച്ചിരുന്നു. തന്റെ ബിസിനസിനു വലിയ വെല്ലുവിളിയാകുമെന്നു മനസ്സിലായതോടെ എയറോണിക്സ് എംഡി ഫണീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിട്ടിരുന്നതായാണു സൂചന. ഇൻസ്റ്റഗ്രാമിലും സജീവമായിരുന്ന ഫെലിക്സ്, കൊലപാതകത്തിന് 9 മണിക്കൂർ മുൻപ് ഇതേപ്പറ്റി ഇൻസ്റ്റ സ്റ്റോറിയിൽ സൂചന നൽകി.

‘‘ഈ ഭൂമിയിലെ മനുഷ്യർ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാൽ, ഈ ഗ്രഹ മനുഷ്യരെ ഞാൻ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമെ ഞാൻ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല’’ എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്. താൻ റാപ്പർ ആണെന്നാണ് ഇയാൾ ഇൻസ്റ്റയിൽ പറയുന്നത്. ഫെലിക്സ് തനിച്ചല്ല ഐടി കമ്പനിയിൽ വന്നതെന്നു പൊലീസ് പറഞ്ഞു. മൂന്നു പേർ കൂടെയുണ്ടായിരുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലായി ജോലി ചെയ്തിരുന്ന എംഡിയെയും സിഇഒയെയും വാളും കത്തിയും ഉപയോഗിച്ച് ഇവർ വെട്ടുകയും കുത്തുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ ആക്രമിസംഘം കടന്നുകളഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിലായിരുന്നു അതിക്രമം. ഒരു വർഷം മുൻപാണ് എയ്റോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്റോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുണ്ട്.

Advertisment