ഡൽഹി: രാജസ്ഥാനിലെ കോണ്ഗ്രസ് നേതാവായ സച്ചിന് പൈലറ്റ് പാർട്ടി വിടുമെന്നത് വ്യാജപ്രചരണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് കിംവദന്തി മാത്രമാണെന്നും ഇത്തരം ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. കൂടാതെ, പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ സച്ചിൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം വേണുഗോപാൽ പാടെ നിഷേധിച്ചു. കിംവദന്തികളിലും ഊഹാപോഹങ്ങളിലും വിശ്വസിക്കരുതെന്നും ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ കാണണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനെ പാർട്ടി ഐക്യത്തോടെ നേരിടും. കോൺഗ്രസ് ഇപ്പോൾ ഒറ്റക്കെട്ടാണ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പൈലറ്റ്, ഗെഹ്ലോട്ട് എന്നിവരുമായി ചർച്ച നടത്തി ഐക്യം ഉറപ്പാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.