Advertisment

മൂന്ന് സംസ്ഥാനങ്ങളിലെ ഗവർണർമാരെ പങ്കെടുപ്പിച്ച് ഗോവയിൽ ചക്കമഹോത്സവം നടത്താൻ ശ്രീധരൻപിള്ള. രാജ്ഭവനിൽ പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള പ്ലാവിൻതോട്ടത്തിൽ വിളവെടുപ്പും ആഘോഷവും. ചക്ക പ്രദർശനം, ചക്ക സദ്യ, ചക്ക സെമിനാർ... ചക്ക രാഷ്ട്രീയവുമായി പിള്ള. കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്ക ഗോവയിൽ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപനം. ചക്ക നയതന്ത്രം പിള്ളയെ കേന്ദ്രമന്ത്രിസഭയിലെത്തിക്കുമോ?

New Update

publive-image

Advertisment

പനാജി: കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്ക ഗോവയിൽ വ്യാപിപ്പിക്കാൻ ഗവർണർ ശ്രീധരൻപിള്ള രംഗത്തിറങ്ങിയിരിക്കുകയാണ്. ടൂറിസത്തിന്റെ നാടായ ഗോവയിൽ പ്ലാവ് കൃഷിയുടെ വ്യാപനവും ചക്കയുടെ ഉപയോഗവും കൂട്ടാൻ പദ്ധതികൾ നടപ്പാക്കുകയാണ് രാജ്ഭവൻ. ഇതിന്റെ ഭാഗമായി നടത്തുന്ന ചക്ക മഹോത്സവത്തിൽ (ജാക്ക്ഫ്രൂട്ട് ഫെസ്റ്റിവൽ) മൂന്ന് സംസ്ഥാനങ്ങളിലെ ഗവ‌ർണർമാരാണ് പങ്കെടുക്കുന്നത്. ഗോവയിൽ ഗവർണർ ശ്രീധരൻ പിള്ള നടത്തുന്ന ചക്ക നയതന്ത്രത്തെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ഈ നീക്കങ്ങൾ പിള്ളയെ കേന്ദ്രമന്ത്രിസഭയിൽ എത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

ഗവർണർ ആയി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരിൽ പ്ലാവിൻതോട്ടം വച്ചുപിടിപ്പിക്കുകയാണ് പിള്ള ചെയ്തത്. പ്രധാനമന്ത്രിയുടെ എഴുപത്തിയൊന്നാം പിറന്നാൾ ഗോവ രാജ്ഭവൻ ആഘോഷിച്ചത് രാജ്ഭവനിലെ പ്ലാവിൻതോട്ടത്തിൽ 71 പ്ലാവിൻ തൈകൾ നട്ട് കൊണ്ടാണ്. 2021 സെപ്തംബ‌ർ 17നായിരുന്നു ഇത്. ഗോവ രാജ്ഭവനിലെ ഈ പരിപാടി ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. പ്രധാനമന്ത്രിയടക്കം അന്ന് ഗവർണർ ശ്രീധരൻ പിള്ളയെ അഭിനന്ദിച്ചു. അന്ന് ഉദ്ഘാടനം ചെയ്ത ചക്ക ഗാർഡനിലെ 7 പ്ലാവുകൾ 18മാസം കൊണ്ട് കായ്ചു. ശനിയാഴ്ച ഈ ചക്കത്തോട്ടത്തിൽ വിളവെടുപ്പ് ആഘോഷമാണ്.

സംഗതി ചില്ലറക്കാര്യമല്ല. ചക്ക വിളവെടുപ്പിനു പുറമെ പ്ലാവിൻ തൈകൾ നടീൽ, കർഷകർക്ക് തൈ വിതരണം, സെമിനാറുകൾ, ചക്ക ഉൽപന്നങ്ങളുടെ പ്രദർശനം, ചക്ക വിഭവങ്ങളടങ്ങുന്ന സദ്യ എന്നിവ നടത്തും. ചക്ക മഹോൽസവത്തിൽ മൂന്ന് ഗവർണർമാർ പങ്കെടുക്കും. ഗോവ രാജ്ഭവൻ, കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പ്രഥമ ജാക്ക് ഫ്രൂട്ട് ഫെസ്റ്റിവൽ 10ന് ഉച്ചയ്ക്ക് 12ന് തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദർരാജൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും. ബീഹാർ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യാതിഥി ആയിരിക്കും. ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാഡർ, ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഹരിലാൽ മേനോൻ, ജോർജ് കുളങ്ങര എന്നിവർ പ്രസംഗിക്കും. പുതിയ രാജ്ഭവന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വെട്ടിമാറ്റിയ പതിനേഴ് മരങ്ങൾക്ക് പകരം 17 വൃക്ഷത്തൈകൾ ബീഹാർ ഗവർണർ നടും. രാജ്ഭവൻ ദർബാർ ഹാളിൽ വിവിധതരം ചക്ക ഉൽപ്പന്നങ്ങളുടെ പ്രദർശനവുമുണ്ടായിരിക്കും.

പൗരാണിക ഗ്രന്ഥങ്ങൾ ദേവവൃക്ഷ ഗണത്തിൽ പെടുത്തിയ പ്ലാവ് കേരളത്തിന്റെ സംസ്ഥാന ഫലവും ഗോവയുടെ സംസ്ക്കാരവും പാരമ്പര്യവും പേറുന്ന ശ്രദ്ധേയമായ ഫലവുമാണ്. ഔഷധ ഗുണങ്ങളും സമ്പുഷ്ടിയുമുള്ള ആഹാരമായി ചക്ക ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കയാണ്. ഗോവയിൽ പ്ലാവ് കൃഷിയുടെ വ്യാപനവും ചക്കയുടെ ഉപഭോഗവും ഉയർത്തിക്കൊണ്ട് വരാനാണ് രാജ്ഭവൻ ചക്കമഹോൽസവത്തിലൂടെ ലക്ഷ്യമിടുന്നത്- രാജ്ഭവൻ വ്യക്തമാക്കി.

Advertisment