Advertisment

കെ.എം ബഷീറിനൊരു കാന്തപുരമെങ്കിലും ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്കോ ? തളര്‍ന്ന കാലുമായി കൊല്ലത്തൊരു ഉണ്ണിത്താന്‍ (വിബി) ദിനങ്ങള്‍ തള്ളിനീക്കുന്നുണ്ട്. വർഷങ്ങളായി കാണാതായ സോണി എം ഭട്ടതിരിപ്പാടിന്റെ മുഖം നമ്മെ നോക്കി ചിരിക്കുന്നുണ്ട്. അതായത് സര്‍ക്കാര്‍ ഉണരണമെങ്കില്‍ ജാതി-മത നേതാക്കള്‍ കണ്ണുരുട്ടണമെന്നര്‍ത്ഥം. വോട്ടു ബാങ്ക് ആണത്. ആയിക്കോട്ടെ. പക്ഷെ അതിനൊപ്പം നിര്‍ഭയ രാഷ്ട്രീയവും ആരെയും ഭയമില്ലെന്ന ഹുങ്കും കേള്‍ക്കുമ്പോഴാണ് മനംപുരട്ടുന്നത് - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

പത്രലോകത്തെ സൗമ്യതയുടെ പ്രതീകമായിരുന്നു കെ.എം ബഷീര്‍ എന്ന സിറാജിന്‍റെ ബ്യൂറോ ചീഫ്. തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊക്കെ അനുജനായിരുന്നു ബഷീര്‍. എന്തിനും ഒപ്പമുണ്ടാകും. ഒരു 'വൈസസും' ഇല്ലാത്ത സ്നേഹസമ്പന്നന്‍. നല്ലതു മാത്രമേ എല്ലാവര്‍ക്കും ബഷീറിനെക്കുറിച്ചോര്‍ക്കാനുള്ളു.

ഞാന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്‍റായിരുന്നപ്പോള്‍ (2016) എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉല്‍സാഹിയായി ബഷീര്‍ ഒപ്പമുണ്ടായിരുന്നതോര്‍ക്കുന്നു. ഓഗസ്റ്റ് 4 ന് ബഷീര്‍ അനുസ്മരണം പത്രപ്രവര്‍ത്തക യൂണിയന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്നു. മരണത്തിന്‍റെ (കൊലപാതകത്തിന്‍റെ) മൂന്നാം വാര്‍ഷിക ദിനമായിരുന്നു ഈ കഴിഞ്ഞ ഓഗസ്റ്റ് 3.

2019 ഓഗസ്റ്റ് 3 ന് വെളുപ്പിന് ബഷീര്‍ സഞ്ചരിച്ച ബൈക്കില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ് ഓഫീസര്‍ സുഹൃത്ത് വഫാ എന്ന യുവതിക്കൊപ്പം യാത്രചെയ്ത കാര്‍ കൊണ്ട് ഇടിച്ചാണ് ബഷീറിനെ കൊലപ്പെടുത്തിയത്.

ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നില്ല എന്നു മാത്രമാണ് ശ്രീറാമിന് അനുകൂലമായി നില്‍ക്കുന്ന ഏക ഘടകം. മറ്റെല്ലാം ഒരു കൊലപാതകത്തിന്‍റെ പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ശ്രീറാമിനെ അര്‍ഹനാക്കുന്നു.

അപകടശേഷം നടന്ന നാടകങ്ങള്‍ മറക്കാറായിട്ടില്ല. അപകടം നടന്നേറെ വൈകാതെ സുരേഷ് വെള്ളിമംഗലം, നിസാര്‍ (വീക്ഷണം), സൈഫുദീന്‍ (സിറാജ്) എന്നിവര്‍ അവിടെ ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ബഷീറിനെ പ്രതിയാക്കി പോലീസ് കേസ് ചാര്‍ജ് ചെയ്യുമായിരുന്നു.


ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നടത്തിയ കുറ്റകൃത്യത്തിന് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടത് സാമാന്യ നീതിയാണ്.


മദ്യം ഉപയോഗിച്ചോ എന്ന പരിശോധന പോലും വേണ്ടെന്ന് വെക്കുകയും ലോകത്തിലില്ലാത്ത രോഗത്തിന്‍റെ പേരു പറഞ്ഞു മണിക്കൂറുകള്‍ ജയിലിനു പുറത്ത് ആംബുലന്‍സില്‍ കിടത്തുകയും ചെയ്ത അസംബന്ധ നാടകവും ഇവിടെ അരങ്ങേറി.

ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കിയപ്പോഴാണ് വീണ്ടും പ്രതിഷേധം കത്തിക്കാളിയത്. ശിക്ഷിക്കാത്തിടത്തോളം ശ്രീറാം കുറ്റവാളിയാകുന്നില്ല. കുറ്റാരോപിതന്‍ മാത്രം. എന്നാല്‍ ശ്രീറാമിനെ കളക്ടറാക്കിയപ്പോള്‍ പത്രക്കാര്‍ പ്രതിഷേധിക്കുക സ്വാഭാവികം.

അതിലൊന്നും കുലുങ്ങാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. "സ്വാഭാവികമായി നിയമപരമായി ലഭിക്കേണ്ട നിയമനം നല്‍കി. കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകും" - മുഖ്യമന്ത്രിയുടെ പതിവു ശൈലിയിലുള്ള മറുപടിയെ ചോദ്യം ചെയ്യാന്‍ ആ പത്രസമ്മേളനത്തില്‍ ആര്‍ക്കും നട്ടെല്ലുണ്ടായില്ല.


അടുത്ത കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന വിലയിടിവ് നന്നായി മനസിലാക്കുന്ന ഭരണാധികാരിയാണ് പിണറായി.


രണ്ടു ദിവസത്തേക്കു ചില പ്രസ്താവനാ പ്രതിഷേധങ്ങളിലും ചില്ലറ പ്രകടനങ്ങളിലും പത്രക്കാരുടെ പ്രതിഷേധം ഒതുങ്ങി. അതിനേ ആവുകയുള്ളു എന്ന സത്യം സത്യമായി അവശേഷിക്കുന്നു.

ജൂലൈ 31ന് ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്തുനിന്നും നീക്കി സിവില്‍ സപ്ലെയ്സ് ജനറല്‍ മാനേജരാക്കി. ജൂലൈ 24 ന് കളക്ടറായി നിയമിക്കുകയും 26 ന് ചുമതലയേല്‍ക്കുകയും ചെയ്ത ശ്രീറാമിനെയാണ് ഒരാഴ്ചയ്ക്കകം നീക്കം ചെയ്തത്.

കേരള മുസ്ലിം ജുമാഅത്ത് സുന്നി വിഭാഗം മേധാവി കാന്തപുരം എ.പി. അബൂബെക്കര്‍ മുസലിയാറിന്‍റെ നേതൃത്വത്തില്‍ ജൂലൈ 30 ന് ആയിരങ്ങള്‍ പങ്കെടുത്ത കളക്ടറേറ്റ് മാര്‍ച്ചാണ് മലപ്പുറത്ത് സംഘടിപ്പിച്ചത്. സ്വന്തം മുഖപത്രത്തിന്‍റെ ബ്യൂറോ ചീഫിനു സംഭവിച്ച ദുരന്തത്തില്‍ പ്രതിഷേധിക്കുക സ്വാഭാവികം.


പത്രപ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തൃണവല്‍ഗണിച്ച സര്‍ക്കാര്‍ സുന്നി വിഭാഗത്തിന്‍റെ പതിനായിരങ്ങള്‍ക്കു മുമ്പില്‍ അടിയറവു പറഞ്ഞു എന്നതാണു വസ്തുത. പ്രശ്നം വോട്ടുബാങ്കു തന്നെ. പത്രക്കാര്‍ക്കെവിടെ വോട്ട് ബാങ്ക് ?


കാന്തപുരം കഴിഞ്ഞ തെരഞ്ഞെടുപ്പിലും സി.പി.എമ്മിനെ സഹായിച്ചതാണ്. അവര്‍ ഇടഞ്ഞാല്‍ വോട്ടു ചോര്‍ച്ച ഉണ്ടാകുമെന്നുറപ്പിച്ച സി.പി.എമ്മും മുഖ്യമന്ത്രിയും അതു തടയുന്നതിനുള്ള കോണ്‍ക്രീറ്റ് മിക്സിംഗുമായി രംഗത്തുവന്നു എന്നേയുള്ളു.

യു.ഡി.എഫ് ഭരിച്ചപ്പോള്‍ മത നേതാക്കള്‍ക്കു മുമ്പില്‍ ഉമ്മന്‍ ചാണ്ടി കുമ്പിട്ടു നടക്കുന്നതിനെ പരിഹസിച്ചവരാണ് സി.പി.എംകാര്‍. കാന്തപുരത്തിന്‍റെ 'മുഹമ്മദ് നബിയുടെ മുടിയെ' ബോഡിവേസ്റ്റെന്ന് വിശേഷിപ്പിച്ച നേതാവാണ് പിണറായി.

അതായത് ഇപ്പോഴും സര്‍ക്കാര്‍ ഉണരണമെങ്കില്‍ മത-ജാതി നേതാക്കള്‍ കണ്ണുരുട്ടണമെന്നര്‍ത്ഥം. അതോടൊപ്പം നിര്‍ഭയ രാഷ്ട്രീയവും ആരെയും ഭയമില്ലെന്ന ഹുങ്കും കേള്‍ക്കുമ്പോഴാണ് മനംപുരട്ടുന്നത്.

ബഷീറിന് കാന്തപുരമെങ്കിലും ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്കോ ? തളര്‍ന്ന കാലുമായി കൊല്ലത്തൊരു ഉണ്ണിത്താന്‍ (വി ബി) ദിനങ്ങള്‍ തള്ളിനീക്കുന്നുണ്ട്. വർഷങ്ങളായി കാണാതായ മാധ്യമ പ്രവർത്തകൻ സോണി എം ഭട്ടതിരിപ്പാടിന്റെ മുഖം നമ്മെ നോക്കി ചിരിക്കുന്നുണ്ട്.

മരിച്ച മഹാരഥന്മാരേക്കാള്‍ സാര്‍ത്ഥകമായി ബഷീറിന്‍റെ മരണം. കാരണം ഈ കൊലപാതകം കാരണമെങ്കിലും ബഷീര്‍ നിന്നെ ഞങ്ങള്‍ ഓര്‍ക്കുന്നുണ്ട് ..  ഇപ്പോഴും.

  • ഓണററി എഡിറ്റർ
Advertisment