പാലക്കാട് : പാലക്കാട് മരുതറോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് കൊള്ളയടിച്ച ഏഴരക്കിലോയിൽ രണ്ടരക്കിലോയോളം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. പ്രതി നിഖിൽ അശോക് ജോഷി മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ്ണ വ്യാപാരികൾക്ക് വിറ്റതിൽ നിന്നാണ് കളവു മുതൽ വീണ്ടെടുത്തത്. ബാക്കി കൊള്ള മുതലുകൾ വീണ്ടെടുക്കുന്നതിനായി മഹാരാഷ്‌ട്രയിൽ തുടരുകയാണ് അന്വേഷണ സംഘം.
പത്തു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയുമായി അന്വേഷണ സംഘം കഴിഞ്ഞ ആഗസ്റ്റ് 17 നാണ് സത്താറയിലേക്ക് തിരിച്ചത്. കഴിഞ്ഞ ജൂലൈ 24 നാണ് മോഷണം നടന്നത്. മോഷണത്തിന്റെ രീതി അനുസരിച്ച് വിദഗ്‌ദ്ധനായ കള്ളൻ ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോംഗ് റൂമിന്റെ അഴികള്‍ മുറിച്ച് മാറ്റിയാണ് മോഷണം മോഷണം നടത്തിയത്.
ബാങ്കിനുള്ളിലേക്ക് കടക്കാനായി മുന്നിലെ ഗ്ലാസും മുറിച്ചതിനു ശേഷം സ്‌ട്രോംഗ് റൂം തുറക്കുമ്പോള്‍ അലാറം അടിക്കാതിരിക്കാന്‍ അവ നശിപ്പിക്കുകയും ചെയ്തിരുന്നു. സിസിടിവിയുടെ മെമ്മറിയും മോഷണം പോയിരുന്നു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മൂലം ശനിയും ഞായറും ബാങ്ക് തുറക്കാതിരുന്ന സമയത്താണ് മോഷണം നടന്നത്.
തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. നാസിക്, പുണ, സത്താറ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സത്താറയിലുള്ള ഒരു ആഡംബര ഹോട്ടലിൽനിന്നും സാഹസികമായാണ് പ്രതി നിഖിൽ അശോക് ജോഷിയെ പിടികൂടിയത്. ഇയാൾ കേരളത്തിലേക്ക് വന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.