/sathyam/media/post_attachments/Q4Woq2Z6tNRwh9Tk1EOa.jpeg)
പാലക്കാട്: വാഹനാപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. കണ്ടെയ്‌നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.
നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അപകടസ്ഥലത്ത് വെച്ച് തന്നെ അനീഷ മരിച്ചു. ഇന്ന് രാവിലെ 10.30 മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്‌നർ ഇടിക്കുകയായിരുന്നു.
നിർത്തിയിട്ട കണ്ടെയ്‌നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
20 വയസായിരുന്നു. അനീഷയുടെ ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജൂൺ നാലിനായിരുന്നു ഇവരുടെ വിവാഹം.