/sathyam/media/post_attachments/Wm21hEFBk1hKGxqQnfHz.jpg)
പാലക്കാട്: മണ്ണാർക്കാട് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. 190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ, മലപ്പുറം ഇന്റലിജൻസും മണ്ണാർക്കാട് സർക്കിൾ ആൻഡ് റെയ്ഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട് നിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
കാറിൽ ചെറിയ പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് ഏകദേശം 45 ലക്ഷം രൂപ വില വരുമെന്നും ഹാഷിഷ് ഓയിലിന് ഏകദേശം 20 ലക്ഷം രൂപ വിലവരുമെന്നും എക്സൈസ് സംഘം അറിയിച്ചു. സംഭവത്തിൽ തച്ചനാട്ടുക്കര പാലോട് സ്വദേശികളായ ഷിബു, അബ്ദുൾ സലിം എന്നിവർക്കെതിരെ കേസെടുത്തു.