/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
പാലക്കാട്: സ്പെഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക വിഭാഗത്തിലെ യുവതി യുവാക്കളുടെ ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടെക്കാട്.
ഇടതു സർക്കാരിൻ്റെ പിന്നോക്ക വിഭാഗ പ്രേമം തികഞ്ഞ കാപട്യമാണെന്നും ഷാജുമോൻ വട്ടെക്കാട് പറഞ്ഞു. പിന്നോക്ക വിഭാഗയുവതി യുവാക്കളുടെ ജോലി സാധ്യത സർക്കാർ ഇല്ലാതാക്കുകയാണെന്നാരോപിച്ച് പട്ടികജാതി മോർച്ച കലട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാജുമോൻ വട്ടെക്കാട്.
ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് സ്വപനവും പ്രതീക്ഷകളും നൽകിയാണ് ഇടതു സർക്കാർ അധികാരത്തിൽ കയറിയത്. അധികാരത്തിൽ കയറിയതോടെ പിന്നോക്ക വിഭാഗങ്ങളെ ഇടതു സർക്കാർ ചവറ്റുകൊട്ടയിലെറിഞ്ഞു. സ്ഥിരം ജോലി സംവിധാനങ്ങളെ സർക്കാർ ഇല്ലാതാക്കി' ഇതിൻ്റെ ഭാഗമാണ് സ്പെഷൽ റിക്രൂട്ട്മെൻ്റ് നിർത്തലാക്കിയത്.
പിന്നോക്ക സംവരണവും അട്ടിമറിക്കപ്പെട്ടു, സ്ഥിരം ജോലി എന്നതിന് പകരം കരാർജോലി നൽകി പിന്നോക്ക വിഭാഗങ്ങളെ കൂടെ നിർത്തി ചതിക്കാനാണ് സർക്കാർ നീക്കം. സർക്കാർ നേരിട്ട് നടത്തിയ നിയമനങ്ങളിൽ എത്ര പേർ പിന്നോക്കക്കാരുണ്ടെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
പിന്നോക്ക വിഭാഗങ്ങളെ അടിമകളാക്കി അടിച്ചമർത്താനാണ് സർക്കാർ നീക്കമെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഷാജുമോൻ വട്ടെക്കാട് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് കെഎം ഹരിദാസ്, ജനറൽ സെക്രട്ടറി പി വേണുഗോപാൽ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പികെ ബാബു, പി സാബു, കെവി ദിവാകരൻ, എന്‍ ശാന്തകുമാരൻ എന്നിവർ സംസാരിച്ചു.