/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച സച്ചിദാനന്ദൻ്റെ "ഇന്ത്യ എന്ന സ്വപ്നം" എന്ന ഏറ്റവും പുതിയ കൃതി രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നു.
"മരിച്ചവർക്കു പോലും ശത്രുവിൽ നിന്ന് രക്ഷപ്പെടാനാവില്ല" എന്ന അധ്യായത്തിൻ്റെ സംക്ഷിപ്തമായി ഞാൻ ചിലത് കുറിക്കട്ടെ. "ഹിന്ദു മഹാസഭയുടെയും ആർ.എസ്.എസി
ൻ്റെയും രൂപീകരണത്തിൽ നിന്നാരംഭിച്ച ഗാന്ധി വധം, ബാബരി മസ്ജിദിൻ്റെ നശീകരണം, ഗുജറാത്ത് കൂട്ടക്കൊല... ഈ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു വന്ന ഹിന്ദുത്വം ഇന്ന് കോർപ്പറേറ്റ് മുതലാളിത്തവുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ട് ക്ലാസിക്കൽ ഫാസിസത്തിൻ്റെ എല്ലാ ലക്ഷണങ്ങളും പ്രദർശിപ്പിക്കുന്നു.
അന്ധമായ പാരമ്പര്യാരാധന, യുക്തിയുടെയും സ്വതന്ത്ര ചിന്തയുടെയും നിരാസം, സംസ്കാരത്തെയും കലയെയും ധൈഷണിക പ്രവർത്തനങ്ങളെയും കുറിച്ച ഭയം കലർന്ന സംശയം, വിയോജിപ്പുകളെ പൊറുപ്പിക്കാത്ത സമീപനം, നാനാത്വത്തിൻ്റെ തിരസ്കാരം, ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം, ദേശത്തിൻ്റെ നിഷേധാത്മകമായ നിർവ്വചനം, ചില "അപര"രെ സൃഷ്ടിച്ച് എല്ലാ കുഴപ്പത്തിനും അവരാണ് കാരണം എന്ന ആരോപണം, വീരാരാധന, ആൺകോയ്മ, തങ്ങളാണ് ജനങ്ങൾ എന്ന രീതിയിലുള്ള പ്രവർത്തനം, മധ്യവർഗങ്ങളെ കൂടെ നിർത്താനുള്ള കുതന്ത്രങ്ങൾ, ദുർബലരോടുള്ള അവജ്ഞ, ചരിത്രം തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതൽ.
എല്ലാതരം ഫാസിസങ്ങളുടെയും അടിസ്ഥാന സ്വാഭാവങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഈ പ്രവണതകളെല്ലാം ഇന്നത്തെ ഇന്ത്യൻ ഭരണാധിപത്യവും അവരെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന പല പേരുകളിൽ പല സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സംഘങ്ങളും പ്രദർശിപ്പിക്കുന്നു.
എന്നുമെന്ന പോലെ ഈ സർവ്വാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തിൻ്റെ ഇരകൾ ദരിദ്രർ, പലതരം ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദലിതർ, ആദിവാസികൾ,സ്വതന്ത്ര ചിന്തകർ,സമത്വ വിശ്വാസികൾ, എഴുത്തുകാർ,കലാകാരന്മാർ എന്നിവർ തന്നെ.
ഇവർ പരിസ്ഥിതി നിയമങ്ങളിൽ വെള്ളം കൂട്ടുന്നു. വ്യവസായികളുടെ നികുതികൾ വെട്ടിക്കുറക്കുന്നു. കുത്തകകളുടെ വലിയ കടങ്ങൾ ജനങ്ങളുടെ ചെലവിൽ എഴുതിത്തള്ളുന്നു. അഴിമതിയെ നിയമവൽക്കരിക്കുന്നു. ജനകീയ സമരങ്ങളെ മുഴുവൻ "ഭീകരവാദം " എന്ന് മുദ്രകുത്തുന്നു. തൊഴിൽ സമരങ്ങൾ തടയാൻ നിയമം നിർമിക്കുന്നു...
ആവിഷ്കാരസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം ഒന്നൊന്നായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ശാസ്ത്ര വീക്ഷണം നിരന്തരം പരിഹസിക്കപ്പെടുന്നു. മിത്ത് ചരിത്രമായി അവതരിപ്പിക്കപ്പെടുന്നു.
ഒരു തെളിവുകളുമില്ലാതെ കേവല ഭാവനയിൽ നിന്ന് ഒരു ഹിന്ദു ചരിത്രം നിർമിക്കാൻ ശ്രമിക്കുന്നു. ഗോദ് സെയെ തൂക്കിക്കൊന്ന ദിവസം ആചരിത്രം അനുസരിച്ച് "ബലിദാൻ ദിവസ് " ആണ് !
ഏറ്റവുമധികം സാമുദായിക സൗഹാർദ്ദമുണ്ടായ മുഗൾ ഭരണകാലം "ഹിന്ദുക്കളുടെ പീഡന കാലം" ആണ് !.. ഇതിഹാസ പുരുഷനായ രാമൻ ചരിത്ര പുരുഷനാണ്!!..
ദീർഘദൃഷ്ടിയോടെ നെഹ്റു സൃഷ്ടിച്ച ഗവേഷണോത്മകമായ പൊതു സ്ഥാപനങ്ങളിൽ ഒരു യോഗ്യതയുമില്ലാത്തവരെ തലപ്പത്തു നിയ മിച്ച് സ്വന്തം പ്രചാരണ യന്ത്രങ്ങളായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്നു. തങ്ങളുടെ ഹീന പ്രവൃത്തികളെ പിന്തുണക്കുന്നവർക്ക് അർഹിക്കാത്ത കയറ്റങ്ങൾ നൽകിയും അവ പുറത്തു കൊണ്ടു വന്നവരെ ഇല്ലാതാക്കിയും കേസുകളിൽ കുടുക്കിയും പ്രതികാരത്തിൻ്റെ രാഷ്ട്രീയം നടപ്പാക്കുന്നു.
സ്വകാര്യത എന്ന സങ്കൽപമേ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഭക്ഷണം മുതൽ ചിന്ത വരെ എല്ലാം നിയന്ത്രിക്കപ്പെടുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ അസാധ്യമാകുന്നു. പത്രപ്രവർത്തനം, ദൃശ്യമാധ്യമങ്ങൾ, ചിത്രകല, നാടകം, സിനിമ, സാഹിത്യം, ചരിത്രരചന തുടങ്ങിയ മേഖലകളിലെല്ലാം തങ്ങൾക്കിഷ്ടമില്ലാത്തവർ നിരന്തരം ആക്രമിക്കപ്പെടുന്നു.
ജനത മുഴുവൻ കുറ്റവാളികളായി വീക്ഷിക്കപ്പെടുന്നു. ദേശസ്നേഹത്തെ സങ്കുചിതമായി നിർവ്വചിക്കുക വഴി അനേകം ജനവിഭാഗങ്ങള ദേശദ്രോഹികളാക്കുന്നു. ആഴ്ചയിൽ ചുരുങ്ങിയത് ഒന്ന് എന്ന തോതിൽ മുസ് ലിംകൾ തല്ലിക്കൊല്ലപ്പെടുന്നു. കൂട്ട നായാട്ടുകൾ വേറെയും !.. ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കുക എന്ന മുദ്രാവാക്യം തന്നെ വിപ്ലവകരമാകുന്ന അവസ്ഥയാണിന്ന്.