കണ്യാർകളിയുടെ 'സർഗ്ഗലയം'; കേരള കണ്യാർകളി ആർട്സ് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കണ്യാർകളിമേള പുതിയങ്കത്ത് മെയ് 19, 20 തിയതികളിൽ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാലക്കാട്: കേരള കണ്യാർകളി ആർട്സ് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കണ്യാർകളിമേളയ്ക്ക് പുതിയങ്കം ദേശം അതിഥ്യമരുളുന്നു. മെയ് 19, 20 തിയ്യതികളിൽ പുതിയങ്കം വേട്ടക്കരുമൻ കാവങ്കണത്തിൽ പ്രത്യേകമായി സജ്ജീകരിച്ച നാട്ടുകളിപ്പന്തലിലാണ് മേള അരങ്ങേറുക.

കണ്യാർകളി പ്രചാരത്തിലുള്ള മുപ്പത്തോളം ദേശങ്ങൾ പങ്കെടുക്കുന്ന മേളയ്ക്ക് മെയ് 19 ന് രാവിലെ 9 മണിക്ക് പതാക ഉയരും. വൈകിട്ട് അഞ്ചുമണിയ്ക്ക് കേളികൊട്ടിനുശേഷം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജ് എം എൻ കൃഷ്ണൻ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പ്രശസ്ത തോൽപാവകൂത്ത് കലാകാരൻ പത്മശ്രീ രാമചന്ദ്രൻ പുലവർ മുഖ്യ അതിഥി ആയിരിക്കും.

publive-image

അനുഷ്ഠാന അവതരണമായ മലമയ്ക്കു ശേഷം വിവിധ ദേശങ്ങൾ വെവ്വേറെ പൊറാട്ടുകൾ അവതരിപ്പിക്കും. ഇരുപതിന് വൈകീട്ട് 5 മണിക്ക് സമാപന സമ്മേളനം പ്രമുഖ കണ്യാർകളി ആശാൻ മഠത്തിൽ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരള കണ്യാർകളി ആർട്സ് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ എൻ പ്രേമചന്ദ്രൻ, ജനറൽ കൺവീനർ എം പി കാർത്തികേയൻ, 'സർഗ്ഗലയം 23' ജനറൽ കൺവീനർ എസ് ജയശങ്കർ, പുതിയങ്കം ദേശക്കമ്മറ്റി പ്രസിഡന്റ് കുമാർ മേതിൽ എന്നിവരാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്. മേളയ്ക്കു മുന്നോടിയായുള്ള വിളംബരജാഥ വിവിധ ദേശങ്ങളിൽ പ്രയാണം നടത്തി.

കണ്യാർകളി

ഏകദേശം ഏഴു നൂറ്റാണ്ടിന്റെ കാലപ്പഴക്കം കണക്കാക്കുന്ന കണ്യാർകളി എന്ന കലാരൂപത്തിന് അടിസ്ഥാനപരമായി രണ്ടു ഭാഗങ്ങളാണുള്ളത്. ദേവീപ്രീതിയ്ക്കായി നടത്തപ്പെടുന്ന അനുഷ്ഠാനമായ 'വട്ടക്കളി'യും നാടോടി നാടക അവതരണമായ പൊറാട്ടുകളിയും.

വട്ടക്കളി ആ പേര് സൂചിപ്പിക്കുന്നപോലെ കളിക്കാർ വട്ടത്തിൽ അരങ്ങിലെ പന്തലിലെ ദേവീസങ്കൽപ്പത്തിന് ചുറ്റും സ്തുതിവചനങ്ങൾക്കും ഗീതങ്ങൾക്കും അനുസരിച്ചു ചെണ്ടയുടെയും മദ്ദളത്തിന്റെയും ചേങ്ങിലയുടെയും ഇലത്താളത്തിന്റെയുംഅകമ്പിടിയിൽ ചുവടുകൾ വയ്ക്കുന്നതാണ്. ഈ വട്ടക്കളി, വള്ളോൻ, ആണ്ടിക്കൂത്തു, മലമ എന്നിങ്ങനെ വെവ്വേറെ പ്രകാരങ്ങളിലുണ്ട്.

publive-image

പൊറാട്ടുകളി എന്ന രണ്ടാമത്തെ അനുഷ്ടാനേതര വിഭാഗത്തിൽ അരങ്ങിലെ കാണികളായ അബാലവൃദ്ധത്തെയും ഒരുപോലെ ആസ്വദിപ്പിക്കുന്ന വിവിധയിനം കളിയവതരണങ്ങളാണ്. കൃത്യമായ അളവുകളിലും കല്പനയിലും സമചതുരത്തിൽ സജ്ജീകരിക്കുന്ന ഒൻപതുകാൽ പന്തലിൽ ആണ് കാളി അരങ്ങേറുക.

ചുവന്ന വാകപ്പൂക്കൾ, മാവില, പച്ചക്കുരുത്തോല എന്നിവകൊണ്ട് അലങ്കരിച്ചു മനോഹരമാക്കുന്ന ഒൻപതുകാൽ പന്തലിന്റെ കാലുകൾ ഓരോന്നും ഈന്തകൾകൊണ്ട് മൂടി സമൃദ്ധമാക്കുന്നു. ദേവീപ്രസാദത്തിന്റെ ദീപകല്പന പന്തലിന്റെ നടുവിലെ കാലിലേക്ക് ആവാഹിക്കപ്പെടുന്നതുകൊണ്ടു നടുവിലെ കാൽ മുളകൊണ്ട് ഉള്ളതായിരിക്കും.

publive-image

മേടമാസത്തിലെ വിഷുസംക്രമം കഴിഞ്ഞുള്ള വിത്തിറക്കൽ ഒരു കാർഷിക സമൃദ്ധിയിലേക്ക് മുളയിടുന്നതിന്റെ ആരംഭംകുറിക്കലാണ്. (വേലകളുടെയും കുമ്മാട്ടികളുടെയും പൂരങ്ങളുടെയും കതിരുവിളംബരത്തിന്റെ കൂറകളെ വിഹായസ്സിൽ വഹിക്കുന്നതും ഈ മുളകളാണ്). കൊയ്ത മണ്ണിൽ പെയ്തുണരുന്ന ഊർവ്വര സങ്കൽപ്പന തിമിർപ്പുകളിൽ മുളയ്ക്കു ഒരു പ്രാമാണിക സ്ഥാനമുണ്ട്. ഈ മുളയ്ക്കു (കണിയാരം) ചുറ്റുമുള്ള കളിയാണ് കണ്യാർകളി ആയി അറിയപ്പെട്ടത് എന്നാണ് പേരുമായി ബന്ധപ്പെട്ട ഒരു വിചാരം.

publive-image

കർണ്ണകിയമ്മൻ പ്രീതിക്കായി ആഘോഷിക്കപ്പെടുന്ന കളി ആദ്യം കർണ്ണകിയാർകളിയും അത് ലോപിച്ചു കണിയാർകളിയും ആയിത്തീർന്നു എന്ന ഒരു വാദവും പ്രബലമായുണ്ട്. പാട്ടിലും വാണാക്കിലുമുള്ള തമിഴ് സാന്നിധ്യമാണ് ഈയൊരു അനുമാനത്തിനു ബലം നൽകുന്നത്.

Advertisment