/sathyam/media/post_attachments/XcXoEvysi3kvKy6fZv9y.jpg)
നെന്മാറ: കരിമ്പാറ പൂഞ്ചേരിയിലെ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടെത്തി. ഇന്നലെ രാവിലെ 7. 30 ന് ടാപ്പിങ്ങ് നടത്തുന്ന സഹദേവനും ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിയ സമീപവാസികളായ സിദ്ദീഖ്, രാജൻ എന്നിവരുമാണ് പിൻകാലുകൾ മുടന്തോടെ ക്ഷീണിതയായ പുലിയെ കണ്ടെത്തിയത്.
ഇവരുടെ സാന്നിധ്യം അറിഞ്ഞതോടെ റബ്ബർ മരച്ചോട്ടിൽ കിടന്നിരുന്ന പുലി 50 മീറ്ററോളം അകലെയുള്ള കൽച്ചാടി പുഴയുടെ തീരത്തുള്ള തോട്ടത്തിൽ പുലി അഭയം തേടി. തിരുവഴിയാട് പ്രസന്നകുമാരിയുടെ തോട്ടത്തിലെ കൊക്കോ മരച്ചോട്ടിൽ പുലി മണിക്കൂറുകളോളം കിടന്നു.
ഒരു വയസ്സോളം പ്രായമുള്ള പുലി ഇടയ്ക്കിടെ തല ഉയർത്തി നോക്കുകയും തിരിഞ്ഞു കിടക്കുകയും ചെയ്യുകയുണ്ടായി. വനം വകുപ്പ് ജീവനക്കാരും വാച്ചർമാരും പ്രദേശത്ത് പാറാവ് ഏർപ്പെടുത്തി പുലിയെ നിരീക്ഷണം നടത്തുകയായിരുന്നു. പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുലിയെ പിടികൂടാനൊ ചികിത്സ നടത്താനോ പ്രദേശത്തുനിന്ന് നീക്കം ചെയ്യാനോ നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
/sathyam/media/post_attachments/fP70WXE0TAHnrTMrZoMT.jpg)
പുലിയെ കാണാനും പ്രദേശത്തെ സംഭവ വികാസങ്ങൾ അറിയുവാനുമായി നൂറുകണക്കിന് പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടി. വിവരം അറിയിച്ചതിനെത്തുടർന്ന് നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. അജയഘോഷ്, ആലത്തൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കൃഷ്ണദാസ്, തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി. അഭിലാഷ്. പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയ വൻസംഘം പ്രദേശത്ത് എത്തി.
വിവരമറിഞ്ഞ് കെ. ബാബു എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോപിക ഷിജു, പഞ്ചായത്ത് അംഗം ദേവദാസ്, സുമ പരമേശ്വരൻ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞു. നെന്മാറ പോലീസ് സ്റ്റേഷനിൽ നിന്നും ഇൻസ്‌പെക്ടർമഹേന്ദ്ര സിംഹൻ, സബ് ഇൻസ്‌പെക്ടർ വിവേക് നാരായണൻ, വി.ശങ്കരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും 4 മണിയോടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ആദ്യം പാലക്കാട് നിന്ന് വനംവകുപ്പിന്റെ മൃഗഡോക്ടർ സ്ഥലത്ത് എത്തിയശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃത അറിയിച്ചെങ്കിലും പിന്നീട് ഡോക്ടർ സ്ഥലത്തില്ലെന്ന് അറിയിക്കുകയായിരുന്നു.
/sathyam/media/post_attachments/SWZ34q9eHZ99a7Jnn1J9.jpg)
അവശനായ പുലിയെ കാണാൻ അനുവദിക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധിക്കുന്നു
തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ പാലക്കാട് നിന്നും എത്തിയ ആർആർടി സംഘം വലയും സന്നാഹവുമായി എത്തി പുലി കിടക്കുന്ന സ്ഥലവും മറ്റും പരിശോധിച്ചെങ്കിലും മൃഗഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമുള്ള നിർദ്ദേശപ്രകാരമല്ലാതെ നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
വൈകീട്ട് 4.30 ഓടെ ഡിഎഫ്ഒ കെ. മനോജ്, സീനിയർ മൃഗ ഡോക്ടർ ബി. ബിജു എന്നിവർ സ്ഥലത്തെത്തി പുലിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വൈകിട്ട് 6.30 ഓടെ കൊണ്ടുപോകാനുള്ള കൂട് എത്തിച്ച ശേഷം ഡോക്ടർ ബി.ബിജുവിന്റെ സാന്നിധ്യത്തിൽ മയക്ക് മരുന്ന് കുത്തിവെച്ചാണ് പുലിയെ കൂട്ടിലാക്കി നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് കൊണ്ടുപോയത്. പരിശോധിച്ച് തുടർ ചികിത്സാ നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.
പുലിയെ കൈകാര്യം ചെയ്തത് നിരുത്തരവാദപരമായി എന്ന് പരാതി
നെന്മാറ: പരിക്കുപറ്റി അവശനായ പുലിയെ വനം വകുപ്പ് നിരുത്തരവാദപരമായി കൈകാര്യം ചെയ്തതായി പ്രദേശവാസികൾ പരാതിപ്പെട്ടു. രാവിലെ ഉണ്ടായ സംഭവം വൈകുന്നേരം 6മണി വരെ 12 മണിക്കൂറിലേറെ സമയമെടുത്തും നടപടികൾ നീണ്ടു. ഇതിനിടെ നെന്മാറയിൽ നിന്നും മൃഗ ഡോക്ടർ എത്തിയെങ്കിലും മയക്കാൻ മരുന്ന് ഇല്ലാത്തതിനാൽ വീണ്ടും കാത്തിരിപ്പു നീണ്ടു.
പാലക്കാട് നിന്നും മരുന്ന് എത്തിച്ചാണ് നടപടി ആരംഭിച്ചത്. പിടിച്ച പുലിയെ കൊണ്ടുപോകാൻ കൂട് സൗകര്യമുള്ള വാഹനത്തിനായി കാത്തിരിപ്പ് നീണ്ടത് പ്രദേശ വാസികൾ ബഹളമുണ്ടാക്കി. മയക്കു മരുന്ന് കുത്തിവച്ച് പിടികൂടിയ പുലിയെ തിരക്കുപിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ വനം വകുപ്പ് ശ്രമിച്ചത് പ്രദേശവാസികൾ തടഞ്ഞു.
പ്രദേശവാസികളെ കാണാൻ അനുവദിച്ചതിനുശേഷം ആണ് വാഹനം പോകാൻ അനുവദിച്ചത്. അവശനായ പുലിയെ ആവശ്യമായ ചികിത്സ നൽകുന്നതിലും പ്രദേശത്തുനിന്ന് മാറ്റി ജനങ്ങളുടെ ഭീതി മാറ്റുന്നതിലും പരാജയപ്പെട്ടതായി വിമർശനവും ഉയർന്നു.
മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അവശനായി കിടക്കുന്ന പുലിയെ കാണിക്കുന്നത് വനം വകുപ്പ് തടഞ്ഞത് ചാനൽ പ്രവർത്തകർ ചോദ്യം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us