അമേരിക്കയിലെ ക്ഷേത്രത്തിൽ സംഗീത കച്ചേരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാലക്കാട് സ്വദേശി അറസ്റ്റിൽ

New Update

publive-image

Advertisment

പാലക്കാട്: അമേരിക്കയിലെ ക്ഷേത്രത്തിൽ സംഗീത കച്ചേരി നടത്താൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങിയ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആമയൂർ വള്ളൂർ ലക്ഷ്മിസദർ വീട്ടിൽ രവി നായരാണ് അറസ്റ്റിലായത്. അമേരിക്കയിലെ ഷിക്കാഗോയിലെ ക്ഷേത്രത്തിൽ സംഗീത കച്ചേരി നടത്താമെന്നും പരിപാടികളുടെ ഇവന്റ് മാനേജരാക്കാമെന്നുമാണ് ഇയാൾ വാഗ്ദാനം ചെയ്തത്.

പല കലാകാരന്മാരിൽ നിന്നുമായി 1,95,800 രൂപ ഇയാൾ വാങ്ങി. കഴിഞ്ഞ ഡിസംബറിലാണ് ഇയാൾ പണം വാങ്ങി കബളിപ്പിക്കുന്നത്. പലരിൽ നിന്നായി സമാന രീതിയിൽ 5,61,100 രൂപ തട്ടിയെടുത്തതായി ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു. അമേരിക്കയിൽ ഉയർന്ന ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പല ഒഴിവുകൾ പറഞ്ഞ് ഇയാൾ മുങ്ങിയതോടെയാണ് കലാകാരന്മാർ പരാതി നൽകുന്നത്. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് രവിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇയാളെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

മംഗളൂരുവിന് സമീപം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എസ്‌ഐ കെ അബ്ദുൽ സലാം, എസ്പിഒ ഗോവിന്ദൻ കുട്ടി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിലുള്ള രവിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

NEWS
Advertisment