Advertisment

കരുവന്നൂരിന് പിന്നാലെ തിരുവല്ല ഈസറ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലും വായ്പാ ക്രമക്കേട് വിവാദം ! നിഷ്‌ക്രിയ ലോണുകള്‍ ഒരു ദിവസംകൊണ്ട് തിരിച്ചടച്ച് വീണ്ടും എടുത്തത് അതിന്റെ ആറിരട്ടിയിലേറെ തുക. 10.65 ലക്ഷം നിഷ്‌ക്രിയ ലോണുണ്ടായിരുന്ന ആള്‍ ഒരു ദിവസം തുക തിരിച്ചടച്ച് അന്നു തന്നെ വീണ്ടും അതേ ഗ്യാരന്റിയില്‍ വാങ്ങിയത് 65 ലക്ഷം രൂപയുടെ വായ്പ ! യുഡിഎഫ് ഭരിച്ച ബാങ്ക് എട്ടുമാസം മുമ്പ് ഇടതു മുന്നണി പിടിച്ചെടുത്ത ശേഷം നടന്ന തട്ടിപ്പെന്ന് കോണ്‍ഗ്രസ്. ബാങ്കിലെ സ്വര്‍ണപ്പണയ വായ്പ പോലും തടഞ്ഞ് റിസര്‍വ് ബാങ്ക്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: കരുവന്നൂരിന് പിന്നാലെ സംസ്ഥാനത്തെ മറ്റൊരു പ്രധാന അര്‍ബന്‍ സഹകരണ ബാങ്കും പൊട്ടലിന്റെ ഭീഷണിയില്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണ ബാങ്കുകളിലൊന്നായ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലായത്. ബാങ്കിലെ നിക്ഷേപകര്‍ ഇപ്പോള്‍ പണം പിന്‍വലിക്കാനുള്ള നെട്ടോട്ടത്തിലാണ്.

മധ്യതിരുവതാംകൂറില്‍ സേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാല്‍ പ്രവാസികളുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ള ബാങ്കാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്. ബാങ്കിലെ ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രവാസികളും ബന്ധുക്കളും എല്ലാ ദിവസവും പണം പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഒരു ദിവസം ഒരു കോടി മുതല്‍ ഒന്നരക്കോടി രൂപ വരെ പിന്‍വലിക്കുന്നുണ്ട്. ഇത്തരത്തില്‍ തുക പിന്‍വലിക്കല്‍ തുടങ്ങിയതോടെ ബാങ്ക് കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.

ഇരവിപേരൂര്‍ ആസ്ഥാനമായ ബാങ്കിന് തിരുവല്ല, മല്ലപ്പള്ളി, റാന്നി താലൂക്കുകളിലായി 18 ശാഖകളുണ്ട്. പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് ഭരിച്ച ബാങ്ക് കഴിഞ്ഞ എട്ടുമാസമായി ഇടതുപക്ഷമാണ് ഭരിക്കുന്നത്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ശേഷമാണ് ബാങ്ക് തകര്‍ച്ച തുടങ്ങിയതെന്നാണ് ആരോപണം ഉയരുന്നത്.

സംസ്ഥാനത്തു റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ച സഹകരണ ബാങ്ക് ആയിരുന്നു ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്. ഇവിടെയിപ്പോള്‍ സ്വര്‍ണപ്പണയ വായ്പ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 20, 22, ജൂലൈ 2 തീയതികളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് എല്ലാ വായ്പകളും നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്.

publive-image

ബാങ്കില്‍ നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കുകയും വരുമാനം കുറയുകയും ചെയ്തുവെന്നാണ് റിസര്ഡവ് ബാങ്ക് കണ്ടെത്തല്‍. വായ്പകള്‍ നല്‍കിയതു നിയമാനുസൃതം അല്ലെന്നും പരിശോധകര്‍ കണ്ടെത്തിയിരുന്നു.

publive-image

ഭരണസമിതി അംഗങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കള്‍ക്ക് പലിശ കുറവുള്ള വായ്പ, മൂന്നുപേര്‍ വരെയുള്ള യൂണിറ്റുകള്‍ക്ക് 50,000 വരെയുള്ള വായ്പ എന്നിവ നല്‍കിയതില്‍ ക്രമക്കേടുകളുണ്ട്.

publive-image

ആര്‍ബിഐ നടത്തിയ പരിശോധനയില്‍ 25 നിഷ്‌ക്രിയ ലോണുകളുടെ അടച്ചു തീര്‍ക്കേണ്ട ആകെ തുകയായ 1.55 കോടി രൂപയുടെ ലോണിന് പകരമായി അതേ വ്യക്തികള്‍ക്ക് 3.16 കോടി രൂപ വീണ്ടും അനുവദിച്ചു. ഒരു വ്യക്തിയുടെ തന്നെ 10.65ലക്ഷം രൂപയുടെ കിട്ടാക്കടം ഒരു ദിവസം അടച്ച് അന്നു തന്നെ ആ വ്യക്തിക്ക് 65 ലക്ഷം രൂപയാണ് വായ്പ അനുവദിച്ചത്.

അതും 10 ലക്ഷത്തിന്റെ ഗ്യാരന്റില്‍ തന്നെ. ഒരു ദിവസം തന്നെ 11 നിഷ്‌ക്രിയ ലോണുകള്‍ അടച്ചു തീര്‍ത്ത് കൂടിയ തുകയ്ക്ക് അന്നു തന്നെ ലോണും നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പലിശ കുറച്ച ലോണുകള്‍ നല്‍കിയതും മറ്റൊരു ബാങ്കിലും ഇല്ലാത്ത നടപടിയാണ്.

ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 22ന് റിസര്‍വ് ബാങ്ക് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

58440ത്തിലേറെ അംഗങ്ങളുള്ള ബാങ്ക് നാല്‍പത് വര്‍ഷത്തിലേറെ യുഡിഎഫ് നിയന്ത്രണത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമാണ് ബാങ്കില്‍ തട്ടിപ്പു നടന്നതെന്നാണ് മുന്‍ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവരുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഇടതു മുന്നണി അധികാരത്തിലെത്തിയതെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

ബാങ്കിന്റെ സഹകാരികള്‍ അല്ലാത്ത നൂറു കണക്കിന് പാര്‍ട്ടിക്കാരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കി, പൊലീസിനെ നിര്‍വീര്യമാക്കി, വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് ഭരണം പിടിച്ചുവെന്നും ആരോപണമുണ്ട്. കാമറ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പാക്കി വേണം പോളിങ് നടത്താനെന്നുള്ള ഹൈക്കോടതി നിര്‍ദ്ദേശവും പാലിക്കപ്പെട്ടിരുന്നില്ല.

എന്നാല്‍ പുതിയ ഭരണസമിതിയുടെ ക്രമക്കേടുകള്‍ അല്ലെന്നും ബാങ്ക് വായ്പകളുടെ കുടിശിക വര്‍ധിച്ചതു കൊണ്ടാണ് റിസര്‍വ് ബാങ്ക് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡോ. ജേക്കബ് ജോര്‍ജ് പറയുന്നു. നിക്ഷേപങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണമെന്നും ഭരണസമിതി അധികാരമേറ്റ ശേഷം നല്‍കിയ ഒരു വായ്പയും കുടിശിക ആയിട്ടില്ലെന്നുമാണ് പ്രസിഡന്റിന്റെ വാദം.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുമൊക്കെ ശേഷമാണ് ഇവിടെയും തട്ടിപ്പിന് കളമൊരുങ്ങിയത്. സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ എങ്ങനെ പൊളിയുന്നുവെന്നതിനുള്ള വലിയ ഉദാഹരണമായി മാറുകയാണ് ഇിപ്പോള്‍ ഈ ബാങ്കും. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വായ്പ നല്‍കുന്നത്.

ബാങ്ക് വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോന്നിരുന്ന വായ്പാ നയങ്ങള്‍ മറികടന്നാണ് വായ്പ നല്‍കിയതെന്ന് റിസര്‍വ് ബാങ്ക് തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ കഴിഞ്ഞ എട്ടുമാസത്തിനിടെയാണ് തട്ടിപ്പ് ഏറെയും നടന്നതെന്നും വ്യക്തം. ഇത്തരം തട്ടിപ്പുകളെ ഗൗരവമായി കാണണമെന്ന ആവശ്യം സഹകാരികളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

Advertisment