/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
തിരുവനന്തപുരം: ജില്ലാ അധ്യക്ഷന്മാരുടെയും പ്രഭാരിമാരുടെയും യോഗത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം.
പാർട്ടിയുടെ ഗൃഹസമ്പർക്ക പരിപാടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് എതിരെ തിരിഞ്ഞത്.
ഈമാസം 25 മുതൽ ഗൃഹ സന്ദർശന പരിപാടി തുടങ്ങിയിട്ടും ഇത് വരെ വീടുകളിലെത്തി കൈമാറേണ്ട ലഘുലേഖ പോലും താഴേത്തട്ടിലേക്ക് എത്തിയിട്ടില്ലെന്ന് മേഖലാ സെക്രട്ടറിമാർ വിമർശിച്ചു.
പ്രദേശിക ഘടകത്തിനുളള പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനുളള കൂപ്പണും കീഴ് ഘടകങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും മേഖലാ സെക്രട്ടറിമാർ കുറ്റപ്പെടുത്തി.
പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് എറണാകുളം മേഖല സംഘടന സെക്രട്ടറി എൽ.പത്മകൂമാർ വിമർശിച്ചു.
ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതിൽ വന്ന വീഴ്ച പരിശോധിക്കാൻ സംസ്ഥാന നേതൃത്വം തയാറാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കോഴിക്കോട് മേഖലാ സെക്രട്ടറിയാണ് ഈ ആവശ്യം ഉന്നയിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിൻെറ തയാറെടുപ്പുകളുടെ ഭാഗമായാണ് സംസ്ഥാനതലത്തിൽ ഗൃഹസന്ദർശന പരിപാടി ആസൂത്രണം ചെയ്തത്.
സംസ്ഥാന ജനറൽ സെക്രട്ടറിമാർക്കായിരുന്നു ഗൃഹസന്ദർശനത്തിൻെറ ചുമതല. ഉത്തര മേഖലയിൽ എം.ടി രമേശും ദക്ഷിണ മേഖലയിൽ എസ്.സുരേഷും ആയിരുന്നു സമ്പർക്ക പരിപാടിയുടെ ചുമതലക്കാർ.
ഗൃഹസമ്പർക്ക പരിപാടിയുടെ നടത്തിപ്പിനെ സംബന്ധിച്ച് ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിൽ വിമർശനം ഉയർന്നുവെന്ന വിവരം ജനറൽ സെക്രട്ടറി എം.ടി.രമേശ് നിഷേധിച്ചു.
ഗൃഹസമ്പർക്ക പരിപാടിയെ കുറിച്ച് പ്രവർത്തകർക്ക് പരാതികളില്ലെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിൻ്റെ പ്രതികരണം.
ലഘുലേഖയും കൂപ്പണും താഴെത്തട്ടിൽ എത്തിക്കാൻ കഴിയാത്ത പാർട്ടിയല്ല ബിജെപിയെന്നും ആർക്കാണ് ഇവ കിട്ടാത്തതെന്ന് അറിയില്ലെന്നും രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുളള സെമിഫൈനലായല്ല ഫൈനലായാണ് കാണുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
''സംസ്ഥാന അധ്യക്ഷനായതിന് ശേഷം 6 മാസം കഴിഞ്ഞു. ആദ്യ ഘട്ടമായി പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തു.ഇനി വരുന്ന 35 ദിവസം നിർണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൻെറ തയാറെടുപ്പുകളുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇനി ഗൃഹസമ്പർക്കത്തിൻ്റെ ദിവസങ്ങളാണ്.പാർട്ടിക്ക് വിശ്രമിക്കാനാകാത്ത ദിനങ്ങൾ. പാർട്ടി കാഴ്ച്ചപ്പാട് വീടുവീടാന്തരം കയറി ജനങ്ങളിൽ എത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനൽ ഇലക്ഷൻ തന്നെയാണ്.
സെമി ഫൈനലായോ ക്വാർട്ടർ ഫൈനലായോ അല്ല ഫൈനൽ ആയാണ് കാണുന്നത്. നിയമസഭ തിരഞ്ഞെടുപ്പും ഫൈനലാണ്. അധികാരം പിടിക്കണം.
മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസും പ്രചരിപ്പിക്കുന്ന നുണകൾ പൊളിക്കണം. അത്തരം രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതി അടുത്ത 35 ദിവസങ്ങൾ കൊണ്ട് പൊളിക്കണം.
കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റ് മാജിക്കുകളില്ല. പത്ത് കൊല്ലത്തെ സി പി എം ഭരണം അനാസ്ഥയുടേതാണ്. അയ്യപ്പൻമാരെ ദ്രോഹിച്ച സിപിഎം അയ്യപ്പ സംഗമം നടത്തുന്നു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സിപിഎം വികസന സദസ് സംഘടിപ്പിക്കുന്നു.
സി.പി.എം തകരുമ്പോൾ ഭരണം പിടിക്കാൻ നിൽക്കുകയാണ് കോൺഗ്രസ്. ബി.ജെ.പി സർക്കാരുള്ളിടത്ത് നല്ല ഭരണം നടക്കുന്നു. കോൺഗ്രസിൻെറയും സി.പി.എമ്മിൻ്റെയും റീൽ രാഷ്ട്രീയമാണ്. പണി ചെയ്യാതെ അവാസ്തവം പ്രചരിപ്പിക്കുന്നു.
ഇത് വീടുകൾ കയറി പൊളിക്കണം.നിർണായക സമയമാണിത്. ഒറ്റക്കെട്ടായി നിന്ന് ഗൃഹ സമ്പർക്കം നടപ്പിലാക്കണം. പാർട്ടിയെ ജയിപ്പിക്കണം. മാറാത്തത് ഇനി മാറും'' നേതാക്കളിൽ ആവേശം നിറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാന നേതാക്കളെ അഭിസംബോധന ചെയ്ത ദേശിയ അധ്യക്ഷൻ ജെ.പി.നദ്ദയും നിർണായകമായ രാഷ്ട്രീയ ദൗത്യങ്ങളെക്കുറിച്ച് ഓർമ്മിച്ചുകൊണ്ടാണ് സംസാരിച്ചത്.
കേരളത്തിൽ നിന്ന് ആദ്യമായി ബി.ജെ.പി പ്രതിനിധിയെ ലോകസഭയിലേക്ക് ജയിപ്പിച്ചത് ചൂണ്ടിക്കാട്ടികൊണ്ട് മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ജെ.പി.നദ്ദ അഭിനന്ദിച്ചു.
കോൺഗ്രസിനെ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് വീണ്ടും എൽ.ഡി.എഫ് ഭരണം തുടരാനാണ് ബി.ജെ.പിക്ക് താൽപര്യമെന്ന പ്രചരണത്തിനിടെ പാർട്ടി സംസ്ഥാന സമിതിയോഗത്തിൽ എൽ.ഡി.എഫ് സർക്കാരിന് എതിരെ പ്രമേയം പാസാക്കി.
പിണറായിയുടെ സർക്കാരുമായി കോൺഗ്രസ് സന്ധി ചെയ്യുന്നുവെന്നും ഏഴ് പതിറ്റാണ്ടുകളായി കേരളത്തെ തകർത്ത മുന്നണികളെ പരാജയപ്പെടുത്തി നാടിന്റെ വികസനം ബിജെപി സാധ്യമാക്കുമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിക്കുന്ന പരാമർശങ്ങളും പ്രമേയത്തിലുണ്ട്.