/sathyam/media/media_files/2025/09/25/appachan-ravi-jose-2025-09-25-20-43-43.jpg)
തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന കെ.സുധാകരന്റെ രാജിക്ക് പിന്നലെ പാർട്ടി പുന:സംഘടനാ ചർച്ചകൾ നടക്കുന്നതിനിടെ വിവാദങ്ങളിൽ പെട്ട് മൂന്ന് ഡി.സി.സി അദ്ധ്യക്ഷൻമാരാണ് രാജിവെച്ചത്.
സമീപകാലത്തെങ്ങും കോൺഗ്രസിൽ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് തൃശ്ശൂർ ഡി.സി.സി അദ്ധ്യക്ഷനായിരുന്ന ജോസ് വള്ളൂർ രാജിവെച്ചപ്പോൾ
എൽ.ഡി.എഫ് വീണ്ടും അധികാരത്തിലേറുമെന്ന് പറഞ്ഞ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പാലോട് രവി സ്വയം കുഴി തോണ്ടുകയായിരുന്നു. അപ്പച്ചനെ അരിഞ്ഞു വീഴ്ത്തിയത് പാർട്ടിയിലെ നേതാക്കളുടെ തമ്മിലടിയും തുടർച്ചയായി ഉണ്ടായ ആത്മഹത്യകളുമാണ്.
തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ വലിയ രീതിയിൽ ജോസ് വള്ളൂരിന് നേരെ പാർട്ടിയിലെ ഒരു വിഭാഗം കടുത്ത വിമർശനമുയർത്തി രംഗത്ത് വന്നു. ഇതിന് തൊട്ടു പിന്നാലെ ഡി.സി.സി ഓഫീസിൽ അരങ്ങേറിയ കൂട്ടത്തല്ല് ഡി.സി.സി അദ്ധ്യക്ഷന്റെ രാജിക്ക് ആക്കം കൂട്ടുകയും ചെയ്തു.
വിഷയം മൂർച്ഛിച്ചതോടെ ജോസ് വള്ളൂരിനെ കോൺഗ്രസ് നേതൃത്വം ഡൽഹയിലേക്ക് വിളിപ്പിച്ചു. കൂട്ടത്തല്ല് മദ്യലഹരിയിൽ ഡി.സി.സി സെക്രട്ടറി സജീവൻ കുരിച്ചിറയുടെ നേതൃത്വത്തിൽ ഉണ്ടായതാണെന്നായിരുന്നു തൃശ്ശൂർ ഡി.സി.സിയുടെ വിശദീകരണം.
കെ.എസ്.യു നേതാവിനെയും സോഷ്യൽ മീഡിയാ കോർഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവൻ മർദിച്ചുവെന്നും വിശദീകരണത്തിൽ പറഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുമായിട്ടായിരുന്നു ജോസ് വള്ളൂർ ഡൽഹിയിൽ നേതാക്കളെ കാണാനെത്തിയത്.
എന്നാൽ ഉണ്ടായ സംഭവവികാസങ്ങളിലെ വിശദീകരണത്തിൽ കേന്ദ്രനേതൃത്വം കടുപ്പിച്ചു. എ.ഐ.സി.സിയുടെ നിലപാടിനെ തുടർന്ന് കെ.പി.സി.സി വള്ളൂരിനോട് രാജി ആവശ്യപ്പെട്ടു.
തുടർന്നാണ് താൻ കെ.മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണെന്ന് പത്രസമ്മേളനം നടത്തി അദ്ദേഹം ്രപഖ്യാപിച്ചത്.
ജില്ലയിലെ യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെന്റും അദ്ദേഹത്തിാെപ്പം രാജിവെച്ചിരുന്നു.ഡി.സി.സിയിലെ കൂട്ടത്തല്ലിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് അന്ന് വിൻസെന്റും വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഡി.സി.സി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല വി.കെ ശ്രീകണ്ഠന് നൽകി. അതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിനെ ഡി.സി.സി അദ്ധ്യക്ഷനായി തൃശ്ശൂരിൽ നിയമിച്ചത്.
തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പരാജയമാണ് കാരണമായതെങ്കിൽ തിരുവനന്തപുരത്ത് ഡി.സി.സി അദ്ധ്യക്ഷന്റെ നാവാണ് പണി കൊടുത്തത്.
വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലുമായുള്ള ഫോൺ സംഭാഷണം ചോർന്ന് പുറത്ത് വന്നതാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് നിന്നും പാലോട് രവിയെ തെറിപ്പിച്ചത്.
തിരുവനന്തപുരം, പുല്ലമ്പാറയിലെ ബ്ലോക്ക് ജനറൽ സെക്രട്ടറി ജലീലുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി പ്രതിരോധത്തിലായിരുന്നു.
കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്.
''പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് നാമാവശേഷമാകും. മുസ്ലിം ഇതര പാർട്ടികൾ സി.പി.എമ്മിലേക്കും മറ്റ് പാർട്ടികളിലേക്കും പോകും.
കോൺഗ്രസിലുള്ളവർ ബി.ജെ.പിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ പോകും. 60 അസംബ്ലി മണ്ഡലങ്ങളിൽ കാശ് കൊടുത്ത് ബി.ജെ.പി വോട്ട് കരസ്ഥമാക്കും. മാർക്‌സിസ്റ്റ് പാർട്ടി കേരളത്തിൽ ഭരണം തുടരുകയും ചെയ്യും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്.
കോൺഗ്രസിന് നാട്ടിൽ ഇറങ്ങിനടന്ന് ജനങ്ങളോട് സംസാരിക്കാൻ ആളില്ല. എങ്ങനെ കാലുവാരാമെന്നാണ് നേതാക്കൾ ചിന്തിക്കുന്നത്?''-എന്നാണ് പാലോട് രവി ഫോണിൽ പറഞ്ഞത്.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവരികയും ചെയ്തിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കിൽ പരാജയമുണ്ടാകും എന്ന താക്കീതാണ് താൻ നൽകിയതെന്നും കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അത് പാർട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു വിശദീകരണം.
എന്നാൽ ഈ വിശദീകരണം പാർട്ടി അംഗീകരിച്ചില്ല. തുടർന്ന് പാലോട് രവിയിൽനിന്ന് രാജി നേതൃത്വം ചോദിച്ചുവാങ്ങുകയായിരുന്നു എന്നാണ് വിവരം.
എ.ഐ.സി.സി നിർദേശപ്രകാരമാണ് കെ.പി.സി.സി അധ്യക്ഷൻ രവിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ടതിനാൽ വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കുകയും ചെയ്തിരുന്നു.
ഫോൺ സംഭാഷണം ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കാൻ തിരുവഞ്ചൂർ അദ്ധ്യക്ഷനായ സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
നിലവിൽ ഡി.സി.സി അദ്ധ്യക്ഷനെ ഇതുവരെ നിയമിച്ചിട്ടില്ല. കെ.പി.സി.സി ഉപാദ്ധ്യക്ഷൻ കൂടിയായ എൻ.ശക്തനാണ് നിലവിൽ ഡി.സി.സി അദ്ധ്യക്ഷന്റെ ചുമതല നൽകിയിട്ടുള്ളത്.
ഇതിന് പിന്നാലെയാണ് നിലവിൽ വയനാട്ടിലെ ഡി.സി.സി അദ്ധ്യക്ഷനായ എൻ.ഡി അപ്പച്ചനെ എ.ഐ.സി.സി തന്നെ ഇടപെട്ട് അരിഞ്ഞു വിഴ്ത്തിയത്.
കാലങ്ങളായി നടക്കുന്ന ഗ്രൂപ്പ് പോരും നേതാക്കൾക്കിടയിലെ ചേരിതിരിവുമാണ് വയനാട്ടിലെ പ്രശ്‌നങ്ങളുടെ കാതലെന്നാണ് ചില നേതാക്കൾ വ്യക്തമാക്കുന്നത്.
ഗാന്ധി കുടുംബത്തിന് കൂടി വേണ്ടപ്പെട്ട മണ്ഡലമായ വയനാട്ടിൽ ഒരിക്കലും തീരാത്ത സംഘടനാ പ്രശ്‌നങ്ങളാണ് അപ്പച്ചന്റെ രാജിക്ക് വഴിതുറന്നത്.
രാഹുൽ ഗാന്ധി മാറി പ്രിയങ്ക ഗാന്ധിയുടെ വരവോടെ മണ്ഡലത്തിൽ എ.ഐ.സി.സി കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇതിനിടെ നടന്ന വയനാട് ഡി.സി.സി ട്രഷററുടെ ആത്മഹത്യയും പിന്നിലെ കോഴ വിവാദവും പാർട്ടിയെ വലച്ചിരുന്നു.
അപ്പച്ചന്റെ അടുത്ത അനുയായിയും മുള്ളൻകൊല്ലി പഞ്ചായത്തംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്. തുടർന്ന് വിജയന്റെ കടം തീർക്കുന്നതിനെ ചൊല്ലിയുള്ള വിവാദം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. വിഷയം തെരുവിൽ വലിച്ചിഴച്ചതും അപ്പച്ചന് വിനയായി.
അഡ്വ. ടി ജെ ഐസകിനെ വയനാട് ഡിസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. നിലവില്‍ കല്‍പ്പറ്റ മുന്‍സിപാലിറ്റി ചെയര്‍മാനാണ് ടി ജെ ഐസക്. കെപിസിസി നിര്‍ദേശം എഐസിസി അംഗീകരിച്ചു.