/sathyam/media/media_files/2025/08/27/sunny-joseph-vd-satheesan-deepadas-munshi-2025-08-27-18-49-00.jpg)
കൊച്ചി : ഗണപതിക്കല്യാണം പോലെ നീളുന്ന സംസ്ഥാന കോൺഗ്രസിലെ പുന:സംഘടനാ നടപടികൾ അവസാന ഘട്ടത്തിലെന്ന് സൂചന.
നിലവിൽ പട്ടികയിൽ 60 ജനറൽ സെക്രട്ടറിമാർ, 9 വൈസ് പ്രസിഡന്റുമാർ ട്രഷറർ എന്നിവരുടെ അന്തിമ പട്ടിക കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഹൈക്കമാന്റിന് സമർപ്പിച്ചുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
എന്നാൽ പാർട്ടി പ്രവർത്തനങ്ങൾ ജില്ലാ- നിയോജക മണ്ഡലം തലങ്ങളിൽ എകോപിപ്പിക്കാൻ കെ.പി.സി.സി സെക്രട്ടറിമാരെ കൂടി നിയമിക്കണമെന്ന വാദവും ശക്തിപ്പെടുകയാണ്.
നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, ഷാനിമോൾ ഉസ്മാൻ, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എന്നിവർക്ക് പുറമേ ഭൂരിഭാഗം എം.പിമാർക്കും എം.എൽ.എമാരിൽ ചിലർക്കും സെക്രട്ടറി പദവിയിലേക്ക് ആളെ വെയ്ക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകുന്നവരാണ്.
നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ചിലരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജംബോ പട്ടിക പുറത്തിറക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് എ.ഐ.സി.സിയുള്ളത്.
ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പിനും നേതൃത്വം തയ്യാറല്ല. മുമ്പ് എ.ഐ.സി.സി സംസ്ഥാനത്ത് നടത്തിയ സർവ്വേയുടെ കൂടി അടിസ്ഥാനത്തിൽ പവർത്തന മികവുള്ളവരെ നിയമിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്.
നിലവിലുള്ള 23 ജനറൽ സെക്രട്ടറി പദവികൾക്ക് പിന്നാലെ 37 പേരെ കൂടി ഇതേ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
മുഖ്യധാരയിൽ നിന്നും പിന്നിലേക്ക് പോയ കെ.പി ധനപാലനെ പോലെയുള്ള നേതാക്കളെയടക്കം പാർട്ടിയുടെ മുൻനിരയിലെത്തിക്കാനും നീക്കമുണ്ട്.
സാമുദായിക പരിഗണനയ്ക്കും ഗ്രൂപ്പ് അല്ലെങ്കിൽ നേതാക്കളുടെ താൽപര്യത്തിനും അതീതമായി നിയമനം നടത്തുമെന്ന കോഴിക്കോട് ചിന്തൻ ശിബിരത്തിലെ പാർട്ടിയുടെ പ്രഖ്യാപനം നടക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഭൂരിഭാഗം നേതാക്കളുമുള്ളത്.
ജനറൽ സെക്രട്ടറിമാർക്കും ഉപാദ്ധ്യക്ഷൻമാർക്കും പുറമേയുള്ള സെക്രട്ടറി പദവിയിൽ 35 പേരെയെങ്കിലും നിയമിച്ച് ഒരു സെക്രട്ടറിക്ക് 4 നിയോജക മണ്ഡലങ്ങളുടെ ചാർജ്ജ് നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ജില്ലകളുടെ ചുമതലയ്ക്ക് പുറമേ ഒന്നിലേറെ നിയോജക മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കെ.പി.സി.സി എക്‌സിക്യൂട്ടീവിന്റെ എണ്ണം ജില്ലയിൽ നിന്നും രണ്ടെന്ന നിലയിലേക്ക് ചുരുക്കണമെന്നും ചില നേതാക്കൾ ആവശ്യപ്പെടുന്നു.
ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പുന:സംഘടന ഇനി തദ്ദേശത്തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നുള്ള ധാരണയിലേക്കാണ് പാർട്ടി എത്തിച്ചേർന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ നിലവിലെ ഡി.സി.സി അദ്ധ്യക്ഷൻമാർ തുടരും.
നിലവിൽ ശബരിമല സവർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മേഖലാ ജാഥകൾ പന്തളത്ത് സമാപിച്ച ശേഷം പുന:സംഘടനാ പട്ടിക പുറത്ത് വിടാനാണ് ആലോചനയുള്ളത്.