/sathyam/media/media_files/2025/07/01/cpi-flag-2025-07-01-18-22-18.jpg)
തിരുവനന്തപുരം: പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി സിപിഐയിൽ ഉദ്വേഗം മുറുകുന്നു.
അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി പാർട്ടി നേതൃത്വത്തിൽ ഭിന്നതയുളള സാഹചര്യത്തിലാണ് ഉദ്വേഗം ശക്തമായത്.
ബുധനാഴ്ച ചേരുന്ന സംസ്ഥാന കൗൺസിലിൽ വെച്ച് അസിസ്റ്റന്റ് സെക്രട്ടറിമാരെയും സംസ്ഥാന എക്സിക്യൂട്ടീവിനെയും നിശ്ചയിക്കാനിരിക്കെയാണ് ഭിന്നത ശക്തമായത്.
കൊല്ലത്ത് നിന്നുളള മുതിർന്ന നേതാവ് ആർ.രാജേന്ദ്രനെ അസിസ്റ്റൻറ് സെക്രട്ടറിയായി പരിഗണിക്കുന്നതിനെ ചൊല്ലിയാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്.
ആർ.രാജേന്ദ്രനെ സംസ്ഥാന അസിസ്റ്റന്റ സെക്രട്ടറിയായി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കൊല്ലം ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ഇക്കാര്യം സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
കുണ്ടറ മണ്ഡലം സമ്മേളനത്തിലെ പ്രശ്നങ്ങളുടെ പേരിൽ ജില്ലാ നേതൃത്വം 3 പ്രധാന നേതാക്കളെ സസ്പെന്റ് ചെയ്തതിനോട് ആർ.രാജേന്ദ്രൻ യോജിക്കാതിരുന്നതാണ് ജില്ലാ സെക്രട്ടറി എതിർനിലപാട് സ്വീകരിക്കാൻ കാരണം.
ഇത്തവണത്തേതിന് തൊട്ടുമുൻപുളള സമ്മേളനത്തിൽ ആർ.രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയായി നിയോഗിക്കാൻ കാനം രാജേന്ദ്രൻ താൽപര്യപ്പെട്ടപ്പോഴും പിന്നീട് ദേശിയ കൗൺസിൽ അംഗമാക്കാൻ ഒരുങ്ങിയപ്പോഴും കൊല്ലത്തെ നേതാക്കളിൽ ചിലർ എതിർപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നു.
സമാനമായ സാഹചര്യമാണ് ഇപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായി നിയോഗിക്കാൻ ഒരുങ്ങുമ്പോഴും സംജാതമായിരിക്കുന്നത്.
കൊല്ലം ജില്ലാ നേതൃത്വത്തൻെറ എതിർപ്പ് മറികടന്ന് ആർ.രാജേന്ദ്രനെ അസിസ്റ്റന്റ് സെക്രട്ടറിയാക്കാൻ സംസ്ഥാന നേതൃത്വം തയാറാകുമോയെന്നാണ് അറിയാനുളളത്.
സംസ്ഥാനത്തെ സി.പി.ഐയിലെ ഏറ്റവും വലിയ ഘടകമാണ് കൊല്ലം ജില്ല. ഒരോ തവണയും ആർ.രാജേന്ദ്രനെ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുമ്പോഴും എതിർത്ത് തോൽപ്പിക്കുന്ന രീതി അംഗീകരിക്കരുതെന്ന് അഭിപ്രായവും ശക്തമാണ്.
ആർ.രാജേന്ദ്രന് പകരം മുല്ലക്കര രത്നാകരനെയാണ് കൊല്ലം ജില്ലാ നേതൃത്വം അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്.
മികച്ച പ്രഭാഷകനും സംശുദ്ധ രാഷ്ട്രീയത്തിൻെറ വക്താവുമായ മുല്ലക്കര പദവിയിലേക്ക് സർവ്വഥാ യോഗ്യനാണെങ്കിലും സംസ്ഥാന നേതൃത്വം അത് സമ്മതിക്കുമോയെന്ന് സംശയമുണ്ട്.
പാർട്ടിയിലാകെ എല്ലാവരുടെയും അംഗീകാരമുളള മുല്ലക്കര പാർട്ടി ആസ്ഥാനത്ത് നിയോഗിക്കപ്പെട്ടാൽ അദ്ദേഹത്തിലേക്ക് ശ്രദ്ധമാറുമെന്നതാണ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്.
സഖാക്കളിൽ നിന്ന് സമ്മർദ്ദം ഉണ്ടെങ്കിലും അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ മുല്ലക്കര താൽപര്യം പ്രകടിപ്പിക്കുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുല്ലക്കര എതിർപ്പ് പ്രകടിപ്പിക്കുന്നത്.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുല്ലക്കര രത്നാകരൻ സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനും സാധ്യതിയല്ല. മുല്ലക്കര സന്നദ്ധനാകുന്നില്ലെങ്കിൽ മന്ത്രി കെ.രാജനെ അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കണമെന്ന് ആവശ്യവും ഉയർന്നേക്കാം.
എന്നാൽ മന്ത്രിസഭയുടെ കാലാവധി തീരാൻ 7 മാസങ്ങൾ കൂടിയായതിനാൽ കെ.രാജനെ അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കാൻ സാധ്യത കുറവാണ്. നിലവിലുളള രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായ പി.പി.സുനീർ വീണ്ടും തുടരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
പുതിയ സംസ്ഥാന എക്സിക്യൂട്ടീവിനെയും ബുധനാഴ്ച ചേരുന്ന സംസ്ഥാന കൗൺസിലിൽ വെച്ച് തിരഞ്ഞെടുക്കും.
നിലവിൽ 21 അംഗ എക്സിക്യൂട്ടീവാണ് സംസ്ഥാനത്ത് നിലവിലുളളത്.പാർട്ടി അംഗത്വം വർദ്ധിച്ച സാഹചര്യത്തിൽ എക്സിക്യൂട്ടീവിൻെറ അംഗസംഖ്യ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
നിലവിലുളള എക്സിക്യൂട്ടീവിൽ നാല് ഒഴിവകളുണ്ട്. പ്രായപരിധിയെ തുടർന്ന് നേതൃസമിതികളിൽ നിന്ന് കെ.ആർ.ചന്ദ്രമോഹനൻ, ഇ.ചന്ദ്രശേഖരൻ, വി. ചാമുണ്ണി, സി.എൻ.ജയദേവൻ എന്നിവർ ഒഴിവായതിനെ തുടർന്നാണ് നാല് ഒഴിവുകൾ ഉണ്ടായത്.
ഈ നാല് ഒഴിവുകളിലേക്ക് പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. സുരേഷ് രാജ്, തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ.വത്സരാജ്,
ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ടി.ജെ.ആഞ്ചലോസ്,ഭാരതീയ കിസാൻ മസ്ദൂർ യൂണിയൻ നേതാവ് ഗോവിന്ദൻ വളളിക്കാപ്പിൽ എന്നിവരെ ഉൾപ്പെടുത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ദേശിയ എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാകും. കോട്ടയത്ത് നിന്നുളള നേതാവ് സി.കെ.ശശിധരൻ, ബിനോയ് വിശ്വത്തിനെതിരെ മോശം പരാമർശം നടത്തിയ കമലാ സദാനന്ദൻ എന്നിവരെ സംസ്ഥാന എക്സിക്യൂട്ടിവിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്.
ഇങ്ങനെ ഉണ്ടാകുന്ന മൂന്ന് ഒഴിവുകളിലേക്ക് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ, ആർ.ലതാ ദേവി, വി.എസ്.സുനിൽ കുമാർ, ഡി.ബി.ബിനു എന്നിവരെയൊണ് പരിഗണിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന് അനഭിമതനാകയാൽ സുനിൽ കുമാറിനെ സംസ്ഥാന എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തുമോ എന്നത് സംശയമാണ്.
എന്നാൽ ജനകീയനായ നേതാവായ സുനിൽ കുമാറിനെ ഇത്തവണയും സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താതെ പോയാൽ അത് വലിയ വിവാദമാകാൻ സാധ്യതയുണ്ട്.