സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സി.പി.ഐയിൽ കലഹം. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് മീനാങ്കൽ കുമാറും കെ.കെ ശിവരാമനും. പ്രായപരിധി മറവിൽ ഗൂഢനീക്കമെന്നും ആരോപണം, ഇസ്മയിലിന് പിന്തുണയും. ഒഴിവാക്കപ്പെട്ട നേതാക്കളുടെ പക്കലുള്ളത് ചൊക്രമുടി കൈയ്യേറ്റത്തിലെയും സിവിൽ സപ്ളൈസ് കോർ‍പ്പറേഷനിലെ കരാറുകളിലെയും നിർണായക വിവരങ്ങൾ. അച്ചടക്ക നടപടിയിലേക്ക് നീങ്ങാൻ നേതൃത്വത്തിന് ഭയം

New Update
SIVA

ആലപ്പുഴ: സംസ്ഥാന സമ്മേളനം കഴിഞ്ഞതിന് പിന്നാലേ സി.പി.ഐ സംസ്ഥാന നേതൃത്വത്തിൽ അസ്വസ്ഥത പുകയുന്നു.

Advertisment

സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് നേതാക്കൾ രംഗത്ത് വരുന്നതാണ് സി.പി.ഐ സംസ്ഥാന ഘടകത്തിൽ അസ്വസ്ഥത പടർത്തുന്നത്.


പുതിയ സംസ്ഥാന കൗൺസിലിൻെറ പാനലിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുൻപ് തന്നെ തീരുമാനത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്ത് നിന്നുളള സംസ്ഥാന കൗൺസിൽ അംഗവും ട്രേഡ് യൂണിയൻ നേതാവുമായ മീനാങ്കൽ കുമാർ രംഗത്ത് വന്നിരുന്നു.


കുമാറിന് പിന്നാലെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ഇടുക്കിയിൽ നിന്നുളള മുതിർന്ന നേതാവ് കെ.കെ.ശിവരാമനും രംഗത്ത് വന്നു.

സംസ്ഥാന കൗൺസിലിൽ നിന്ന് തന്നെ ഒഴിവാക്കിയതിനുളള കാരണം പ്രായപരിധിയല്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ടാണ് കെ.കെ.ശിവരാമൻ മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയിരിക്കുന്നത്.

പാർട്ടി സമിതികളിൽ തുടരുന്നതിന് 75 വയസ് പ്രായപരിധി തീരുമാനം ഉണ്ടെങ്കിലും തനിക്ക് 73 വയസ് മാത്രമേ ആയിട്ടുളളു എന്നാണ് ശിവരാമൻ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.


തന്നെ ഒഴിവാക്കിയതിനുളള കാരണം പ്രായപരിധിയും അനാരോഗ്യവുമല്ല എന്ന് തുറന്ന് പറയുന്നതിലൂടെ കെ.കെ.ശിവരാമൻ നേതൃത്വത്തെ തന്നെയാണ് ഉന്നം വെക്കുന്നത്.


ഇടുക്കി ജില്ലാ കൗൺസിലിൻെറ ക്വാട്ടയിൽ നിന്ന് സംസ്ഥാന കൗൺസിൽ അംഗമായ തന്നെ ഒഴിവാക്കാൻ ജില്ലയിൽ എന്തെങ്കിലും സവിശേഷമായ കാരണം ഉളളതായി അറിയില്ലെന്ന ശിവരാമൻെറ പ്രതികരണത്തിലും സംസ്ഥാന-ജില്ലാ നേതൃത്വത്തിന് എതിരായ ഒളിയമ്പുകളുണ്ട്.

ഇടുക്കിയലെ കൈയ്യേറ്റങ്ങൾക്കും അനധികൃത ഇടപാടുകൾക്കും എതിരെ ശക്തമായ നിലപാടെടുക്കുന്ന ശിവരാമൻ സംഘടനാ വിഷയങ്ങളിലും സംസ്ഥാന പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിൻെറ എതിർ ചേരിയിലാണ്.

ഈ കാരണങ്ങൾ കൊണ്ടാണ് ശിവരാമനെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതെന്ന് ഏറെക്കുറെ വ്യക്തമാണ്. 


ശിവരാമനെ വെട്ടിവീഴ്ത്താൻ പ്രതീകമായി നിന്നത് അദ്ദേഹം തന്നെ ജില്ലാ നേതൃത്വത്തിൽ അവരോധിച്ച ജില്ലാ സെക്രട്ടറി സലിം കുമാറാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.


22 വർഷമായി സംസ്ഥാന കൗൺസിൽ അംഗമായിരുന്ന തന്നെ ഒഴിവാക്കിയതിൽ വിഷമമില്ലെന്നും പാർട്ടിയിൽ പ്രവർത്തിക്കുന്നതിനും പാർട്ടിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുളള നിലപാട് സ്വീകരിക്കുന്നതിനും സംസ്ഥാന കൗൺസിൽ അംഗമായിരിക്കണമെന്നില്ലെന്നും ശിവരാമൻ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് എതിരായി പ്രതികരിച്ച കെ.കെ.ശിവരാമൻ സസ്പെൻഷിനിൽ കഴിയുന്ന കെ.ഇ.ഇസ്മയിലിനെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു.

പതിനാറാം വയസിൽ പാർട്ടി പ്രവർത്തനം തുടങ്ങിയ കെ.ഇ.ഇസ്മയിൽ ജയിൽ വാസവും മർദ്ദനവും ഏറ്റ് ത്യാഗോജ്ജ്വലമായ പ്രവർത്തനം കാഴ്ചവെച്ച നേതാവാണെന്നായിരുന്നു കെ.കെ.ശിവരാമൻെറ പ്രതികരണം.


പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ ആളാണ് ഇസ്മയിൽ. അച്ചടക്ക നടപടി നേരിട്ടതുകൊണ്ട് ഒരാൾ പാർട്ടി ശത്രു ആകില്ല. 


സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും ഇസ്മയിലിനെ പാർട്ടി അംഗത്വത്തിലേക്ക് തിരിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പറയേണ്ടത്  സംസ്ഥാന നേതൃത്വമാണെന്നും കെ.കെ.ശിവരാമൻ പറഞ്ഞു.

സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട തിരുവനന്തപുരത്തെ യുവനേതാവ് മീനാങ്കൽ കുമാറും സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. 

എന്തുകാരണം കൊണ്ടാണ് തന്നെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതെന്ന് സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നാണ് മീനാങ്കൽ കുമാർ സംസ്ഥാന സമ്മേളന വേദിയിൽ വെച്ച്  മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്.


വേണ്ടി വന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും മീനാങ്കൽ കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അനുനയശ്രമങ്ങളുമായി മന്ത്രി ജി.ആർ അനിൽ ഉൾപ്പെടെ നിരവധി നേതാക്കൾ മീനാങ്കൽ കുമാറിനെ ബന്ധപ്പെട്ടിരുന്നു.


എന്നാൽ വളരെ പാവപ്പെട്ട സാഹചര്യങ്ങളിൽ നിന്ന് ജില്ലയിലെ നേതൃത്വത്തിലേക്ക് വന്ന മീനാങ്കൽ കുമാറിനെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയത് മന്ത്രി ജി.ആർ.അനിലിൻെറ ഇടപെടലാണെന്നത് സി.പി.ഐയിലെ പരസ്യമായ രഹസ്യമാണ്. 

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തലസ്ഥാനത്തെ സി.പി.ഐയിൽ പ്രചരിച്ച ലഘുലേഖയുടെ പേരിലാണ് മന്ത്രി ജി.ആർ.അനിൽ, മീനാങ്കൽ കുമാറിനെ സംസ്ഥാന കൗൺസിലിൽ നിന്ന് വെട്ടിയത്.

നായർ കരയോഗം പോലെ പ്രവർത്തിക്കുന്ന ജില്ലയിലെ സി.പി.ഐയിൽ മുന്നോക്ക സമുദായക്കാരുടെ മേധാവിത്വമാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ലഘുലേഖ.


മുൻ മന്ത്രിയും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായ സി.ദിവാകരൻെറ അനുഗ്രഹാശിസുകളോടെ തയാറാക്കപ്പെട്ടതാണ് ലഘുലേഖയെന്നാണ് മന്ത്രി ജി.ആർ.അനിൽ നേതൃത്വത്തെ അറിയിച്ചിട്ടുളളത്. 


ട്രേ‍ഡ് യൂണിയൻ വഴി സി.ദിവാകരനുമായി ഏറെ അടുപ്പമുളളയാൾ എന്ന നിലയിൽ ലഘുലേഖയ്ക്ക് പിന്നിൽ മീനാങ്കൽ കുമാറും ഉണ്ടെന്നായിരുന്നു ജി.ആർ.അനിലിൻെറ സംശയം.

തിരുവനന്തപുരത്ത സി.പി.ഐയെ അക്ഷരാർത്ഥത്തിൽ കൈപ്പിടിയിലൊതുക്കിയ ജി.ആർ.അനിൽ ആ സ്വാധീനം ഉപയോഗിച്ചാണ് മീനാങ്കൽ കുമാറിനെ സംസ്ഥാന കൗൺസിലിൽ നിന്ന് വെട്ടിയത്.

എന്നാൽ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മീനാങ്കൽ കുമാറും കെ.കെ.ശിവരാമനും പരസ്യമായി രംഗത്ത് വരുന്നത് സി.പി.ഐ സംസ്ഥാന ഘടകത്തിൽ അസ്വസ്ഥത പടർത്തിയിട്ടുണ്ട്.


സംസ്ഥാന സമ്മേളനം അംഗീകരിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് പാർട്ടിയുടെ നേതാക്കൾ തന്നെ ഒരോ ദിവസവും രംഗത്ത് വരുന്നത് തന്നെ അസാധാരണ കാഴ്ചയാണ്.


പാർട്ടി അച്ചടക്കവും സംഘടനാ തത്വവും ഒന്നും പാലിക്കാത്ത തരത്തിൽ അയഞ്ഞ സംവിധാനമായി കേരളത്തിലെ സി.പി.ഐ മാറുന്നതിൻെറ ലക്ഷണമായിട്ടാണ് മുതിർന്ന നേതാക്കൾ ഈ സംഭവങ്ങളെ കാണുന്നത്. പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പോലും  നേതൃത്വത്തിന് കഴിയില്ല. 

ചൊക്രമുടി കൈയ്യേറ്റത്തിലെയും സിവിൽ സപ്ളൈസ് കോർ‍പ്പറേഷനിലെ കരാറുകളിലെയും പ്രശ്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഒഴിവാക്കപ്പെട്ട നേതാക്കളുടെ പക്കലുണ്ട്. നടപടിക്ക് മുതിർന്നാൽ ഇതെല്ലാം വെളിയിലാകും എന്നതാണ് നേതൃത്വത്തെ പിന്നോട്ട് വലിക്കുന്നത്.

Advertisment