/sathyam/media/media_files/2025/04/01/2Uj5yNxKo3mReYJJ46b3.jpg)
മധുര: പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ഒരുങ്ങി സിപിഎം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടന റിപ്പോർട്ടിലാണ് പ്രവർത്തനം വിലയിരുത്തുമെന്ന പരാമർശം ഉള്ളത്.
പി ബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേതാക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം സാധാരണ പാർട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന നിർദ്ദേശവും സംഘടനാ റിപ്പോർട്ടിലുണ്ട്.
കീഴ്ഘടകങ്ങളിലെ നേതാക്കൾക്ക് കൃത്യമായ പരിശീലനം നൽകണം. പ്രാദേശിക ഘടകങ്ങളിലെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണണം തുടങ്ങിയ നിർദ്ദേശങ്ങളും പ്രവർത്തന റിപ്പോർട്ടിലുണ്ട്.
പാർട്ടിക്കുള്ളിൽ പാർലമെന്ററി താല്പര്യങ്ങൾ വർദ്ധിക്കുന്നതായും സംഘടനാ റിപോർട്ടിൽ വിമർശനമുണ്ട്. എല്ലാ ശ്രദ്ധയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാത്രമാകുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ മാത്രം ആശ്രയിക്കുന്നത് ബഹുജന പ്രക്ഷോഭങ്ങളിലൂടെ ജനകീയ അടിത്തറ കെട്ടിപ്പടുക്കുക രാഷ്ട്രീയ അടവുനയം നടപ്പിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇത് പാർട്ടി കേഡർമാരെ പ്രത്യയശാസ്ത്രപരമായ അപചയത്തിലേക്ക് നയിക്കുന്നുമുണ്ട്.
ചിലർ സംഘടനാ ഐക്യത്തേക്കാൾ തിരഞ്ഞെടുപ്പ് അഭിലാഷങ്ങൾക്ക് മുൻഗണന നൽകുകയാണ് ചെയ്യുന്നത്.
മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാർലമെന്ററി അവസരവാദത്തിന്റെ ഉദാഹരണമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉള്ളതായും പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പലരും പാർട്ടി പ്രവർത്തനം അവഗണിച്ച് അവരുടെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും റിപ്പോർട്ട് വിമർശിക്കുന്നു.