/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾക്ക് അനൗദ്യോഗിക തുടക്കം.
10 വർഷമായി സംസ്ഥാനത്ത് അധികാരത്തിൽ നിന്നും മാറിനിൽക്കുന്ന യു.ഡി.എഫ് തദ്ദേശതെരഞ്ഞെടുപ്പിലൂടെ മടങ്ങിവരവിന് ശ്രമിക്കുകയാണ്. 2010ൽ സംസ്ഥാനത്ത് യു.ഡി.എഫിനുണ്ടായ വിജയം ആവർത്തിക്കുന്ന തരത്തിലുള്ള ഫലമാണ് മുന്നണി നേതൃത്വം ആഗ്രഹിക്കുന്നത്.
ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകൾക്ക് പുറമേ കൂടുതൽ കോർപ്പറേഷനുകൾ പിടിച്ചെടുക്കാനും യു.ഡി.എഫ് തന്ത്രം മെനയുന്നുണ്ട്.
നിലവിൽ വാർഡ് പുനർവിഭജനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുകളിലുണ്ടായ വർധനവിലാണ് എല്ലാ കക്ഷികളുടെയും കണ്ണ്.
സംവരണ വാർഡുകൾ കൂടി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞാൽ ജില്ലകളിൽ യു.ഡി.എഫ് ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കും. എക്കാലത്തും സീറ്റ് വിഭജനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുന്നണിയിൽ രൂപപ്പെടുന്ന റിബൽ ശല്യം ഒഴിവാക്കണമെന്നാണ് പൊതുവികാരം.
വയനാട് ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് ലക്ഷ്യം വെച്ച് മിഷൻ 2025 കർമ്മ പദ്ധതികൾ പാർട്ടി നടപ്പാക്കി വരികയാണ്.
ഫണ്ട് പിരിവിനായി നടത്തുന്ന ഭവന സന്ദർശനം ഈ മാസം 30ന് പൂർത്തിയാകും. ഇതോടെ എല്ലാ വീടുമായും പാർട്ടി നേതാക്കൾക്കു ബന്ധമുണ്ടാക്കാനാകും എന്നാണ് നേതാക്കൾ പറയുന്നത്.
വാർഡ് കമ്മിറ്റി രൂപീകരണം, കുടുംബസംഗമങ്ങൾ, വോട്ടർ പട്ടിക പുതുക്കൽ എന്നിവയെല്ലാം കൃത്യമായി നടത്തിയതിലാണ് ആത്മവിശ്വാസം.
എന്നാൽ പുന:സംഘടന വഴിമുട്ടി നിൽക്കുന്നത് ഒരു വിഭാഗം നേതാക്കളെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് അകറ്റുമെന്നും പറയപ്പെടുന്നു.
ഘടകകക്ഷികൾ അവരുടേതായ രീതിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുസ്ലീം ലീഗ് കേരള കോൺഗ്രസ് ജോസഫ് എന്നിവരാണ് സംസ്ഥാനത്തുടനീളം സാന്നിധ്യമെങ്കിലും അവകാശപ്പെടാവുന്ന രണ്ട് കക്ഷികൾ.
ലീഗ് വാർഡ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം അടിത്തട്ടിൽ ശക്തമാക്കിയിട്ടുണ്ട്. കൃത്യമായി ഇടവേളകളിൽ ബൂത്ത് കമ്മിറ്റി നേതാക്കളെ വിളിച്ചുകൂട്ടിയുള്ള യോഗങ്ങളും പുരോഗമിക്കുകയാണ്.
സീറ്റ് ചർച്ചകൾ പ്രാദേശിക തലത്തിൽ നടത്തണമെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയം മാത്രമായിരിക്കണം മുഖ്യമാനദണ്ഡമെന്നുമാണ് ലീഗ് നേതൃത്വം മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം. കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ തന്നെ വേണമെന്ന കടുംപിടുന്നവും അവർ ഉന്നയിക്കുന്നില്ല.
എന്നാൽ കേരള കോൺഗ്രസിന് കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളും ഇത്തവണയും ലഭിക്കണമെന്നാണ് താൽപര്യം. കൂടുതൽ സീറ്റുകളും ആവശ്യപ്പെടും.
ജില്ലാ കമ്മിറ്റികളായിരിക്കും സ്ഥാനാർഥി നിർണയത്തിൽ പ്രധാന ഇടപെടലുകൾ നടത്തുക. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണു കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത്. മലബാറിലെ കുടിയേറ്റ മേഖലകളിലും സീറ്റ് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം.
പ്രാദേശിക പ്രശ്‌നങ്ങൾ അവിടെ തന്നെ പരിഹരിക്കണമെന്നാണു താഴെത്തട്ടിലേക്കു നൽകിയിരിക്കുന്ന നിർദേശം. കഴിവതും സംസ്ഥാന നേതൃത്വം ഇടപെടില്ല.
116 സീറ്റുകളാണ് കഴിഞ്ഞ തവണ കിട്ടിയത്. എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് നോട്ടം. ഇടുക്കിയിലും പരിഗണിക്കപ്പെടുമെന്നു അവർ പ്രതീക്ഷ വെയ്ക്കുന്നത്.
തട്ടകമായ കൊല്ലത്താണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ട് ടേമിലും ഒരു എംഎൽഎ പോലുമില്ലാതെ ഇരിക്കുന്ന പാർട്ടിയെ സംബന്ധിച്ചു തദ്ദേശ തിരഞ്ഞെടുപ്പ് ജീവൻ മരണപോരാട്ടം. തദ്ദേശ തിരഞ്ഞെടുപ്പിൽ അടിതെറ്റിയാൽ നിയമസഭ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമോയെന്ന് ആശങ്ക.
തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ തെക്കൻ ജില്ലകളിൽ അർഹമായ പ്രാതിനിധ്യം ആഗ്രഹിക്കുന്നു. ദുബായിലുള്ള സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മടങ്ങിയെത്തുന്നതോടെ ചർച്ചകൾ സജീവമാകും.
കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾക്ക് പുറമേ ഇക്കുറി ജില്ലാ പഞ്ചായത്ത് കൂടുതൽ സീറ്റുകൾനൽകണമെന്ന ആവശ്യമാണ് പൊതുവേ സി.എം.പിക്കുള്ളത്.
പരമ്പരാഗതമായി യുഡിഎഫ് തോൽക്കുന്ന സീറ്റുകൾക്ക് പകരം ജയസാധ്യതയുള്ള സീറ്റുകൾ നൽകണമെന്നും അവർ വ്യക്തമാക്കുന്നു. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തു തീരുമാനിക്കും. മറ്റിടങ്ങളിൽ പ്രാദേശികമായി പ്രഖ്യാപനം.
റിബലുകളെ കഴിവതും ഒഴിവാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തോടുള്ള അഭ്യർഥന. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷ നുകളിൽ ഒന്നിലധികം സീറ്റ് വേണമെന്ന ആവശ്യവും അവർ ഉയർത്തുന്നുണ്ട്. അതാത് ജില്ലാ കമ്മിറ്റികൾ യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ചാവും സ്ഥാനാർഥികളെ തീരുമാനിക്കുക.
വടകരയിൽ ഒതുങ്ങുന്ന ഘടകകക്ഷിയല്ലാത്ത ആർ.എം.പിക്ക് മണ്ഡലത്തിലെ 3 പഞ്ചായത്തുകളിലും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അധികാരമുള്ളിടങ്ങളിൽ അത് നിലനിർത്താൻ സജീവ ഇടപെടലാണ് നടത്തുന്നത്.
കഴിഞ്ഞ തവണ സ്വതന്ത്രമായി മത്സരിച്ച കുന്നംകുളത്ത് നിലവിൽ 3 അംഗങ്ങളാണ് പാർട്ടിക്കുള്ളത്. ഇത്തവണ വടകരയ്ക്ക് പുറത്തും യു.ഡി.എഫ് സഖ്യത്തിനൊപ്പം ചേർന്നു മത്സരിക്കാനാണ് തീരുമാനം.
പാലാ മണ്ഡലം കൈപ്പിടിയിൽ ഒതുക്കിയിട്ടുള്ള മാണി സി. കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാർട്ടി, രാജൻ ബാബു നേതൃത്വം നൽകുന്ന ജെ.എസ്.എസ്, ജോൺ ജോണിന്റെ ദേശീയ ജനതാദൾ അടക്കമുള്ള കക്ഷികളും അർഹമായ സീറ്റുകൾ മുന്നണി നേതൃതവം നൽകുമെന്ന പ്രതീക്ഷയിലാണുള്ളത്.