/sathyam/media/media_files/2025/09/19/iuml-cpm-2025-09-19-20-16-04.jpg)
മലപ്പുറം:തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വികസന സദസുമായി സഹകരിക്കാൻ തീരുമാനമെടുത്ത് വിവാദത്തിൽ ആയി മുസ്ലിം ലീഗ്.
ലീഗിൻറെ തട്ടകമായ മലപ്പുറം ജില്ലയിൽ വികസന സദസ്സ് ഗംഭീരമായി നടത്താനായിരുന്നു പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. തീരുമാനം സർക്കുലറായി താഴത്തട്ടിൽ ഉള്ള ഘടകങ്ങളെ അറിയിക്കുകയും ചെയ്തു.
വികസന സദസ് മലപ്പുറത്ത് ഗംഭീരമായി നടത്തണമെന്നാണ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം സർക്കുലർ വഴി അനുബന്ധ കമ്മിറ്റികളെ അറിയിച്ചത്. വികസന സദസ് ബഹിഷ്കരിക്കാനായിരുന്നു സംസ്ഥാനതലത്തിൽ യുഡിഎഫ് കൈക്കൊണ്ട തീരുമാനം.
ഇതിന് വിരുദ്ധമായാണ് മലപ്പുറം ജില്ലയിൽ വികസന സദസുമായി സഹകരിക്കാൻ ലീഗ് ജില്ലാ നേതൃത്വം തീരുമാനിച്ചത്. മുന്നണിയുടെ പൊതു തീരുമാനത്തിന് കടകവിരുദ്ധമായി ലീഗ് കൈക്കൊണ്ട തീരുമാനം മുന്നണി നേതൃത്വത്തെ ഞെട്ടിച്ചു.
എല്ലാ ഘടകകക്ഷികളുടെയും നേതാക്കൾ പങ്കെടുത്ത യുഡിഎഫ് ഉന്നതാധികാരാസമിതി യോഗത്തിലാണ് തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് സർക്കാർ സംഘടിപ്പിക്കുന്ന വികസന സദസ്സ് ബഹിഷ്കരിക്കാൻ യുഡിഎഫ് തീരുമാനിച്ചത്.
ഈ തീരുമാനം തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിലാണ് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി വികസന സദസുമായി സഹകരിക്കാൻ സ്വമേധയാ തീരുമാനിച്ചത്.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡൻറും പി.അബ്ദുൽ ഹമീദ് ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് മലപ്പുറത്ത് മുസ്ലിം ലീഗിനെ നയിക്കുന്നത്.
പാണക്കാട് കുടുംബം കൂടി ഉൾപ്പെട്ട കമ്മിറ്റിയുടെ തീരുമാനത്തിൽ യുഡിഎഫ് നേതാക്കൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മലപ്പുറത്ത് മുസ്ലിം ലീഗ് വികസന സദസ് നടത്തുന്നതിനോട് വിയോജിച്ച് യുഡിഎഫ് മുൻ കൺവീനർ എം എം ഹസ്സൻ രംഗത്തെത്തി.
സാധാരണ ഗതിയിൽ യുഡിഎഫ് ഘടകകക്ഷികളുടെ ജില്ലാ കമ്മിറ്റി യുഡിഎഫ് സംസ്ഥാന നേതൃത്വം എടുക്കുന്ന തിരുമാനത്തിന് എതിരായി നിൽക്കാറില്ലെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ നടത്തുന്ന വികസന സദസ്സും ആയി സഹകരിക്കാനുള്ള മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം നേതൃത്വം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസൻ പറഞ്ഞു.
ഏതെങ്കിലും ഒരു ജില്ലയിൽ വ്യത്യസ്തമായി തീരുമാനം എടുത്താൽ സംസ്ഥാന കമ്മിറ്റിയും അതാത് പാർട്ടി നേതൃത്വവും ഇടപെടുമെന്നും ഹസൻ പ്രതികരിച്ചു.
വികസന സദസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം കൈക്കൊണ്ട തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്ത് വന്നു.
വികസന സദസ്സിൽ നിന്ന് മുസ്ലിം ലീഗ് അടക്കം ആരും മാറിനിൽക്കാൻ പാടില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു.
വികസന സദസ്സ് അടക്കമുള്ള വിഷയങ്ങളിൽ ശരിയായ നിലപാടും തെറ്റായ നിലപാടും സ്വീകരിക്കുന്നവരുണ്ട്. ശരിയായ നിലപാട് സ്വീകരിക്കുന്നവർക്കൊപ്പം എൽഡിഎഫ് ഉണ്ടാകുമെന്ന് എം. വി.ഗോവിന്ദൻ വ്യക്തമാക്കി.
വികസന സദസ്സിനോടുള്ള നിലപാടിൽ യുഡിഎഫിൽ ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാൻ ആയിരുന്നു എം വി ഗോവിന്ദന്റെ ശ്രമം. വികസന സദസ്സിനോട് സഹകരിക്കാനുള്ള തീരുമാനം നേതാക്കളുടെ പ്രതികരണങ്ങളുമായി വിവാദമായതോടെ മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മലക്കം മറിഞ്ഞു.
സംസ്ഥാന സർക്കാരിൻറെ വികസന സദസ്സിൽ മുസ്ലിം ലീഗ് ഭാഗമാകില്ലെന്നാണ് പുതിയ നിലപാട്. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള സർക്കാർ വികസന സദസ്സിനോട് സഹകരിക്കില്ല.
എന്നാൽ വികസന സദസ്സ് സ്വന്തം നിലയിൽ നടത്തുമെന്നാണ് മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ പുതിയ തീരുമാനം.
യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയെന്നും സർക്കുലർ തയ്യാറാക്കുമ്പോൾ നിയമസഭാ സമ്മേളനത്തിൽ ആയിരുന്നുവെന്നുമാണ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദിൻ്റെ ന്യായീകരണം.
ആദ്യ തീരുമാനം വിവാദമായ പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ തിരുത്തൽ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിൻെറ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സർക്കാർ വികസന സദസ് സംഘടിപ്പിക്കുന്നത്.
ഈ മാസം 20 മുതൽ ഒക്ടോബർ 20വരെ ഒരുമാസ കാലത്താണ് വികസന സദസ് നടത്തുക.സ്ഥലത്തെ എം.എൽ.എ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർക്കൊപ്പം വിശിഷ്ട വ്യക്തികളെയും സദസിൽ പങ്കെടുപ്പിക്കണമെന്നാണ് ഉത്തരവ്.
വികസന സദസിൻെറ തുടക്കത്തിൽ സർക്കാരിൻെറ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രസൻറേഷൻ നടത്തും. പിന്നാലെ ഓരോ തദ്ദേശസ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയും അവതരിപ്പിക്കും.
ഓരോ തദ്ദേശ സ്ഥാപനത്തിൻെറയും പ്രോഗ്രസ് കാർഡിൻെറ പ്രകാശനവും സദസ്സിൽ വേണമെന്നാണ് നിർദ്ദേശം.വികസന സദസിൻെറ നടത്തിപ്പിനായി തനത് ഫണ്ടിൽ നിന്ന് പണം കണ്ടെത്തണമെന്നാണ് നിർദ്ദേശം.
പഞ്ചായത്തുകൾക്ക് 2 ലക്ഷം രൂപയും മുൻസിപ്പാലിറ്റികൾക്ക് 4 ലക്ഷം രൂപയും നഗരസഭകൾക്ക് 6 ലക്ഷം രൂപയും ചെലവിടാൻ അനുമതി നൽകിയിട്ടുണ്ട്.
പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുന്നതിനു വേണ്ടിയാണ് ത്തിനുളള വികസന സദസ് സംഘടിപ്പിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിൻ്റെ വിമർശനം.