/sathyam/media/media_files/2025/09/25/prakash-babu-binoy-2025-09-25-23-05-09.jpg)
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.പ്രകാശ് ബാബുവിനെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി.
രാഷ്ട്രീയ സംഘടന കാര്യങ്ങളിൽ ഒരുപോലെ പ്രാഗത്ഭ്യവും അറിവുമുളള പ്രകാശ് ബാബു ദേശിയ സെന്ററിൻെറ നോമിനിയായാണ് ദേശിയ കൗൺസിലിലും പിന്നീട് ദേശിയ എക്സിക്യൂട്ടീവിലും തുടർന്ന് പരമോന്നത സമിതിയായ ദേശിയ സെക്രട്ടേറിയേറ്റിലും എത്തിയത്.
സംസ്ഥാനത്തെ സി.പി.ഐ നേതൃത്വം ബിനോയ് വിശ്വത്തിനോപ്പം പി.സന്തോഷ് കുമാർ എം.പി യെ കൂടി ദേശിയ സെക്രട്ടേറിയേറ്റിൽ എത്തിക്കാനാണ് ശ്രമിച്ചത്.
എന്നാൽ സംസ്ഥാന നേതൃത്വം പ്രകാശ് ബാബുവിനെ പിന്തുണക്കുന്നില്ലെന്ന് തിരച്ചറിഞ്ഞ കേരളത്തിൽ നിന്നുളള നേതാക്കളിൽ ചിലർ ദേശിയ നേതൃത്വത്തെ സമീപിച്ചു.
പ്രകാശ് ബാബുവിനെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താതെ തഴഞ്ഞാൽ കേരളത്തിലെ പാർട്ടിയിൽ നെടുകെ ഭിന്നത ഉണ്ടാകുമെന്ന് ദേശിയ നേതൃത്വത്തിന് ബോധ്യമായി.
ശാക്തിക ബലാബലത്തിൽ പഴയ കാനം പക്ഷത്തിൻെറ പിന്തുണയായിരുന്നു ബിനോയ് വിശ്വത്തിൻെറ ബലം. എന്നാൽ പ്രകാശ് ബാബുവിനെ തഴയുന്നതിനോട് പഴയ കാനം പക്ഷത്തിൽ നിന്നുതന്നെ ശക്തമായ എതിർപ്പുയർന്നു.
ഇത് ബിനോയ് വിശ്വത്തിനും ബോധ്യമായിരുന്നു. ദേശിയ കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെയുളള നേതാക്കളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് മുതിർന്ന നേതാവ് കെ.പ്രകാശ് ബാബുവിനെ സി.പി.ഐയുടെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ തയാറായത്.
പി.സന്തോഷ് കുമാർ, പി.പി.സുനീർ എന്നിവരുടെ ഉപദേശ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ട് നീങ്ങുന്ന ബിനോയ് വിശ്വത്തിനും പ്രകാശ് ബാബുവിനെ ഉൾപ്പെടുത്തേണ്ടതിൻെറ അനിവാര്യത കൃത്യമായി ബോധ്യമായതോടെയാണ് അദ്ദേഹം ദേശിയ സെക്രട്ടേറിയേറ്റിൽ നിന്ന് സ്വയം ഒഴിഞ്ഞ് പ്രകാശ് ബാബുവിന് വഴിയൊരുക്കിയത്.
പ്രായ പരിധിയിൽ ഇളവ് ലഭിച്ച് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഡി.രാജ അടുത്ത പാർട്ടി കോൺഗ്രസിൽ ഒഴിയുമെന്ന് ഉറപ്പാണ്.
ഇത് മുന്നിൽ കണ്ട് അടുത്ത തവണ ജനറൽ സെക്രട്ടറിയാകുകയാണ് ബിനോയ് വിശ്വത്തിൻെറ ലക്ഷ്യം. നീക്കമാണ് ബിനോയ് വിശ്വം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
അതുകൊണ്ടാണ് ദേശിയ സെക്രട്ടേറിയേറ്റിൽ നിന്ന് സ്വയം ഒഴിഞ്ഞു നിൽക്കുന്നതെന്നും സൂചനയുണ്ട്. പ്രകാശ് ബാബുവിനെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയതോടെ പൊട്ടിത്തെറി ഒഴിവായെങ്കിലും സംസ്ഥാന ഘടകത്തിലെ ഭിന്നത തുടരാൻ തന്നെയാണ് സാധ്യത.
75 വയസ് പിന്നിട്ട ഡി.രാജയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിച്ചതിൽ ബിനോയ് വിശ്വത്തോട് പാർട്ടിക്കുളളിൽ കടുത്ത എതിർപ്പുണ്ട്.
എന്ത് സമ്മർദ്ദം ഉണ്ടായാലും പ്രായപരിധി പിന്നിട്ട ഡി.രാജയെ തുടരാൻ അനുവദിക്കരുതായിരുന്നു എന്നാണ് കേരളത്തിൽ നിന്നുളള പ്രതിനിധികളിൽ ഭൂരിപക്ഷത്തിൻെറയും നിലപാട്.
ഡി.രാജക്ക് ഇളവ് നൽകിയ തീരുമാനത്തെ കേരളത്തിൽ നിന്നുളള ദേശിയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് രൂക്ഷമായി വിമർശിച്ചു.
പ്രായപരിധി കർശനമായി പാലിക്കണമെന്നായിരുന്നു രാജാജിയുടെ ആവശ്യം.പ്രായപരിധിയിൽ രാജക്ക് ഇളവ് നൽകിയതിനെ കുറിച്ച് കെ.ഇ.ഇസ്മയിലും സി. ദിവാകരനും പന്ന്യൻ രവീന്ദ്രനും ചോദിച്ചാൽ എന്ത് മറുപടി നൽകുമെന്നാണ് പ്രതിനിധികൾ സംസ്ഥാന നേതൃത്വത്തിന് നേരെ തൊടുക്കുന്ന ചോദ്യം.
സി.പി.ഐയുടെ 125 അംഗ പുതിയ ദേശിയ കൗൺസിലിൽ കേരളത്തിൽ നിന്ന് 12 പേർ അംഗങ്ങളാണ്.ബിനോയ് വിശ്വം, കെ.പ്രകാശ് ബാബു, പി.സന്തോഷ് കുമാർ, കെ.പി.രാജേന്ദ്രൻ, പി.പി.സുനീർ, കെ.രാജൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ,
രാജാജി മാത്യു തോമസ്, പി.വസന്തം, ചിറ്റയം ഗോപകുമാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.ജെ.ആഞ്ചലോസ്, ടി.ടി.ജിസ്മോൻ (കാൻഡിഡേറ്റ് അംഗം), സത്യൻ മൊകേരി (കൺട്രോൾ കമ്മീഷൻ അംഗം) എന്നിവരാണ് കേരളത്തിൽ നിന്നുളള ദേശിയ കൗൺസിൽ അംഗങ്ങൾ.
31 അംഗ ദേശിയ എക്സിക്യൂട്ടിൽ സംസ്ഥാനത്ത് നിന്ന് നാല് അംഗങ്ങളുണ്ട്.ബിനോയ് വിശ്വം, കെ.പ്രകാശ് ബാബു, പി.സന്തോഷ് കുമാർ,കെ.പി.രാജേന്ദ്രൻ എന്നിവരാണ് കേരളത്തിൽ നിന്നുളള ദേശിയ എക്സിക്യൂട്ടീവ് അംഗങ്ങൾ.