/sathyam/media/media_files/2025/10/11/kc-pi-2025-10-11-23-53-11.jpg)
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിനൊപ്പം വടകര എം.പി ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനെതിരെയും പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്.
വെളളിയാഴ്ച രാത്രി ഷാഫി പറമ്പിലിനെതിരെ പൊലീസ് അതിക്രമം ഉണ്ടായതിന് പിന്നാലെ തന്നെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകരുടെ വീറും ആവേശവും കെടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ടിയാണ് പ്രക്ഷോഭരംഗത്ത് തന്നെ നിലയുറപ്പിക്കുന്നത്.
എ.ഐ.സി.സിയുടെ സംഘടന ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി തന്നെ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയതോടെ കേരളത്തിലെ കോൺഗ്രസ് മുൻപെങ്ങുമില്ലാത്ത വിധം സമരാവേശത്തിൽ അമർന്നിരിക്കുകയാണ്.
പൊലീസിനെതിരെ കടുത്ത വിമർശനമാണ് പേരാമ്പ്രയിലെ പ്രതിഷേധ സംഗമത്തിലുയർന്നത്. പ്രതിഷേധ യോഗം ഉൽഘാടനം ചെയ്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പതിവ് ശൈലി വിട്ട് പൊലീസ് ഉദ്യോഗസ്ഥരെ പേരെടുത്ത് വിളിച്ച് കടന്നാക്രമിച്ചതും പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ്.
''ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ അത് വിട്ടുകൊടുക്കില്ല. കെ.എസ്.യു ജയിക്കാൻ പാടില്ലേ കോളജുകളിൽ. പ്രവർത്തകരെ വിട്ട് സ്വർണത്തിന് കാവലിരിക്കുന്ന പാർട്ടിയല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
അണികളെ നോക്കാനാണ് ഷാഫിയും ഡി.സി.സി പ്രസിഡൻ്റും പേരാമ്പ്രയിൽ എത്തിയത്. ആരാ ഈ ഡി.വൈ.എസ്.പി സുനിൽകുമാർ. ഓർത്തോ ഞങ്ങൾ നോക്കിവെച്ചിട്ടുണ്ട്. നോട്ടുപുസ്തകത്തിൽ കുറിച്ച് വെച്ചിട്ടുണ്ട്. ഉളുപ്പുണ്ടോ നിങ്ങൾക്ക് ഉളുപ്പുണ്ടോ, ഇങ്ങനെ കാക്കിക്കുപ്പായം ഇട്ട് നടക്കാൻ.
റൂറൽ എസ്.പി. ബൈജു അറിയാൻ പറയുകയാണ്. ആറ് മാസം കഴിഞ്ഞാൽ നിങ്ങളെ ഞങ്ങൾ കാണും. എല്ലാക്കാലവും പിണറായി തന്നെ കേരളം ഭരിക്കുമെന്ന് ആരെങ്കിലും പറഞ്ഞുതന്നിട്ടാണ് ഇങ്ങനെ കുതിരകയറുന്നതെങ്കിൽ അതൊന്നും നടക്കാൻ പോകുന്നില്ല. ആറ് മാസം കഴിഞ്ഞു ബൈജുവിനെ നമ്മൾ കാണും. എല്ലാ നടപടികളും ചോദ്യം ചെയ്യും.
ഓല പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട. യൂണിഫോമിട്ട് ഏമാൻമാരെ സുഖിപ്പിക്കാൻ വേണ്ടി എം.പിയ്ക്ക് നേരെ കുതിരകയറിയാൽ ഷാഫി ആരാണ്, കോൺഗ്രസ് ആരാണ് എന്ന് നിങ്ങളെ ബോധ്യപ്പെടുത്തിത്തരും. ഈ നാട് കേരളമാണ്. ഇത് സി പി എമ്മിൻ്റെ അവസാന ഭരണമാണിത്.
കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്തോണം.സാധാരണ ഞാൻ ഇങ്ങനെ ഒന്നും പറയുന്നതല്ല, പക്ഷേ ഇതൊക്കെ കണ്ടാലും കേട്ടാലും പറയാതിരിക്കുന്നതെങ്ങനെ '' കെ.സി.വേണുഗോപാൽ ആഞ്ഞടിച്ചു.
മലബാറിലെ കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ ഇളകിമറിയുകയായിരുന്നു. എം കെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഐ ജി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി.
തൃശൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നെങ്കിലും ഹോട്ടലിൽ വെച്ച് കസ്റ്റഡിയിലെടുത്തു. എറണാകുളം തോപ്പുംപടിയിലും മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
കാസർകോട് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. വയനാട് കൽപ്പറ്റയിലും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
വടകര റൂറൽ എസ് പി കെ ഇ ബൈജുവിന്റെ ചേർത്തലയിലെ വീട്ടിലേക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായി. കോലം കത്തിക്കാൻ എത്തിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി.
മലബാറിലെ സമരാവേശം മധ്യകേരളത്തിലേക്കും തെക്കൻ കേരളത്തിലേക്കും അതിവേഗം വ്യാപിപ്പിക്കാനാണ് കോൺഗ്രസിൻെറ തീരുമാനം. പ്രക്ഷോഭത്തിൻെറ ആവേശവുമായി പ്രവർത്തകരെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുകയാണ് നിരന്തര സമരത്തിലൂടെ കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലീസ് അതിക്രമത്തിന് എതിരായ പ്രചരണ പരിപാടി കൂടിയായി മാറുമെന്ന് ഉറപ്പാണ്.
സ്വർണക്കളവ് വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ലോക്സഭാംഗത്തിന് നേരെ പൊലീസിനെ കൊണ്ട് അതിക്രമം അഴിച്ചുവിട്ടതെന്നാണ് കോൺഗ്രസിൻെറ വിമർശനം.
എന്തൊക്കെ അക്രമം നടത്തിയാലും ശബരിമലയിലെ സ്വത്തുക്കൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചതിന് എതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് അറിയിച്ചു.
ശബരിമല വിവാദത്തോടെ മനോവീര്യം വീണ്ടെടുത്ത കോൺഗ്രസ് - യൂഡിഎഫ് പ്രവർത്തകർ ഷാഫി പറമ്പിലിന് എതിരായ പൊലീസ് അതിക്രമത്തോടെ സമരാവേശത്തിലേക്ക് കടന്നത് നേതൃത്വത്തിൻെറ ആത്മവിശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്.