/sathyam/media/media_files/2025/09/15/kodi-sunn-2025-09-15-22-49-41.png)
തിരുവനന്തപുരം: ഭാരവാഹിയോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷും.
ഭാരവാഹി യോഗത്തിൽ സംസാരിക്കുന്നതിനിടെ കൊടിക്കുന്നിൽ സുരേഷ് നടത്തിയ പരിഹാസമാണ് കെ.പി.സി.സി അധ്യക്ഷനും പ്രവർത്തക സമിതി അംഗവും തമ്മിൽ കൊമ്പുകോർക്കലിന് വഴിവെച്ചത്.
കെ.പി.സി.സിയുടെ മുൻ അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂർ ജില്ലയുടെയാകെ കെ.പി.സി.സി പ്രസിഡന്റായിരുന്നെങ്കിൽ ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് പേരാവൂർ നിയോജക മണ്ഡലത്തിൻെറ മാത്രം പ്രസിഡന്റാണെന്ന കൊടിക്കുന്നിലിൻെറ പരിഹാസമാണ് പ്രമുഖ നേതാക്കൾ തമ്മിലുളള വാക് പോരിന് കാരണമായത്.
കൊടിക്കുന്നിലിൻെറ പരാമർശത്തോടെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കുപിതനായി. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം സംസ്ഥാനം എമ്പാടും സഞ്ചരിച്ച് പങ്കെടുത്ത പരിപാടികളുടെ വിവരങ്ങൾ കെ.പി.സി.സി അധ്യക്ഷൻ യോഗത്തിൽ വായിച്ചു.
കണ്ണൂരിലെ പേരാവൂരിലോ നിൽക്കുകയായിരുന്നില്ല മറിച്ച് സംസ്ഥാനത്താകെ ഓടിയെത്തുകയും വിവിധ പരിപാടികളിലും പ്രക്ഷോഭങ്ങളിലും പങ്കാളിയാകുകയും ചെയ്യുകയായിരുന്നു എന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
ജില്ലാ അതിർത്തിയിലൊ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രവർത്തനമല്ല ഇക്കാലയളവിൽ നടത്തിയതെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റികളും പ്രാദേശിക നേതൃത്വവും ക്ഷണിക്കുന്ന എല്ലാ പരിപാടികളിലും മുടക്കം കൂടാതെ എത്തിച്ചേർന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
കൊടിക്കുന്നിലിൻെറ പരിഹാസം സണ്ണി ജോസഫിനെ സ്പർശിച്ചുവെന്ന് മനസിലാക്കിയ മറ്റ് നേതാക്കൾ കൊടിക്കുന്നിലിന് എതിരെ തിരിഞ്ഞു.
കെ.പി.സി.സി അധ്യക്ഷന് നേരെ നടത്തിയ പരിഹാസ പരാമർശം പിൻവലിക്കാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാടെടുത്തതോടെ കൊടിക്കുന്നിൽ തീർത്തും പ്രതിരോധത്തിലായി.
നേതാക്കളെല്ലാം തനിക്കെതിരെ തിരിയുകയാണെന്ന് തിരിച്ചറിഞ്ഞ കൊടിക്കുന്നിൽ സുരേഷ് പരാമർശം പിൻവലിക്കുന്നതായി അറിയിച്ചു.ഇതോടെയാണ് രംഗം ശാന്തമായത്.
രാഹുൽ മാങ്കൂട്ടത്തിലിൻെറ സസ്പെൻഷന് ശേഷം നടന്ന സൈബർ ആക്രമണത്തെ കുറിച്ച് കൊടിക്കുന്നിൽ നടത്തിയ പരാമർശം കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ചിരിപടർത്തി.
ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട നേതാവ് താനാണെന്ന കൊടിക്കുന്നിലിൻെറ പരാമർശം ആണ് നേതാക്കൾക്കിടയിൽ ചിരിക്ക് വഴിവെച്ചത്. കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയരുമ്പോഴെല്ലാം പകരം ഉയർന്നു വന്നത് തൻെറ പേരായിരുന്നു.
ഇതോടെ സൈബർ ആക്രമണമെല്ലാം തനിക്ക് നേരെയായി.സുധാകരന് പകരം താൻ കെ.പി.സി.സി പ്രസിഡന്റ് ആയതുമില്ല, സൈബർ ആക്രമണം നേരിടുകയും ചെയ്തുവെന്നായിരുന്നു കൊടിക്കുന്നിലിൻെറ പരാമർശം.
സൈബർ ആക്രമണത്തെ പഴിക്കുന്ന നേതാക്കൾ തന്നെയാണ് നേരത്തെ സൈബർ പടയാളികളെ അഴിച്ചുവിട്ടതെന്നും ഇപ്പോൾ അത് അവർക്കെതിരായപ്പോൾ കുറ്റം പറയുകയാണെന്നും നേതാക്കൾ വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നം വെച്ചായിരുന്നു ഈ പരാമർശം.