'സ്വരം കടുത്തു പാട്ട് നിർത്തി'. എൻ.ഡി അപ്പച്ചന്റെ രാജിക്ക് പിന്നിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ. പ്രിയങ്ക സ്വരം കടുപ്പിച്ചതോടെ കെ.പി.സി.സി നേതൃത്വം രാജി ചോദിച്ചു വാങ്ങി. തനിക്ക് തോന്നുന്നെങ്കിൽ രാജിയെന്ന അപ്പച്ചന്റെ പരാമർശവും വിനയായി. സ്വന്തം മണ്ഡലത്തിൽ വരുമ്പോഴെല്ലാം പ്രിയങ്കയെ കുഴക്കിയ വിവാദത്തിൽ നിന്നും തടിയൂരി പാർട്ടി

New Update
appachan priyanka

വയനാട്: ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരനായിരുന്ന എൻ.ഡി അപ്പച്ചന്റെ രാജിക്ക് പിന്നിൽ കോൺഗ്രസ് ഹൈക്കമാന്റ്.

Advertisment

എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ എത്തുമ്പോഴെല്ലാം വിവാദങ്ങൾ കൊണ്ട് അവരുടെ സന്ദർശനത്തിന്റെ നിറം കെട്ടിരുന്നു.


അടുത്തിടെയുണ്ടായ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ വലിയ വിവാദമായിട്ടും കാര്യങ്ങൾ പരിഹരിക്കാൻ ഡി.സി.സിക്ക് കഴിഞ്ഞില്ലെന്ന ആരോപണം ഉയർന്നിരുന്നു.


പല തവണ കൂടിയാലോചനകൾ നടന്നിരുന്നുവെങ്കിലും ജില്ലയിലെ ഗ്രൂപ്പു കളിയും നേതാക്കൾക്കിടയിലുള്ള ചേരിതിരിവും മൂലം വിഷയം ഫല്രപദമായി പരിഹരിക്കാൻ ഡി.സി.സിക്കോ കെ.പി.സി.സി നേതൃത്വത്തിനോ കഴിഞ്ഞിരുന്നില്ല. 

തുടർന്നാണ് ഇക്കഴിഞ്ഞയിടെ പ്രിയങ്ക ഗാന്ധി നേരിട്ട് വിഷയത്തിൽ ഇടപെട്ടത്. ഇതോടെ ചർച്ചകൾ ചൂടുപിടിച്ചു.

images (59)

എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപൽ ഇടപെട്ട് നടത്തിയ ചർച്ചകളിലാണ് നേതാക്കൾ തമ്മിലുള്ള പോര് മറനീക്കി പുറത്ത് വന്നത്.

ഇതോടെ നേതാക്കൾക്ക് കടുത്ത ഭാഷയിൽ താക്കിത് നൽകിയ അദ്ദേഹം വിഷയത്തിൽ എത്രയും പെട്ടന്ന് പരിഹാരം കാണാനും നിർദ്ദേശം നൽകിയിരുന്നു.


തുടർന്നും നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചയും തുടർച്ചയായി എം.എൻ വിജയന്റെ മരുമകൾ പത്മജ ആരോപണവുമായി രംഗത്ത് വന്നതും വിഷയത്തെ വീണ്ടും സങ്കീർണ്ണമാക്കി. തുടർന്നാണ് കടുത്ത നിലപാടിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയത്.


കെ.പി.സി.സിക്ക് വിഷയം പരിഹരിക്കാനാവുന്നില്ലെങ്കിൽ എ.ഐ.സി.സി ഇടപെട്ട് വിഷയത്തിന് പരിഹാരം കാണാമെന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നതോടെയാണ് ചർച്ചകൾക്ക് വേഗം വർധിപ്പിച്ച് പ്രശ്‌നം പരിഹരിച്ചത്. 

ഡി.സി.സി അദ്ധ്യക്ഷനായിരുന്ന അപ്പച്ചനെ ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങളിൽ നിരന്തര പരാതികൾ കേന്ദ്രനേതൃത്വത്തിന് ലഭിച്ചിരുന്നു. 

ഇതിന് പുറമേ എം.എൻ വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ വീഴ്ച്ചയും അപ്പച്ചന് വിനയായി.

appachan vijayan ic

ഇതിനെല്ലാം പുറമേ കഴിഞ്ഞ ദിവസം തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാൻ ഒരു നീക്കവും നടക്കുന്നില്ലെന്നും, താൻ വിചാരിച്ചാലേ രാജിവെക്കൂ എന്നും അപ്പച്ചൻ തുറന്നടിച്ചതും രാജിയിലേക്ക് നയിച്ചു. 

കെ.പി.സി.സി നേതൃത്വത്തിൽ ആലോചിച്ച മുണ്ടക്കൈ-ചൂരൽമല പുനരധിവാസപദ്ധതി ഉൾപ്പെടെ നടക്കാതെപോയതിലും സ്ഥലമേറ്റെടുപ്പ് പൂർത്തീകരിക്കാത്തതിലും പ്രിയങ്കയ്ക്ക് എതിർപ്പുണ്ടായിരുന്നു. 


പ്രിയങ്കാ ഗാന്ധി മണ്ഡലത്തിൽ രണ്ട് ആഴ്ചയോളം പര്യടനം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യ ഉൾപ്പെടെ ഉണ്ടാകുന്നത്.


പിന്നാലെ എൻ.എം. വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമവുമുണ്ടായി. ഇക്കാര്യങ്ങളിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ജില്ലാ നേതൃതലത്തിൽ മാറ്റംവേണമെന്ന് ഹൈക്കമാൻഡ് അടക്കം ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് പ്രിയങ്ക പര്യടനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ കെ.പി.സി.സി നേതൃത്വം രാജി ചോദിച്ചു വാങ്ങുകയായിരുന്നു. 


എൻ.എം വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിൽ രണ്ടാം പ്രതിയാണ് അപ്പച്ചൻ.


ഇതിന്റെ പേരിലുള്ള വിവാദങ്ങൾ മൂർച്ഛിച്ച് നിൽക്കവെയാണ് മുള്ളൻകൊല്ലി പഞ്ചായത്തംഗവും അപ്പച്ചൻറെ അടുത്ത ആളുമായിരുന്ന ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്.

നിലവിൽ ടി.ജെ ഐസക്കിനാണ് ഡി.സി.സി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകിയിട്ടുള്ളത്. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ ഐസക്ക് 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്.

കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Advertisment