/sathyam/media/media_files/2025/05/22/qEoRturCsGOJcrBvIx9B.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മത്സരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരള നിയമസഭയിലേക്ക് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം പിടിച്ചെടുക്കാൻ ഉറച്ചാണ് മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കാൻ ഇറങ്ങുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനോട് കേവലം 16077 വോട്ടുകൾക്ക് മാത്രം തോറ്റ രാജീവ് ചന്ദ്രശേഖർ, നേമം നിയമസഭ മണ്ഡലത്തിൽ ഒന്നാമത് എത്തിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് നേമത്ത് ഒരു കൈ നോക്കാൻ ഒരുങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് ബിജെപിയുടെ ഇന്നു നടന്ന കോർ കമ്മിറ്റി യോഗത്തിൽ രാജീവ് ചന്ദ്രശേഖർ തന്നെ സൂചന നൽകി. 2016 ൽ മുതിർന്ന നേതാവ് ഒ. രാജഗോപാലിലൂടെയാണ് ബിജെപി നേമം മണ്ഡലം പിടിച്ചെടുത്ത് അക്കൗണ്ട് തുറന്നത്.
2021ൽ കുമ്മനം രാജശേഖരനെ കളത്തിൽ ഇറക്കി ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി വന്നതോടെ തോൽക്കുകയായിരുന്നു. മുരളീധരന്റെ സ്ഥാനാർത്ഥിത്വം ഒന്നു കൊണ്ട് മാത്രമാണ് നേമത്ത് വീ ശിവൻകുട്ടി ജയിച്ചു കയറിയത്.
മന്ത്രിയാണെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന വി.ശിവൻകുട്ടി ഇത്തവണ മത്സരിക്കാൻ സാധ്യത കുറവാണ്. ശിവൻകുട്ടിക്ക് പകരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കോവളം ഹരികുമാർ, മേയർ ആര്യ രാജേന്ദ്രൻ എന്നിവരെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
എന്നാൽ വിജയസാധ്യത മുൻനിർത്തി ശിവൻകുട്ടിയെ വീണ്ടും മത്സരിപ്പിക്കണം എന്ന ആവശ്യം ഉയർന്നേക്കും. എതിരാളികൾ ആരാണെങ്കിലും ഈ കുറി നേമത്ത് വെന്നിക്കൊടി പാറിക്കാം എന്നാണ് ബിജെപിയുടെ ആത്മവിശ്വാസം.
ഭരണവിരുദ്ധ വികാരം ശക്തമായ മണ്ഡലത്തിൽ ഇടതു പക്ഷത്തിന് വിജയസാധ്യത ഇല്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇലക്ഷൻ മാനേജ്മെൻറ് തന്ത്രങ്ങളിൽ മികവ് പുലർത്തുന്ന രാജീവ് ചന്ദ്രശേഖർ നിയമത്തെ മത്സരിക്കാൻ
ഇറങ്ങിയാൽ സിപിഎമ്മിനും യുഡിഎഫിനും വലിയ വെല്ലുവിളി ആയിരിക്കും.
സംഘപരിവാറിന് നല്ല സ്വാധീനമുള്ള നേമം മണ്ഡലത്തിൽ അവരുടെ അടിസ്ഥാന വോട്ടുകൾ മുഴുവൻ നേടാനായാൽ രാജീവ് ചന്ദ്രശേഖറിന് അനായാസം ജയിച്ചു കയറാം. പൊതുസമൂഹത്തിൽ രാജീവ് ചന്ദ്രശേഖറിനുള്ള സ്വാധീനമാണ് ഈ ആത്മവിശ്വാസത്തിന്റെ അടിത്തറ.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതാക്കളോട് കോർ കമ്മിറ്റി യോഗത്തിൽ വച്ച് രാജീവ് ചന്ദ്രശേഖർ നിർദ്ദേശം നൽകി. താൻ നിയമം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ യോഗത്തിൽ അറിയിച്ചു.
ബാക്കിയുള്ള നേതാക്കൾ ഏത് മണ്ഡലത്തിൽ ശ്രദ്ധിക്കണമെന്ന അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖറിനും അനൂപ് ആന്റണിക്കും ഷോൺ ജോർജിനും മാത്രമേ ഇപ്പോൾ സീറ്റ് ഉറപ്പുള്ളൂവെന്ന പരിഹാസം കലർന്ന വിമർശനവും യോഗത്തിൽ ഉണ്ടായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നില മെച്ചപ്പെടുത്താൻ ഭഗീരഥ പ്രയത്നം നടത്തണമെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. നിലവിൽ ബിജെപി ഭരിക്കുന്ന പാലക്കാട്, പന്തളം നഗരസഭകൾ ഒരു കാരണവശാലും കൈവിട്ടു പോകാൻ അനുവദിക്കരുതെന്നാണ് നിർദ്ദേശം.
പ്രാദേശിക പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഈ നഗരസഭകളിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഭരണം നിലനിർത്തണം.
ബിജെപി മുഖ്യപ്രതിപക്ഷമായ തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകളിലും വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, കൊടുങ്ങല്ലൂർ, കുന്നംകുളം നഗരസഭകളിലും വിജയം ഉറപ്പാക്കണം എന്നും കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കഴിഞ്ഞതവണ കൈവിട്ടു പോയ തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകളിൽ ഇത്തവണ ഭരണം കിട്ടിയില്ലെങ്കിൽ താനുൾപ്പെടയുള്ള പാർട്ടി നേതൃത്വത്തിന് തന്നെ അത് ഭീഷണിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.