മോദിയേയും അമിത് ഷായേയും കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്. മുഖ്യമന്ത്രിയോടൊപ്പം കെ.വി തോമസും ജോൺബ്രിട്ടാസും. വയനാട് പുനരധിവാസ സഹായ അഭ്യർത്ഥനയ്ക്ക് പുറമേ രാഷ്ട്രീയ പ്രാധാന്യമുള്ള നീക്കമായി വിലയിരുത്തൽ. കൂടിക്കാഴ്ച രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പ്. നിർണായക കൂടിക്കാഴ്ച വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സുപ്രിം കോടതിയിൽ ഹർജി പരിഗണിക്കുന്നതിനിടെ

New Update
pinarai vijayan amit shah

തിരുവനന്തപുരം: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി-അമിത് ഷാ കൂടിക്കാഴ്ച.

Advertisment

ഇതേദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. ഡൽഹിയിലെ കേരളത്തിൻെറ പ്രത്യേക പ്രതിനിധിയായ കെ.വി തോമസും ജോൺബ്രിട്ടാസ് എം.പിയും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും.


വയനാട് മുണ്ടക്കൈ - ചൂരൽമല പുനരധിവാസ നടപടികൾക്ക് കേന്ദ്ര സഹായം അഭ്യ‌ർത്ഥിച്ചാണ് കാണുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അമിത് ഷായുമായുളള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.


സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൻെറ ആരവങ്ങൾ തുടങ്ങിയിരിക്കമ്പോഴാണ് അമിത് ഷായെ കണ്ട് സഹായം അഭ്യർത്ഥിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

narendra modi amith shah

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയും ചെയ്യും. ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് അക്കൗണ്ട് തുറന്ന ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുളള തയാറെടുപ്പിലാണ്.


ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുളള കൂടിക്കാഴ്ച രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.


കേരളത്തിൽ ഒരിക്കൽ കൂടി എൽ‍ഡിഎഫ് സർക്കാർ വരട്ടെയെന്ന താൽപര്യമാണ് ബിജെപിക്ക് ഉളളതെന്നകാര്യം ഇപ്പോൾ തന്നെ പൊതുസമൂഹത്തിൽ ചർച്ചയാണ്.

വയനാട് പുനരധിവാസത്തിന് വേണ്ടി സഹായം അഭ്യർത്ഥിക്കുന്നതിന് വേണ്ടി മാത്രമാണ് മുഖ്യമന്ത്രി അമിത് ഷായെ കാണുന്നതെന്ന ഔദ്യോഗിക വിശദീകരണവും രാഷ്ട്രീയ വിമർശനത്തിന് വഴിവെച്ചേക്കും.

വയനാടിന് കേന്ദ്ര സഹായം നിഷേധിക്കപ്പെടുന്നത് പുതിയ സംഭവമല്ല. 2024 ജൂലൈ 30നാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ ഉണ്ടായി രണ്ട് ഗ്രാമങ്ങൾ തന്നെ ഒലിച്ചുപോകുകയും മൂന്നൂറോളം പേർ മരിക്കുകയും ചെയ്തത്.


ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 നാണ്. മെമ്മോറാണ്ടത്തിനു പുറമെ പിഡിഎന്‍എ നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13 നും സമർപ്പിച്ചു.


2221.03 കോടി രൂപ പുനർനിർമ്മാണ സഹായം ആണ് ആവശ്യപ്പെട്ടത്. ഈ സമയത്തൊന്നും ദുരന്തനിവാരണ വകുപ്പിൻെറകൂടി ചുമതലയുളള കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായെ കാണാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല.

സി.പി.എം യോഗങ്ങൾക്കും മറ്റുമായി പലതവണ ഡൽഹിയിൽ എത്തിയിട്ടും അമിത് ഷായെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ദുരന്തം കഴിഞ്ഞ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് പകുതിയാകുമ്പോഴാണ് ഇപ്പോഴത്തെ കൂടിക്കാഴ്ച. 

wayanad disaster relief

അതുകൊണ്ടുതന്നെ അമിത് ഷായുമായുളള ഈ കൂടിക്കാഴ്ച കേവലം വയനാട് പുനരധിവാസ സഹായത്തിന് വേണ്ടിമാത്രമുളളതല്ലെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റംപറയാനാകില്ല. 

നിയമസഭാ സമ്മേളനത്തിനിടയിലാണ് അമിത് ഷായെ കാണുന്നതിനായി മുഖ്യമന്ത്രി ഡൽഹിക്ക് പോകുന്നത്. അതുകൊണ്ടുതന്നെ കൂടിക്കാഴ്ചയെ സംബന്ധിച്ച് സഭാതലത്തിൽ തന്നെ വിമ‍ർശനങ്ങൾ ഉയർന്നേക്കും.

modi wayanad visit-2

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ സുപ്രിം കോടതിയിൽ ഹർജി പരിഗണിക്കുന്നതിനിടെയാണ് അമിത് ഷായുമായുളള കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

veena vijayan pinarayi vijayan

അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാത്യു കുഴൽനാടൻ സുപ്രിംകോടതിയിൽ അപ്പീല്‍ നൽകിയത്. ഹർജി നാളെയാണ് കോടതി പരിഗണിക്കുന്നത്.

മാസപ്പടി കേസിനെപ്പറ്റിയുളള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുളള എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Advertisment