/sathyam/media/media_files/hf07aEXYrwgSeKdW0Ucm.jpg)
കോട്ടയം: പുതുപ്പള്ളിയിലെ രാഷ്ട്രീയപ്പോരാട്ടത്തിന് ഉറച്ച ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇറങ്ങുന്നത്. പ്രചരണം തകൃതിയായി മുന്നേറുമ്പോൾ ദേശീയ തലത്തിലും ഏറെ ശ്രദ്ധാ കേന്ദ്രം തന്നെയാണ് പുതുപ്പള്ളി. ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് ആവേശം പകരാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വെള്ളിയാഴ്ച മണ്ഡലത്തിൽ എത്തും.
കെ സിയുടെ വരവും മറുപടിയും ഏറെ പ്രസക്തമാകും. കാരണം, എൽഡിഎഫ് ഉയർത്തിയ പലതിനും കൃത്യമായ രാഷ്ട്രീയ മറുപടി നൽകാൻ കെ.സിക്ക് ആവും. പ്രവർത്തക സമിതി അംഗം എന്ന നിലയിൽ കേരളത്തിലെ ഒന്നാമനായ
ദേശീയ നേതാവ് രാഷ്ട്രീയമായി മറുപടി നൽകുമ്പോൾ അതിന് വലിയ പ്രാധാന്യമുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മണര്‍കാട് നടക്കുന്ന പൊതുയോഗം കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള സെമിഫൈനലാണ് പുതുപ്പള്ളിയെന്ന് യുഡിഎഫ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. പിണറായിക്കും മോദിക്കും ജനങ്ങൾ നൽകാൻ പോകുന്ന പ്രഹരമായിരിക്കും പുതുപ്പള്ളിയിലെ യുഡിഎഫ് വിജയമെന്ന് കെ.സി വേണുഗോപാൽ നേരത്തെ പറഞ്ഞിരുന്നു.
സിപിഎം ഉയർത്തുന്ന സംസ്ഥാനതല വികസന നേട്ടങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പും അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് ഇതിനകം തന്നെ പൊതുയോഗങ്ങളിലും മറ്റുമായി പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇതിനെല്ലാം രാഷ്ട്രീയമായി തന്നെ മറുപടി നൽകേണ്ടതുണ്ട്. അത് പറയാനും നിലപാടുകൾ വ്യക്തമാക്കാനും കൂടിയാവും കെ.സിയുടെ നാളത്തെ പ്രസംഗം.
"കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദ്രോഹങ്ങൾ തുറന്നുകാട്ടും. മണിപ്പുർ നിന്നുകത്തുന്നു. കേന്ദ്രം മണിപ്പുരിനെ വെട്ടിനുറുക്കി. സത്യം പറയുന്നവരെ കേന്ദ്രം ഇല്ലായ്മചെയ്യുന്നു. കേരളത്തിൽ കേസിൽ പ്രതിയാക്കുന്നു. കുടുംബഭദ്രതമാത്രം ഉറപ്പിക്കുന്ന ഭരണമാണ് ഇവിടെ നടക്കുന്നത്". ആദ്യഘട്ട പ്രചരണവേളയിൽ കെ.സി വേണുഗോപാൽ പറഞ്ഞ വാക്കുകളാണിത്.
കേന്ദ്ര രാഷ്ട്രീയത്തിലുപരി കേരളത്തിലെ സർക്കാർ വിരുദ്ധ വികാരം മുതലാക്കുകയാവും കോൺഗ്രസ് ലക്ഷ്യം. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ച ജീവനക്കാരിയെ മാറ്റിനിർത്തിയതുൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും വേറെയുണ്ട്. ഇതെല്ലാം യുഡിഎഫിന് ഗുണം ചെയ്യും.