/sathyam/media/media_files/2025/09/23/rahul-gandhi-071857835-16x9_0-2025-09-23-21-28-21.webp)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹൂൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ പ്രചരണയാത്ര നടത്താൻ കോൺഗ്രസ്.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി നടത്തിയ പദയാത്രകളുടെ മാതൃകയിലാണ് കേരളത്തിലും പ്രചരണ പരിപാടി ആസൂത്രണം ചെയ്യുന്നു.
പത്ത് കൊല്ലമായി കേരളത്തിൽ അധികാരത്തിന് പുറത്ത് നിൽക്കുന്ന കോൺഗ്രസിനെയും യു.ഡി.എഫിനെയും വീണ്ടും അധികാര സോപാനത്തിലേക്ക് കൈപിടിക്കുക എന്ന വലിയ ദൗത്യമേറ്റെടുത്താണ് രാഹുൽ ഗാന്ധി കേരളത്തിൽ രാഷ്ട്രീയ പ്രചരണയാത്ര നടത്താനൊരുങ്ങുന്നത്.
പാർട്ടിയിലെ ഏറ്റവും ജനപ്രീതിയുളള നേതാവിനെ തന്നെ കളത്തിലിറക്കികൊണ്ട് മൂന്നാമതും തുടർഭരണമെന്ന എൽ.ഡി.എഫിൻെറ വെല്ലുവിളിയെ തച്ചുതകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്ര ദേശിയ രാഷ്ട്രീയത്തിൽ അക്ഷരാർത്ഥത്തിൽ പാർട്ടിയുടെ തിരിച്ചുവരവായിരുന്നു.
മതന്യൂനപക്ഷ വിഭാഗങ്ങളിൽ അടക്കം നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാനും ലോകസഭാ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്താനും കോൺഗ്രസിനെ പാർട്ടിയെ പ്രാപ്തമാക്കിയത് കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ രാഹുൽ ഗാന്ധിയുടെ ഐതിഹാസികമായ ഭാരത് ജോഡോ യാത്രയായിരുന്നു.
അടുത്തിടെ ബിഹാറിൽ പൂർത്തിയായ വോട്ടർ അധികാർ യാത്രയും വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേ മാതൃക പിന്തുടർന്നാണ് കേരളത്തിലും നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണയാത്ര നടത്തുന്നത്.
20 ദിവസം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നു ചെല്ലുന്ന യാത്രയാണ് കോൺഗ്രസിൻെറ രാഷ്ട്രീയ ആസൂത്രണശാലയിൽ ഒരുങ്ങുന്നത്. ഒരോ ജില്ലകളിലെയും സവിശേഷ രാഷ്ട്രീയ - സാമൂഹിക - വികസന പ്രശ്നങ്ങളിൽ ഇറങ്ങിച്ചെല്ലുന്ന തരത്തിലാകും യാത്ര.
കാസർകോട്ട് എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നമാണെങ്കിൽ കണ്ണൂരിൽ മലയോര ജനത നേരിടുന്ന പ്രശ്നങ്ങളിലേക്ക് ആയിരിക്കും രാഹുൽ ഗാന്ധി കടന്നുചെല്ലുക.
വയനാട് നാണ്യവിളകളുടെ പ്രതിസന്ധിയാണെങ്കിൽ കോഴിക്കോട്ടും മലപ്പുറത്തും ജില്ലയിലെ ജനങ്ങൾ നേരിടുന്നു പ്രധാന പ്രശ്നത്തിലേക്ക് കേന്ദ്രീകരിക്കും.
പത്ത് കൊല്ലത്തെ പിണറായി ഭരണത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് രാഹുൽ ഗാന്ധി നടത്തുന്ന ഇടപെടൽ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാർജിക്കുന്നതിന് സഹായകമാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻെറ വിലയിരുത്തൽ.
കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ സമീപകാലത്ത് നടത്തുന്ന ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടലായിരിക്കും രാഹുൽ ഗാന്ധി നയിക്കുന്ന പ്രചരണയാത്ര എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
വയനാട് എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും മുഴുവൻ സമയവും രാഹുൽ ഗാന്ധിയോടൊപ്പം പ്രചാരണയാത്രയിൽ ഉണ്ടാകും.
തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ, പ്രമുഖ നേതാക്കൾ, ചലച്ചിത്ര താരങ്ങൾ, സംരംഭകർ, കർഷകർ തുടങ്ങി സമൂഹത്തിൻെറ എല്ലാ മേഖലകളിലുളളവരുടെയും പ്രാതിനിധ്യം രാഹുൽ ഗാന്ധിയുടെ പ്രചരണയാത്രയിൽ ഉണ്ടാകും.
കഴിഞ്ഞയാഴ്ച വയനാട്ടിൽ ക്യാംപ് ചെയ്ത പ്രിയങ്ക ഗാന്ധി വിവിധ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയത് പ്രചരണ യാത്രക്ക് പിന്തുണ തേടലാണെന്നും സൂചനയുണ്ട്.
ഏത് മേഖലയിൽ പ്രവർത്തിക്കുന്നവരായാലും അവരുടെ വൈദഗ്ധ്യവും പൊതു സ്വീകാര്യതയും മാത്രം പരിഗണിച്ച് അത്തരം വ്യക്തികളുമായി ബന്ധം വിളക്കിചേർക്കാനാണ് പ്രിയങ്ക വയനാട്ടിൽ ശ്രമിച്ചത്.
താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലം ഉൾപ്പെടുന്ന സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുളള ദൗത്യം പ്രിയങ്കയും ഏറ്റെടുത്തിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
2026 ജനുവരിയിലോ ഫെബ്രുവരിയിലോ പ്രചരണയാത്ര നടത്താനാണ് കോൺഗ്രസ് തയാറെടുക്കുന്നത്.ജനുവരിയിൽ യാത്ര തുടങ്ങിയാൽ നേരത്തെ ആയിപ്പോകില്ലേയെന്ന് നേതാക്കൾക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ പ്രചാരണയാത്ര മിക്കവാറും ഫെബ്രുവരിയിൽ നടത്താനാണ് സാധ്യത.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമേ യാത്ര എപ്പോൾ നടത്തണമെന്നതിൽ അന്തിമ തീരുമാനം ഉണ്ടാകുകയുളളുവെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രചരണയാത്രയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ദീപാദാസ് മുൻഷി കൊച്ചിയിലും, തിരുവനന്തപുരത്തും വീടുകൾ വാടയ്ക്ക് എടുത്തിട്ടുണ്ട്.കോഴിക്കോട്ടും വൈകാതെ വീട് വാടകക്ക് എടുക്കും.
ലോകസഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര സംബന്ധിച്ച കൂടിയാലോചനക്കായി എ.ഐ.സി.സിയുടെ മറ്റ് ജനറൽ സെക്രട്ടറിമാരും സംസ്ഥാനത്ത് എത്തും.