/sathyam/media/media_files/IhcgBtwqhfSJb1giDmKZ.jpg)
മുംബൈ: പവാർ കുടുംബത്തിൽ അജിതിന് ഇടവും സ്ഥാനവുമുണ്ട്. എന്നാൽ തിരിച്ചുവരാനൊരുങ്ങിയാൽ അദ്ദേഹത്തെ സ്വീകരിക്കണമോ എന്ന് പാർട്ടി നേതാക്കൾ തീരുമാനിക്കുമെന്ന് എൻ.സി.പി സ്ഥാപകൻ ശരത് പവാർ. മോശം കാലത്ത് ഒപ്പം നിന്ന നേതാക്കളുമായി വിഷയം സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ നിന്നും നേതാക്കൾ രാജിവെച്ച് പോകുന്നതിനിടെയാണ് അജിത് പവാർ തന്നെ, ശരത് പവാർ പക്ഷത്തേക്ക് മടങ്ങാൻ താത്പര്യപ്പെടുന്നുവെന്ന വാർത്തകളും സജീവമായത്. ഈ പശ്ചാതലത്തിലാണ് ശരത് പവാറിന്റെ പ്രതികരണം. എന്നെ കാണാതെ മടങ്ങില്ലെന്ന് പറഞ്ഞത് കൊണ്ടാണ് മന്ത്രി ഛഗൻ ഭുജ്ബലുമായി കൂടിക്കാഴ്ച നടത്തിയതെന്നും ശരത് പവാർ പറഞ്ഞു.
”എനിക്ക് അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ല. എന്നാൽ അദ്ദേഹം നിർബന്ധം പിടിച്ചപ്പോൾ കണ്ടു”- ശരത് പവാർ വ്യക്തമാക്കി. ഛഗൻ ഭുബൽ അജിത് പവാർ ക്യാമ്പ് വിടുന്നു എന്നാണ് ഈ കൂടിക്കാഴ്ചയോടെ പ്രചരിച്ചിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് അജിത് പവാർ പക്ഷത്തിന് തലവേദന സൃഷ്ടിച്ചത്. നിരവധി നേതാക്കൾ പാർട്ടി വിട്ട് തിരികെ ശരദ് പവാർ നേതൃത്വം നൽകുന്ന എൻ.സി.പിയിലേക്ക് തിരിച്ചുവന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച പാർട്ടിയിലെ നാല് മുതിർന്ന നേതാക്കൾ രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇവർ വരുംദിവസങ്ങളിൽ ശരദ് പവാറിന്റെ പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അജിത് പവാറിന്റെ നീക്കമാണ് 2023ൽ എൻ.സി.പിയുടെ പിളർപ്പിന് വഴിവെച്ചത്. ബി.ജെ.പിയോടൊപ്പം ചേർന്ന് ഏക്നാതഥ് ഷിൻഡെ സർക്കാറിൽ അജിത് പവാർ ഭാഗമാകുകയായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം പാർട്ടിയെ കൂടുതൽ പരുങ്ങലിലാക്കി.