/sathyam/media/media_files/2025/05/13/6RI6I2F27RG1nQb8fp3z.jpg)
തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി 'എ' ഗ്രൂപ്പ് രംഗത്ത്.
കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് എന്നിവർ ചേർന്ന് നേതൃത്വം നൽകുന്ന എ വിഭാഗം രാഹുലിനെ സംരക്ഷിക്കാനും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നിലപാടിനെ പൂർണ്ണമായും തള്ളാനുമാണ് ​ഗ്രൂപ്പ് തീരുമാനം.
രാഹുലിന്റെ മണ്ഡലത്തിലേക്കുള്ള വരവിന് മുമ്പ് തന്നെ നേതാക്കളുമായി ആശയവിനിമയം നടത്തി അവരുടെ ഉറപ്പ് വാങ്ങിയിരുന്നു.
ലൈംഗിക ആരോപണങ്ങളെ തുടർന്ന് പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുള്ള എം.എൽ.എയെ നേതാക്കൾ പൊതിഞ്ഞ് പിടിക്കുന്ന കാഴ്ച്ചയാണ് ഇന്ന് പാലക്കാട് കണ്ടത്.
കഴിഞ്ഞ മാസം 20ന് രാഹുൽ മാങ്കൂട്ടത്തിലിനതിരായ ആരോപണം പുറത്ത് വന്നതോടെ പ്രതിപക്ഷനേതാവ് കടുത്ത നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചത്. തുടർന്ന് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുലിന് പുറത്ത് പോകേണ്ടി വന്നു.
ഇതിന് പിന്നാലെയാണ് പാർലമെന്ററി പാർട്ടിയിൽ നിന്നും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്ത് മാറ്റി നിർത്താനും തീരുമാനിച്ചത്. എല്ലാ നേതാക്കൻമാരോടും ആശയവിനിമയം നടത്തിയാണ് കെ.പി.സി.സിയും പ്രതിപക്ഷനേതാവും നടപടികൾ സ്വീകരിച്ചത്.
നിലവിൽ അതിനെ തുരങ്കം വെയ്ക്കുന്ന നടപടികളാണ് ഇന്ന് പാലക്കാട്ട് അരങ്ങേറിയത്. രാഹുൽ മണ്ഡലത്തിൽ പ്രവേശിച്ചത് മുതൽ പാലക്കാട്ടെ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളടക്കം പിന്തുണ നൽകുകയായിരുന്നു.
കോൺഗ്രസ് നേതാവ് ബെന്നി ബഹനാനും ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പനും അടക്കമുള്ള നേതാക്കൾ രാഹുലിനെ ഏറെ അടുപ്പത്തോടെയാണ് അഭിവാദ്യം ചെയ്തത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി മുത്തലിബ് ഏറെ നേരം രാഹുലുമായി ചർച്ച നടത്തുകയും ചെയ്തു. പാർലമെന്ററി പാർട്ടിയിൽ നിന്നു പുറത്തായ ശേഷം ചേർന്ന നിയമസഭാ സമ്മേളനത്തിലും രാഹുൽ പങ്കെടുത്തിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ 38 ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്ന സേവിയറിന്റെ മരണപ്പെട്ട സഹോദരന്റെ ഭൗതിക ദേഹം സന്ദർശിക്കാനാണ് എത്തിയതെന്നും പറയപ്പെടുന്നു.
കഴിഞ്ഞ മാസം 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎൽഎ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല.
രാഹുൽ മെല്ലെ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുകയാണെന്നാണ് വിവരം. അതേസമയം രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.