ഖത്തറില്‍ മലയാളി ബാലിക സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഉള്‍പ്പെടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍ ! സ്കൂള്‍ ‍ഡ്രൈവര്‍മാരുടെയും ആയമാരുടെയും പുറംജോലിയും തുടര്‍ച്ചയായ ജോലിയെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണവും കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഗള്‍ഫിലെ സ്കൂളുകളില്‍ അപകടം പതിയിരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ഖത്തര്‍: ഖത്തറില്‍ മലയാളി ബാലിക സ്കൂള്‍ വാനിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോട്ടയം ചിങ്ങവനം സ്വദേശികളായ ദമ്പതികളുടെ മകള്‍ മിന്‍സ മറിയം ജേക്കബിന്‍റെ മരണം സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അലംഭാവവും വാന്‍ ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥയുമെന്നാണ് തെളിയുന്നത്. മാത്രമല്ല, ഉടനടി അധികൃതരുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വീണ്ടും സംഭവിച്ചേക്കാവുന്ന ചില പാളിച്ചകള്‍ കൂടി സംഭവത്തിലുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.

Advertisment

ലഭ്യമായ വിവരങ്ങള്‍ പ്രകാരം മിന്‍സാ മറിയത്തിന്‍റെ സ്കൂളില്‍ ഉള്‍പ്പെടെ ഖത്തറിലെ മിക്ക സ്കൂളുകളിലും സ്കൂള്‍ ബസിന്‍റെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവര്‍ ഈ ജോലിക്കു ശേഷം രാത്രി വൈകും വരെ യൂബര്‍, കരിം പോലുള്ള ടാക്സി സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിവരെ ടാക്സി ഓടിച്ച് പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും വന്നു ഉറങ്ങാന്‍ കിടക്കുന്ന ഇവര്‍ വീണ്ടും രാവിലെ 5 മണിക്ക് സ്കൂള്‍ ബസുമായി പുറത്തിറങ്ങി കുട്ടികളെ എടുത്ത് 7 മണിയോടെ സ്കൂളിലെത്തുകയാണ് ചെയ്യുന്നത്.

വീണ്ടും 12 മണിക്ക് കുട്ടികളെ തിരികെ വിടാന്‍ പോകുന്നതിനിടയിലുള്ള അല്‍പനേരമാണ് സ്കൂളിലെ വിശ്രമ മുറിയില്‍ ഇവര്‍ക്ക് ഉറങ്ങാന്‍ ലഭിക്കുന്ന സമയം. 12 മണിക്ക് കുട്ടികളെയുമായി സ്കൂളില്‍ നിന്നും പുറപ്പെട്ട് 2 മണിയോടെ കുട്ടികളെ വീട്ടില്‍ വിട്ട് സ്കൂള്‍ വാന്‍ തിരികെ ഏല്‍പിച്ച് വീണ്ടും ഇവര്‍ ടാക്സി ഓടാന്‍ പുറപ്പെടുകയാണ്. ഇതിനിടയില്‍ സ്വന്തം കാര്യം നോക്കാനും വീട്ടുകാര്യം നോക്കാനുമായി സമയം ചിലവഴിച്ചാല്‍ ഇവര്‍ക്ക് ഉറങ്ങാന്‍ ലഭിക്കുക നാലോ അഞ്ചോ മണിക്കൂറാണ്.

ഇങ്ങനെ വിശ്രമമില്ലാത്ത ജോലിക്കിടയിലാണ് ഇവര്‍ക്ക് ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട കുട്ടികളുടെ കാര്യത്തില്‍ പോലും അശ്രദ്ധ സംഭവിക്കുന്നത്. കുട്ടികളെയുമായി ബസ് സ്കൂളിലെത്തിയാല്‍ നന്നേ ക്ഷിണിച്ച ഇവര്‍ പിന്നെ പലതും മറക്കും. എങ്ങനെയും ബസ് പൂട്ടി മുറിയിലെത്താനാണ് പിന്നത്തെ ആലോചന.

publive-image

കുട്ടികളെ ഇറക്കിയാല്‍ ആദ്യം ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്‍റും (ആയ), പിന്നെ ഡ്രൈവറും വാഹനം പരിശോധിച്ച് കുട്ടികള്‍ എല്ലാവരും ഇറങ്ങി എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ബസ് യാര്‍ഡില്‍ വന്നാല്‍ വീണ്ടും ട്രാന്‍സ്പോര്‍ട്ട് കോ-ഓര്‍ഡിനേറ്ററും സെക്യൂരിറ്റിയും വാഹനം പരിശോധിക്കണം. ഇവര്‍ ഇതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പുവരുത്തുകയും വേണം. മാത്രമല്ല, ബസ് പൂട്ടി ഡ്രൈവര്‍ ഇറങ്ങിപ്പോകും മുന്‍പ് ഡ്രൈവര്‍ സീറ്റിലെ ഗ്ലാസ് തുറന്ന് താഴ്ത്തിയിടണം എന്നാണ് വ്യവസ്ഥ. അത് ബസിനകത്ത് വായു സഞ്ചാരം ഉണ്ടാകാനാണ്. അതെങ്കിലും ചെയ്തിരുന്നെങ്കില്‍ മിന്‍സ മറിയത്തിനു സംഭവിച്ചപോലെ അപകടം ഉണ്ടാകില്ലായിരുന്നു.

മിന്‍സ മറിയം പഠിച്ച അല്‍ വക്രയിലെ സ്പ്രിങ്ങ് ഫീല്‍ഡ് സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇത്രയും അനാസ്ഥകളാണ് സംഭവിച്ചത്. മാത്രമല്ല, ബസില്‍ ആയ ഉണ്ടായിരുന്നില്ലെന്നും സംശയമുണ്ട്. ആയ ഉണ്ടെങ്കില്‍ എല്ലാ കുട്ടികളും ഇറങ്ങും വരെ അവര്‍ അത് ശ്രദ്ധിക്കേണ്ടതാണ്.

മാത്രമല്ല ആയകളായി ജോലിചെയ്യുന്നവരും മേല്‍പ്പറഞ്ഞ രീതിയില്‍ സ്കൂള്‍ സമയം കഴിഞ്ഞാല്‍ ക്ലീനിംങ്ങ് പോലുള്ള പാര്‍ട്ട് ടൈം ജോലികള്‍ക്ക് പുറത്തു പോകുന്നവരാണ്. അതിന്‍റെ ്ക്ഷീണം അവര്‍ക്കും ഉണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയിലും ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കും എന്നതില്‍ സംശയമില്ല.

ഖത്തറില്‍ തന്നെ ഇതിനു മുമ്പും സ്കൂള്‍ ബസില്‍ കിടന്നുറങ്ങിയ കുട്ടി മരിക്കാനിടയായ സംഭവമുണ്ട്. അന്ന് കുട്ടിയെ വീട്ടിലിറക്കാതെ ബസ് സ്കൂളില്‍ തിരികെയെത്തിക്കുകയായിരുന്നു. ഖത്തര്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായിതന്നെ പരിശോധിക്കുന്നുണ്ട്.

Advertisment