കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ഒഴിവുവന്ന സീറ്റുകളിലേക്ക് എ എ റഹിം (സിപിഐ എം), ജെബി മേത്തർ ഹിഷാം (കോൺഗ്രസ്), സന്തോഷ് കുമാർ (സിപിഐ) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 3 ഒഴിവിലേക്ക് 3 സ്ഥാനാർഥികൾ മാത്രമായതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല.
രാജ്യസഭ തിരഞ്ഞെടുപ്പ് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും ഇതിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ച് സംശയമുണ്ടാകും. അതുസംബന്ധിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്.
ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ. രാജ്യസഭ എന്നാൽ സംസ്ഥാനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽപ്പെടും.
ആറുവർഷമാണ് അംഗങ്ങളുടെ കാലാവധി. മൂന്നിലൊന്നു അംഗങ്ങൾ ഓരോ രണ്ടുവർഷം കൂടുമ്പോഴും ആറുവർഷ കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്നു. പകരം അത്രയും പേർ പുതുതായി വരും. ഈ സഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്. ഇദ്ദേഹത്തിന്റെ അഭാവത്തിൽ സഭ നിയന്ത്രിക്കാനായി ഡപ്യൂട്ടി ചെയർമാനെ രാജ്യസഭയിൽ നിന്ന് തന്നെ തെരഞ്ഞെടുക്കും.
തിരഞ്ഞെടുപ്പ് രീതി
ജനങ്ങള്‍ക്ക് രാജ്യസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ടുചെയ്യാനാകില്ല. സംസ്ഥാന നിയമസഭാംഗങ്ങള്‍ക്കാണ് ഇവിടെ വോട്ടവകാശമുള്ളത്. ഓരോ സംസ്ഥാനത്ത് നിന്നുമുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. അതായത് കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തിന് കൂടുതല്‍ പ്രതിനിധികളുണ്ടാകുമെന്ന് അര്‍ത്ഥം. രാജ്യസഭയിലേക്ക് മൽസരിക്കാനുളള ചുരുങ്ങിയ പ്രായം 30 ആണ്.
കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍
ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍, പി.വി. അബ്ദുല്‍വഹാബ്, എളമരം കരീം, ബിനോയ് വിശ്വം, കെ. സോമപ്രസാദ്, എ.കെ. ആന്റണി, എംവി ശ്രേയാംസ്‌കുമാര്‍, ജോസ് കെ. മാണി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങള്‍. ഇതില്‍ സോമപ്രസാദ്, ആന്റണി, ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. ഇവരുടെ ഒഴിവിലേക്കാണ് ജെബി മേത്തര്‍, റഹീം, സന്തോഷ്‌കുമാര്‍ എന്നിവരെത്തുന്നത്.
അല്‍ഫോണ്‍സ് കണ്ണന്താനം, വി. മുരളീധരന്‍, സുരേഷ് ഗോപി, കെ.സി. വേണുഗോപാല്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങള്‍ ആണെങ്കിലും ഇവര്‍ നോമിനേറ്റഡ് അംഗങ്ങളാണ്. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്നും, കേന്ദ്രമന്ത്രി വി. മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. നടന്‍ സുരേഷ് ഗോപി നോമിനേറ്റഡ് അംഗമാണ് (രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്).