Advertisment

റിയാദിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭമായി

author-image
nidheesh kumar
New Update

publive-image

Advertisment

റിയാദ്: ഹരിതപതാക കൈകളിലേന്തി, ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ നേതാക്കൾക്കൊപ്പം അണിനിരന്നപ്പോൾ റിയാദിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭമായി.

ജീവന് തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ ഏഴര പതിറ്റാണ്ടിന്റെ ഐതിഹാസികമായ മുന്നേറ്റത്തിന് ശക്തി പകർന്ന് 75 ഹരിത പതാകകൾ ഉയർത്തിപ്പിടിച്ച് നടത്തിയ പ്രകടനം വേറിട്ട കാഴ്ചയായി.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി എക്സിറ്റ് 18ലെ യാനബി ഇസ്തറാഹയിൽ സംഘടിപ്പിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ വനിതകളടക്കം നിരവധി കെഎംസിസി പ്രവർത്തകരാണ് പങ്കാളികളായത്. വനിതാ കെഎംസിസി പ്രത്യേകം തയ്യാറാക്കിയ കേക്ക് സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡന്റ് അബ്ദുൽ മജീദ് മുറിച്ചു പ്രവർത്തകർക്ക് വിതരണം ചെയ്തു.

ടീം കരിവള, എൻകൊർ ഡാൻസ് അക്കാദമി കുട്ടികൾ അവതരിപ്പിച്ച ഒപ്പന ആകർഷകമായി. മുസ്ലിം ലീഗിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ടുള്ള ക്വിസ് മത്സരത്തിന് സലിം മാസ്റ്റർ ചാലിയം നേതൃത്വം നൽകി. കെഎംസിസി പ്രവർത്തകരായ ഗായകർ പാർട്ടി പാട്ടുകൾ പാടി സദസ്സിനെ കയ്യിലെടുത്തു. മുനീർ മക്കാനി, ഷഫീഖ് പരപ്പനങ്ങാടി, നിഷാദ് കണ്ണൂർ, അബ്ദുൽ അസീസ് പെരിന്തൽമണ്ണ, സൈഫുവളക്കൈ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

publive-image

പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ എസ്‌.വൈ. എസ്‌ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പൂർവ്വകാല നേതാക്കളുടെ ധൈക്ഷണികതയുടെയും ദീർഘവീഷണത്തിന്റെയും ഫലമാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. ജനാതിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് മാത്രമേ രാജ്യത്ത് ന്യുനപക്ഷ രാഷ്ട്രീയത്തിന് വേരോട്ടം നേടാൻ കഴിയുമെന്നുള്ള ഖാഇദെ മില്ലത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് ലീഗിനെ വളർത്തിയത്.

ഏത് പ്രതിസന്ധി ഘട്ടത്തിലും ന്യുനപക്ഷ സമുദായത്തെ സംരക്ഷിച്ച് നിർത്തുന്ന സുരക്ഷാ കവചമായി ലീഗ് മാറി. കേരളത്തിൽ ലീഗ് അതിന്റെ രാഷ്ട്രീയ അസ്ഥിത്വം ശക്തമായി നിലനിർത്തിയതിലൂടെ മുസ്ലിം സമുദായത്തിന്റെ പൊതുവേദിയായി മാറാൻ ലീഗിനായി. അതെ സമയം കറകളഞ്ഞ മതേതരത്വവും ഉയർന്ന ജനാധിപത്യബോധവും പാർട്ടി ഉയർത്തിപ്പിടിച്ചു.

കമ്മ്യുണിസ്റ്റ് പാർട്ടിയും പോഷക സംഘടനകളും ഉയർത്തിപ്പിടിക്കുന്ന ലിബറൽ ചിന്തയെയും പ്രവർത്തനങ്ങളെയും ശക്തമായി പ്രതിരോധിക്കാനും സംഘടിത നീക്കത്തിലൂടെ അതിനെ തിരുത്തിക്കാനും കഴിഞ്ഞത് ലീഗിന്റെ വിജയമാണ്. ലോകത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണ് കെഎംസിസിയെന്നും ജീവകാരുണ്യരംഗത്ത് കെഎംസിസി ചെയ്യുന്ന സേവനങ്ങൾ മഹത്തരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ട്രഷറർ യു.പി മുസ്തഫ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കബീർ വൈലത്തൂർ, കെ.ടി അബൂബക്കർ, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ സംസാരിച്ചു.

ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി അബ്ദുൽ മജീദ് കാളമ്പാടി നന്ദിയും പറഞ്ഞു. ഹാഷിഫ് കുണ്ടായിത്തോട് ഖിറാഅത്ത് നടത്തി. സിദ്ധീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, നൗഷാദ് ചാക്കീരി, സഫീർ പറവണ്ണ, സിദ്ധീഖ് തുവ്വൂർ, അബ്ദുറഹ്മാൻ ഫറോക്ക്, അക്ബർ വേങ്ങാട്ട് കൂടാതെ ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.

ചിത്രം : റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ നാസർ ഫൈസി കൂടത്തായി പ്രസംഗിക്കുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രകടനത്തിൽ നിന്ന്

Advertisment