ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ കളിച്ച രണ്ടു മത്സരങ്ങളും തോറ്റ് പുറത്താകലിന്റെ വക്കിലാണ് ഇന്ത്യ. മുന്‍ താരങ്ങളടക്കം നിരവധി പേരാണ് ഇന്ത്യയുടെ ടീം സെലക്ഷനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ ഷുഐബ് അക്തര്‍.
ഇന്ത്യന്‍ ടീമില്‍ രണ്ട് ക്യാംപുകളുണ്ടെന്നും ഒരു വിഭാഗം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പമുള്ളവരും മറ്റുള്ളവര്‍ കോലിക്കെതികെ നില്‍ക്കുന്നവരാണെന്നും യുട്യൂബ് വീഡിയോയില്‍ അക്തര്‍ ആരോപിച്ചു.
മഹാനായ കളിക്കാരനെന്ന നിലയില്‍ കോലിയെ ബഹുമാനിക്കാന്‍ എല്ലാവരും തയാറാവണമെന്നും ആദ്യ രണ്ട് മത്സരങ്ങളില്‍ ചില മോശം തിരുമാനങ്ങളെടുത്തു എന്നതിന്‍റെ പേരില്‍ അങ്ങനെ ചെയ്യാതിരിക്കരുതെന്നും അക്തര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ രണ്ട് ക്യാംപുകളുണ്ടെന്നത് സുവ്യക്തമാണ്. അതിലൊരു വിഭാഗം കോലിക്കൊപ്പവു മറ്റൊരു വിഭാഗം കോലിക്ക് എതിരെയുമാണ്. ടീം രണ്ടായി വിഭജിക്കപ്പെട്ടു കഴിഞ്ഞെന്ന് അക്തര്‍ പറയുന്നു.
ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ സമീപനത്തെയും അക്തര്‍ വിമര്‍ശിച്ചു. ടോസ് നഷ്ടമായതോടെ കളിക്കാരെല്ലാം നിരാശരായത് പോലെയായിരുന്നു. മോശം കളിയാണ് ഇന്ത്യ കിവീസിനെതിരേ പുറത്തെടുത്തതെന്നും അക്തര്‍ പറഞ്ഞു.