മുംബൈ: ഐഎസ്എല്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ പുകഴ്ത്തി ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. എതിരാളികളെ ഭയക്കാതെ ഏറ്റവും ഊർജസ്വലമായി കളിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ് എന്ന് സ്റ്റിമാച്ച് അഭിപ്രായപ്പെട്ടു. സഹൽ അബ്ദുൽ സമദ് പുറത്തെടുക്കുന്ന പ്രകടനത്തെയും കോച്ച് അഭിനന്ദിച്ചു.
'എനിക്കേറ്റവും പ്രിയപ്പെട്ട താരങ്ങളുടെ പേരു പറഞ്ഞാല്‍ സഹല്‍ തീര്‍ച്ചയായും അക്കൂട്ടത്തിലുണ്ടാകും. ആരും കാണാനാഗ്രഹിക്കുന്ന കളിയാണ് സഹലിന്റേത്. ഒടുവില്‍ സഹലിന് മികച്ചൊരു സീസണ്‍ ലഭിച്ചതില്‍ സന്തോഷം. വിദേശ താരങ്ങളുമായുള്ള സഹലിന്റെ മനപ്പൊരുത്തം എടുത്തുപറയേണ്ടതാണ്. ദേശീയ ടീമിനെ സംബന്ധിച്ചും സഹലിന്റെ പ്രകടനം വളരെ നല്ല വാര്‍ത്തയാണ്.' സ്റ്റിമാച്ച് വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് ടീമിലും വ്യക്തിപരമായി സഹൽ അബ്ദുൽ സമദിന്റെ പ്രകടനത്തിലും വരുത്തിയ മാറ്റങ്ങൾക്ക് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് സ്റ്റിമാച്ച് നന്ദി പറഞ്ഞു. ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് പുറത്തെടുക്കുന്ന തകർപ്പൻ പ്രകടനവും പരിശീലകൻ എടുത്തുപറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി മികച്ച പ്രകടനം പുറത്തെടുത്ത വിപി സുഹൈറിനേയും സ്റ്റിമാച്ച് അഭിനന്ദിച്ചു.