/sathyam/media/post_attachments/SmyVPKLVJ4btGr29MwHN.jpg)
മുംബൈ: 2014 മുതല്‍ 2021 വരെ തുടര്‍ച്ചയായി ആര്‍സിബിക്കു വേണ്ടി കളിച്ച യുസ്വേന്ദ്ര ചഹലിനെ 6.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് തിരികെയെത്തിച്ചത്. 2010ല്‍ രാജസ്ഥാന്റെ താരമായിരുന്നു ചഹല്‍. പക്ഷേ, അന്ന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.
ഇപ്പോഴിതാ, തന്നെ ടീമില്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍ പോലും ആര്‍സിബി സംസാരിച്ചിട്ടില്ലെന്നും, പണത്തിനു വേണ്ടിയല്ല താന്‍ ടീം മാറിയതെന്നും വെളിപ്പെടുത്തുകയാണ് ചഹല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചഹല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആർസിബിയുമായി എനിക്ക് വളരെ വൈകാരികമായ ബന്ധമാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ആരാധകരുമായി. മറ്റൊരു ടീമിനായി ഐപിഎലിൽ കളിക്കേണ്ടി വരുമെന്ന് കരുതിയിട്ടേയില്ല. , ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ച് ബാംഗ്ലൂർ ടീം എന്നോട് സംസാരിച്ചിട്ടുപോലുമില്ല. ബാംഗ്ലൂർ ടീമിന്റെ ആരാധകരെ എനിക്കെന്നും ഇഷ്ടമാണ്. ആർസിബിയിൽ തുടരാൻ താൽപര്യമുണ്ടോയെന്ന് അവർ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഉണ്ട് എന്ന് തന്നെ പറയുമായിരുന്നു. എന്നെ സംബന്ധിച്ച് പണത്തിന് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ'-ചഹല്‍ പറഞ്ഞു.