/sathyam/media/post_attachments/ZVv5htzAmZzXZOVU4RKF.jpg)
മുംബൈ: കളിച്ച എട്ടു മത്സരത്തിലും പൊട്ടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇഷാന്‍ കിഷന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് പഴയ ഫോമിന്റെ ഏഴയലത്ത് പോലും എത്താന്‍ സാധിക്കുന്നില്ല. ഇതില്‍ ഇഷാന്‍ കിഷന്റെ മോശം ഫോമാണ് ഏറ്റവും ശ്രദ്ധേയം.
ആദ്യ കളിയില്‍ 81 റണ്‍സുമായി ഇഷാന്‍ കിഷന്‍ ടോപ്‌സ്‌കോററായി. പക്ഷേ പിന്നീട് ഏഴ് കളികളില്‍ ആകെ നേടിയത് 118 റണ്‍സാണ്. ഞായറാഴ്ച ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി ടീമിനെ സമ്മര്‍ദത്തിലാക്കിയതും കിഷന്റെ ഇന്നിങ്‌സാണ്.
20 പന്ത് നേരിട്ട് ആകെ നേടിയത് എട്ട് റണ്‍സ്. ഇതല്ല ഇഷാന്‍ കിഷനില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നതെന്ന് കോച്ച് ജയവര്‍ധനെ മത്സര ശേഷം തുറന്നുപറഞ്ഞു. സ്വാഭാവിക ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം കിഷന് കൊടുത്തു. എന്നാല്‍ നാലഞ്ച് കളികളിലായി അതിനൊത്ത പ്രകടനമല്ല ഉണ്ടായതെന്ന് ജയവര്‍ധനെ ചൂണ്ടിക്കാട്ടി.
ബാറ്റിങ്ങിലെ മോശം ഫോമിനെക്കാളേറെ, ഇഷാന്റെ മാനസികാവസ്ഥയാണ് തന്നെ നിരാശപ്പെടുത്തുന്നതെന്നു മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ഷോട്ട് ബോൾ ഹെൽമെറ്റിൽ പതിച്ചത് ഇഷാനെ തകർത്തു കളഞ്ഞിരിക്കണം. ഇത് ശുഭസൂചനയല്ല. കാരണം മികച്ച ബൗൺസുള്ള ഓസ്ട്രേലിയയിലെയോ ദക്ഷിണാഫ്രിക്കയിലെയോ വിക്കറ്റുകളിൽ ഇഷാന് യാതൊന്നും ചെയ്യാനാകില്ല. ലോകകപ്പില്‍ ഹെഡ്‌ലൈറ്റിനു മുന്നിൽപ്പെട്ട മുയലിന്റെ അവസ്ഥയിലാകും ഇഷാനെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.
ഇഷാൻ കിഷന്റെ ബാറ്റ് പന്തിൽ കൊള്ളുന്നതേയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഒരു താരത്തിന്റെ ആത്മവിശ്വാസം ഇത്രയധികം താഴുമെന്നതു ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇഷാൻ ബാറ്റിങ്ങിൽ തപ്പിത്തടയുന്നതു കാണുമ്പോൾ കരച്ചിൽവരും. ഇഷാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഇഷാന്റെ നിർഭാഗ്യകരയമായ പുറത്താകൽ കൂടിയായപ്പോൾ കാര്യങ്ങൾ പരിസമാപ്തിയിലെത്തിയെന്ന് ചോപ്ര പറഞ്ഞു.