/sathyam/media/post_attachments/vKl2uQHoH4JDlqelNeQ4.jpg)
മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും, മലയാളി താരവുമായ സഞ്ജു സാംസണിന്റെ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും, കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ചില കളികളില്‍ എല്ലാ പന്തും ബൗണ്ടറി കടത്താനാണ് സഞ്ജു ശ്രമിക്കുന്നതെന്നും, സഞ്ജു കുറച്ചുകൂടി സമയം കണ്ടെത്തണമെന്നും ചോപ്ര പറഞ്ഞു.
സഞ്ജു 13 മത്സരങ്ങളിൽ നിന്ന് 29.92 ശരാശരിയിൽ 359 റൺസ് നേടിയിട്ടുണ്ട്. 153.42 സ്‌ട്രൈക്ക് റേറ്റ് ഉണ്ടെങ്കിലും രണ്ട് തവണ മാത്രമാണ് താരത്തിന് അർധ സെഞ്ച്വറി നേടാനായത്. സീസണിലെ നിർണായക മത്സരത്തിൽ ഇന്നു ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനിരിക്കെയാണ് സഞ്ജുവിന്റെ ശൈലിയെ വിമർശിച്ച് ചോപ്ര രംഗത്തെത്തിയത്.
“കഴിഞ്ഞ തവണ, സഞ്ജു ഈ മൈതാനത്ത് ബാറ്റ് ചെയ്തപ്പോള്‍ ഓരോ പന്തും ബൗണ്ടറി അടിക്കാനാണ് ശ്രമിച്ചത്. അത് അങ്ങനെ പ്രവർത്തിക്കുന്നില്ല, അതാണ് പ്രശ്നം. ഓരോ പന്തും ബൗണ്ടറിക്ക് ശ്രമിച്ചാല്‍ പെട്ടെന്ന് പുറത്താകേണ്ടി വരും. അതുകൊണ്ട് കുറച്ച് സമയം എടുക്കണം. ”-ചോപ്ര പറഞ്ഞു.
മെയ് 15ന് ബ്രാബോൺ സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടുമ്പോൾ 24 പന്തിൽ 32 റൺസ് നേടിയാണ് സാംസൺ പുറത്തായത്. ഷിമ്രോൺ ഹെറ്റ്‌മെയർ തിരിച്ചെത്തിയതിനാല്‍ സഞ്ജു മൂന്നാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.