അഹമ്മദാബാദ്: ഐപിഎല്ലിലെ ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റെങ്കിലും സമ്മാനദാന വിതരണത്തില്‍ രാജസ്ഥാന് സന്തോഷിക്കാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. ഓറഞ്ച് ക്യാപ്പടക്കം ആറ് അവാർഡുകൾ വാരിക്കൂട്ടി ഐപിഎല്ലിലെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് രാജസ്ഥാന്റെ ജോസ് ബട്ട്‌ലറാണ്.
ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം, ഫോറുകൾ നേടിയ താരം, ഏറ്റവും കൂടുതൽ റൺസ്, സീസണിലെ മികച്ച പവർ പ്ലെയർ, എന്നിങ്ങനെ പ്രധാനപ്പെട്ട അവാർഡുകൾ എല്ലാം ബട്ട്‌ലര്‍ സ്വന്തമാക്കി. ആറ് അവാര്‍ഡുകളാണ് ബട്‌ലറെ തേടിയെത്തിയത്.
ഐപിഎൽ സീസണിൽ മികവു പുലർത്തിയ താരങ്ങൾക്കുള്ള ആകെ സമ്മാനത്തുക ഒരു കോടി രൂപയാണ്. 10 ലക്ഷം രൂപ വീതമുള്ള 10 പുരസ്കാരങ്ങളാണ് അധികൃതർ നൽകുന്നത്. സൂപ്പർ സ്ട്രൈക്കർക്കുള്ള പുരസ്കാരം സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളും, ഫെയർപ്ലേ പുരസ്കാരമായി ടീമുകൾക്കു ട്രോഫിയുമാണു നൽകുന്നത.് ഇവ രണ്ടും ഒഴിച്ചുള്ള 10 പുരസ്കാരങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണു നൽകുക.
863 റണ്‍സ് നേടി സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍ വാരിക്കൂട്ടിയ താരമായി. ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ് ലഭിച്ച താരത്തിന് പത്ത് ലക്ഷം രൂപയാണ് ലഭിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരവും ബട്‌ലറാണ്. 45 സിക്‌സറുകളാണ് ബട്‌ലര്‍ ഈ സീസണില്‍ പറത്തിയത്.
ഇതിനും ലഭിച്ചു പത്ത് ലക്ഷം രൂപയുടെ അവാര്‍ഡ്. ഫോറുകളുടെ കാര്യത്തിലും ബട്‌ലറെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല. പത്ത് ലക്ഷം രൂപയുടെ അവര്‍ഡ് ഈ നേട്ടത്തിനും കിട്ടി. ഏറ്റവും കൂടുതല്‍ സിക്‌സറുകളും ഫോറുകളും അടിച്ചെടുത്തതിന് പുറമെ സീസണിലെ ഗെയിംചേഞ്ചറായതിനും ബട്‌ലര്‍ക്ക് പത്ത് ലക്ഷം രൂപയുടെ മറ്റൊരു അവാര്‍ഡ് കിട്ടി. സീസണിലെ പവര്‍ ഓഫ് ദി പ്ലയര്‍ ആയതിനാണ് അടുത്ത പത്ത് ലക്ഷം കിട്ടിയത്. സീസണിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പത്ത് ലക്ഷം കൂടി ലഭിച്ചതോടെ ആകെ ബട്‌ലറുടെ അക്കൗണ്ടില്‍ അറുപത് ലക്ഷം രൂപ വന്നു.
പർപ്പിൾ ക്യാപ്പ്, എമർജിങ് പ്ലെയർ, അതിവേഗ ബോളർ എന്നീ 3 പുരസ്കാരങ്ങള്‍ നേടാൻ തനിക്ക് ഒരു സാധ്യതയുമില്ലാത്തതുകൊണ്ട് മാത്രം ബട്ട്‌ലര്‍ക്ക് അത് ലഭിച്ചില്ല. സീസണിലെ ഏറ്റവും മികച്ച ക്യാച്ച് സ്വന്തമാക്കിയ താരത്തിനുള്ള പുരസ്‌കാരം മാത്രമാണ് ബട്ട്‌ലര്‍ക്ക് നേടാനാകാത്തത്.