കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിന് ഒരാഴ്ച മാത്രം ബാക്കി; ലേലപ്പട്ടികയിലെ താരങ്ങളില്‍ അമിത് മിശ്ര സീനിയര്‍; ലേലത്തിലെ അഞ്ച് മുതിര്‍ന്ന താരങ്ങള്‍ ഇവര്‍

New Update

publive-image

Advertisment

കൊച്ചി: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് ഇനി ഒരാഴ്ച മാത്രം ബാക്കി. ഡിസംബര്‍ 23ന് കൊച്ചിയിലാണ് താരലേലം. താലലേലത്തിന്റെ ചുരുക്കപ്പട്ടികയിലുള്ളത്‌ 405 താരങ്ങള്‍. തുടക്കത്തിൽ, 991 കളിക്കാരുടെ പ്രാരംഭ പട്ടികയിൽ നിന്ന് 10 ടീമുകൾ മൊത്തം 369 കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. കൂടാതെ, ടീമുകള്‍ പ്രത്യേകം ആവശ്യപ്പെട്ട 36 താരങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ചുരുക്ക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിലെ ഏറ്റവും പ്രായമേറിയ അഞ്ച് താരങ്ങള്‍ ഇവര്‍:

1. അമിത് മിശ്ര

1982 നവംബർ 24 ന് ജനിച്ച അമിത് മിശ്ര ഡിസംബർ 23 ന് കൊച്ചിയിൽ നടക്കുന്ന താരലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഏറ്റവും പ്രായം കൂടിയ താരമാണ്. തന്റെ കരിയറിൽ ഇതുവരെ കളിച്ച 244 ടി20 മത്സരങ്ങളിൽ നിന്ന് 7.14 ഇക്കോണമിയിൽ 272 വിക്കറ്റുകൾ ഈ 40കാരൻ നേടിയിട്ടുണ്ട്.

2. മുഹമ്മദ് നബി

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സൈൻ ചെയ്‌തിരുന്നെങ്കിലും ഈ അഫ്ഗാന്‍ ഓൾറൗണ്ടർക്ക് ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കാൻ ഒരു അവസരം പോലും ലഭിച്ചില്ല. 104 ടി20 മത്സരങ്ങളിൽ നിന്ന് 140.03 സ്‌ട്രൈക്ക് റേറ്റിൽ 1686 റൺസാണ് നബി നേടിയത്. 7.31 എന്ന എക്കണോമിയിൽ 84 വിക്കറ്റുകൾ വീഴ്ത്തി. ഫിറ്റ്‌നസ് പോരായ്മയും, ഫോമില്ലായ്മയുമാണ് 37 കാരനായ താരത്തെ ഇപ്പോള്‍ അലട്ടുന്നത്.

3. ഡേവിഡ് വീസ്

1985 മെയ് 18 ന് ജനിച്ച ഡേവിഡ് വീസ് തന്റെ ഭൂരിഭാഗം സമയവും ദക്ഷിണാഫ്രിക്കയിൽ കളിച്ചെങ്കിലും അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നമീബിയക്ക് വേണ്ടി കളിക്കാൻ തുടങ്ങി. മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പ്രതിനിധീകരിച്ച് ലീഗിൽ 15 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

4. സിക്കന്ദർ റാസ

അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്കന്ദർ റാസയുടെ മികച്ച പ്രകടനങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2022. 1986 ഏപ്രിൽ 24ന് ജനിച്ച റാസ സിംബാബ്‌വെയ്‌ക്കായി 66 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 128.86 സ്‌ട്രൈക്ക് റേറ്റിൽ 1259 റൺസ് നേടിയിട്ടുണ്ട്. 7.18 എന്ന എക്കോണമിയിൽ 38 വിക്കറ്റുകളും നേടി. ഈ താരലേലത്തില്‍ താരത്തിനായി ശക്തമായ ലേലം പ്രതീക്ഷിക്കാം.

5. ക്രിസ്റ്റ്യാൻ ജോങ്കർ

36 കാരനായ ഓൾ റൗണ്ടർ ക്രിസ്റ്റ്യാൻ ജോങ്കർ 1986 സെപ്റ്റംബർ 24 ന് ദക്ഷിണാഫ്രിക്കയിലെ റസ്റ്റൻബർഗിലാണ് ജനിച്ചത്. 2018 ൽ ഇന്ത്യയ്‌ക്കെതിരെ ടി20 അരങ്ങേറ്റം കുറിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ആഭ്യന്തര ക്രിക്കറ്റില്‍ 121 ടി20 മത്സരങ്ങളില്‍ നിന്ന് 2333 റൺസ് നേടിയിട്ടുണ്ട്.

Advertisment