കഷ്ടപ്പാടുകളുടെ കുട്ടിക്കാലം, പിന്നെ കാല്‍പന്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച ഇതിഹാസത്തിലേക്കുള്ള യാത്ര! പെലെ അരങ്ങൊഴിയുമ്പോള്‍

New Update

publive-image

കായിക ലോകത്തിന് കനത്ത നഷ്ടം സമ്മാനിച്ചാണ് 2022 വിടവാങ്ങുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയാണ് ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കെ ഈ ഭൂമിയില്‍ നിന്ന് യാത്രയാകുന്നത്. 82-ാം വയസിലാണ് ഈ ഇതിഹാസത്തിന്റെ വിയോഗം.

Advertisment

1940 ഒക്‌ടോബർ 23-ന് ബ്രസീലിലെ മിനാസ് ഗെറൈസിലെ ട്രെസ് കോറാസെസിൽ ഫ്ലുമിനെൻസ് ഫുട്‌ബോൾ താരം ഡോണ്ടിഞ്ഞോയുടെയും സെലസ്‌റ്റെ അരാന്റേസിന്റെയും മകനായി പെലെ ജനിച്ചു. എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ എന്നാണ് യഥാര്‍ത്ഥ നാമം.

'പെലെ'യുടെ തുടക്കം

സ്‌കൂള്‍ കാലഘട്ടത്തിലാണ് 'പെലെ' എന്ന പേര് ലഭിച്ചത്. സാവോ പോളോ സംസ്ഥാനത്തിലെ ബൗറുവിൽ ദാരിദ്ര്യത്തിലാണ് പെലെ വളർന്നത്.കുട്ടിക്കാലത്ത് ടീ ഷോപ്പുകളില്‍ ജോലി ചെയ്തും, ഷൂ പോളിഷ് ചെയ്തും മറ്റുമാണ് പെലെ വരുമാനം കണ്ടെത്തിയിരുന്നത്.

15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956-ലായിരുന്നു അത്. 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്.

ലോകകപ്പിലെ ജൈത്രയാത്ര

1957 ജൂലായ് ഏഴിന് അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി. കാല്‍പ്പന്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഇതിഹാസത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. 1958-ല്‍ ലോകകപ്പില്‍ അരങ്ങേറി. 1958 ഫിഫ ലോകകപ്പിലെ ആദ്യ റൗണ്ടിലെ മൂന്നാം മത്സരത്തിൽ സോവിയറ്റ് യൂണിയനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മത്സരം.

കാല്‍മുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെയുടെ സാന്നിധ്യത്തില്‍ ബ്രസീൽ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി. ആദ്യം 1958ൽ, പിന്നെ 1962ൽ, ഒടുവിൽ 1970ൽ.

മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിൻറെ താരമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.

1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. പ്രൊഫഷണല്‍ കരിയറില്‍ സാന്റോസ് ക്ലബ്, ന്യുയോര്‍ക്ക് കോസ്‌മോസ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു.

ഫിഫാ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓർഡർ ഓഫ് മെറിറ്റ്: 2004, ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്ബോളർ: 1973, ഫിഫാ ലോകകപ്പ് മികച്ച കളിക്കാരൻ: 1970, ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958 തുടങ്ങിയ ബഹുമതികളും ഈ ഇതിഹാസത്തിന് സ്വന്തം.

Advertisment